SignIn
Kerala Kaumudi Online
Saturday, 16 May 2026 1.43 AM IST

ഉന്നാവ് പീഡനക്കേസ്, കുൽദീപിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

e

അപ്പീലിൽ ഹൈക്കോടതി 2 മാസത്തിനകം തീരുമാനമെടുക്കണം

ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതി കുൽദീപ് സിംഗ് സെൻഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഡൽഹിയിലെ വിചാരണക്കോടതി ബി.ജെ.പി മുൻ എം.എൽ.എയായ സെൻഗറിന് ജീവപര്യന്തം കഠിനതടവാണ് വിധിച്ചിരുന്നത്. ഇത് സസ്‌പെൻഡ് ചെയ്‌ത ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷയ്‌ക്കെതിരായ സെൻഗറിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിൽ പരമാവധി രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സാദ്ധ്യമായില്ലെങ്കിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്ന അപേക്ഷയിൽ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണം. പോക്‌സോ നിയമത്തിലെ 'പൊതുപ്രവർത്തകൻ" എന്ന വാക്കിന്റെ പരിധിയിൽ എം.എൽ.എ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഈനിയമം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്താനാണെന്നും ഓർമ്മപ്പെടുത്തി.

വിവാദ കേസ്


ഹൈക്കോടതി നടപടിക്കെതിരെ ഇരയും കുടുംബവും രംഗത്തെത്തിയിരുന്നു. രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവ് എം.എൽ.എയായിരിക്കെ സെൻഗറും കൂട്ടാളികളും 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സി.ബി.ഐ കേസ്. ശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു. വൻവിവാദമായതോടെ അലഹബാദ് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സെൻഗർ അറസ്റ്റിലായത്. 2019 ജൂലായിൽ കാറിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അതിജീവിതക്ക് ഗുരുതര പരിക്കേറ്റിരുന്നു. 2019 ആഗസ്റ്റിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം പെൺകുട്ടിക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി. കേസുകൾ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. 2019 ഡിസംബറിലാണ് ഡൽഹിയിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360