ന്യൂഡൽഹി: ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്കെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധം.
200ലധികം വൈസ് ചാൻസലർമാർമാരും മുൻ വൈസ് ചാൻസലർമാരും അക്കാഡമിക് വിദഗ്‌ദ്ധരും പ്രതിഷേധിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പരീക്ഷാ പരിഷ്കാരങ്ങൾക്കുള്ള ടാസ്‌ക് ഫോഴ്‌സ് അംഗമായ പ്രൊഫ.വി. കാമകോടിയെ 'ഗോമൂത്ര വിദഗ്ദ്ധൻ' എന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇത്തരം പരാമർശങ്ങൾ ഇന്ത്യയുടെ അക്കാഡമിക്, ഗവേഷണ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കാട്ടി അവർ തുറന്ന കത്ത് പങ്കുവച്ചു.
ശാസ്ത്രജ്ഞർ, പണ്ഡിതന്മാർ, അദ്ധ്യാപകർ എന്നിവർക്ക് ഭയമില്ലാതെ പൊതുചർച്ചകളുടെ ഭാഗമാകാനുള്ള അർഹതയുണ്ട്. അവരുടെ കഴിവിനെ അവഗണിച്ചുകൊണ്ട് തരം താഴ‌്‌ത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. കഴിവുള്ള വ്യക്തിയെ അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ പേരിൽ ഒരു ലേബൽ പതിപ്പിച്ച് പുറത്താക്കാൻ ശ്രമിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ശാസ്‌ത്രമനോഭാവത്തെ ദുർബലപ്പെടുത്തുന്നതാണ്.
പ്രൊഫസർ കാമകോടി ഇന്ത്യയിലെ മുൻനിര സ്ഥാപനമായ ഐ.ഐ.ടി മദ്രാസിന്റെ തലവനാണ്. കമ്പ്യൂട്ടർ സയൻസിൽ എം.എസ്, പിഎച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്. 150 ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 50ലധികം ഗവേഷണ-വികസന പദ്ധതികളിൽ പങ്കാളിയായി. നിരവധി ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇൻഡസ്ട്രി ഗ്രേഡ് മൈക്രോ പ്രൊസസറിന് പിന്നിലെ വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും കത്തിൽ പറയുന്നു. ലോക്സഭയിൽ നടന്ന പൊതുപ്രവേശന പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ചർച്ചയ്‌ക്കിടെയായിരുന്നു പ്രിയങ്കയുടെ വിവാദ പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |