
യു.എ.ഇ ഇന്ത്യയിൽ 500 കോടി
യു.എസ് ഡോളർ നിക്ഷേപിക്കും
2 മണിക്കൂർ നേരത്തെ ഹ്രസ്വ സന്ദർശനം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യവും ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധിയും നിലനിൽക്കുന്നതിനിടെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകീയ വരവേൽപ്പാണ് യു.എ.ഇ നൽകിയത്. മോദി സഞ്ചരിച്ച വിമാനം യു.എ.ഇ വ്യോമപാതയിൽ കടന്നതോടെ, അവിടത്തെ വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനങ്ങൾ അബുദാബി രാജ്യാന്തര വിമാനത്താവളം വരെ അകമ്പടി സേവിച്ചു. യു.എ.ഇ പ്രസിഡന്റ് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇതു ഇന്ത്യൻ ജനതയോടുള്ള ആദരവാണെന്നും യു.എ.ഇ തന്റെ രണ്ടാമത്തെ വീടാണെന്നും മോദി പ്രതികരിച്ചു. സഹോദരതുല്യമായ സ്നേഹമാണിത്. ഇന്ത്യയിലേക്ക് യു.എ.ഇ പ്രസിഡന്റിനെ ക്ഷണിച്ചു. 2 മണിക്കൂർ നേരത്തെ ഹ്രസ്വ സന്ദർശനമായിരുന്നു. പ്രതിരോധം, ഊർജ്ജം,വ്യാപാരം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ സുപ്രധാന ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും ഒപ്പിട്ടു. യു.എ.ഇയ്‌ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ മോദി ശക്തമായി അപലപിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസമില്ലാതെ നീങ്ങേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയ്‌ക്ക് മുതൽക്കൂട്ട്
ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയിൽ 100 കോടി യു.എസ് ഡോളർ വരെയുള്ള നിക്ഷേപ സാദ്ധ്യതകൾ പരിശോധിക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടിയും ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും കൈകോർത്തു. എമിറേറ്റ്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക്, ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിൽ 300 കോടി യു.എസ് ഡോളർ നിക്ഷേപിക്കും. ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇന്ത്യയിലെ സമ്മാൻ ക്യാപിറ്റലിൽ 100 കോടി യു.എസ് ഡോളർ നിക്ഷേപിക്കും.തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള ചട്ടക്കൂട് രൂപീകരിച്ചു. സിഡാക്കും യു.എ.ഇയിലെ ജി42ഉം തമ്മിലുള്ള പങ്കാളിത്തത്തോടെ 8 എക്‌സാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള ടേം ഷീറ്റും തയ്യാറാക്കി.
വാഡിനാറിൽ കപ്പൽ
അറ്റകുറ്റപ്പണി ക്ലസ്റ്റർ
ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും, ഡ്രൈഡോക്സ് വേൾഡും ധാരണാപത്രത്തിൽ ഒപ്പിട്ടു. മാരിടൈം ഡെവലപ്പ്മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിൽ ഓഫ്ഷോർ ഫാബ്രിക്കേഷൻ ഉൾപ്പെടെ ഇവിടെ സജ്ജമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |