SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

ഡോവലിനെ കണ്ട് ചൈനീസ് ഉപദേഷ്ടാവ്, അതിർത്തി തർക്കം പരിഹരിക്കാൻ ധാരണ

w

ബ്രിക്‌സ് സമ്മേളനത്തിനിടെ ചർച്ച

ന്യൂഡൽഹി: നിലവിലുള്ള സൗഹൃദ, നയതന്ത്ര ബന്ധത്തെ ബാധിക്കാത്ത വിധം അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യ- ചൈന ധാരണ.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമായ വാങ് യിയും നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഡൽഹിയിൽ ഇന്നലെ സമാപിച്ച 16-ാമത് ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനിടെയാണ് ചർച്ച നടന്നത്.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇരുവരും അറിയിച്ചു. അയൽക്കാരും ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുമായ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണം വേണമെന്ന് വാങ് യി വ്യക്തമാക്കി. അതിർത്തി വിഷയത്തിലുള്ള ഭിന്നതകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. കാതലായ താത്‌പര്യങ്ങൾ പരസ്പരം ബഹുമാനിക്കുകയും നിർണായക വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യുകയും വേണം. അതിർത്തി പ്രശ്‌നം ഉചിതമായ രീതിയിൽ പരിഹരിച്ചാൽ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ല. ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ പൊതുജനാഭിപ്രായം വേണം. സാമൂഹിക അടിത്തറ സ്ഥാപിക്കുന്നതിന് ഇരുപക്ഷവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയ്‌ക്ക് ചൈനയുടെ പിന്തുണ വാങ് യി വാഗ്‌ദാനം ചെയ്‌തു. ബ്രിക്‌സ് സംവിധാനത്തിന്റെ വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയുമായി കൈകോർക്കും.

ഹോർമുസ് തുറക്കുന്നത്

സ്വാഗതാർഹം: ഡോവൽ

ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ആഗോള ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട സ്വാഗതാർഹമായ നീക്കമാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച അജിത് ഡോവൽ ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ തടസങ്ങൾ നീങ്ങുന്നത് വളം, രാസവസ്തുക്കൾ തുടങ്ങിയവയുടെ ക്ഷാമം പരിഹരിക്കും. ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിൽ ബ്രിക്‌സിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AJITHDOVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360