SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

ഒരു കോടി യുവതയ്ക്ക് എ.ഐ പരിശീലനം,​ സ്വാതന്ത്ര്യ ദിനത്തിൽ മോദിയുടെ ജെൻസി പ്രഖ്യാപനം

READ ENGLISH VERSION

narenrd-modi-
നരേന്ദ്രമോദി

  • മത്സര പരീക്ഷകൾക്ക് സൗജന്യ കോച്ചിംഗ്
  • സ്‌പോർട്‌സ് ടാലന്റ് ഹണ്ട്
  • സിവിൽ ഡിഫൻസ് സന്നദ്ധസേന​

ന്യൂ‌ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജെൻസികളെ ആകർഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകോടി യുവതീയുവാക്കൾക്ക് എ.ഐയിൽ പരിശീലനം നൽകും. മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് ക്ലാസുകൾ. രാജ്യസുരക്ഷയ്ക്ക് സിവിൽ ഡിഫൻസ് സന്നദ്ധസേന രൂപീകരിക്കുമെന്നും ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള ജെൻസി പ്രക്ഷോഭം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ കലാശിച്ചത് കേന്ദ്രത്തിന് ഏറെ ക്ഷീണം വരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ,​ യുവതയെ മുൻനിറുത്തിയുള്ള പ്രഖ്യാപനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

കായികരംഗത്ത് ഇന്ത്യയെ വൻ ശക്തിയാക്കും. ഇതിന്റെ ഭാഗമായി 5- 15 വയസിനിടയിലുള്ള പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ 'സ്‌പോർട്സ് ടാലന്റ് ഹണ്ട്" പദ്ധതിയും പ്രഖ്യാപിച്ചു. ലഹരിമുക്ത യുവ അഭിയാന് ഊന്നൽ നൽകും. സെൻസസ് വിവരങ്ങൾ നൽകാൻ യുവജനങ്ങൾ മാതാപിതാക്കളെ സഹായിക്കണം.

തുടർച്ചയായ 13-ാം വർഷമാണ് മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നത്. 78 മിനിട്ട് നീണ്ട പ്രസംഗത്തിൽ 'മേരെ പ്യാരെ ദേശ്‌വാസിയോം" 40 തവണ ഉപയോഗിച്ചു. ചെങ്കോട്ടയിൽ ഇതാദ്യമായി വന്ദേമാതരം പൂർണ രൂപത്തിൽ അവതരിപ്പിച്ചു.

വികസിത ഇന്ത്യയ്ക്ക്

'സപ്‌തധാര"

2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ 'സപ്‌തധാര" കർമ്മപദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉത്പാദനം,​ കൃഷി,​ സാങ്കേതിക വിദ്യ,​ ഗതിശക്തി,​ പ്രതിരോധം, ഗ്രീൻ ആൻഡ് ബ്ലൂ ഇക്കോണമി,​ ഇന്ത്യൻ സോഫ്റ്റ് പവർ​ എന്നിവയാണ് സപ്‌തധാരയിൽ ഉൾപ്പെടുന്നത്. ലക്ഷ്യത്തിലെത്താൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രാജ്യം വേഗം സ്വയം പര്യാപ്‌തമാകണം. 40ൽപ്പരം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു. ഇത് സംരംഭകമേഖലയ്‌ക്ക് ഊർജ്ജമായി. കേരളത്തിലെ ചെമ്മീൻ ഉൾപ്പെടെ സമുദ്ര വിഭവങ്ങളുടെ കയറ്റുമതി വ‌ർദ്ധിപ്പിക്കേണ്ടതുണ്ട്.

8 സെമികണ്ടക്‌ടർ

നിർമ്മാണ പ്ലാന്റ്

 അടുത്ത 2 വർഷത്തിനുള്ളിൽ 8 സെമികണ്ടക്‌ടർ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കും

 2047ൽ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക ലക്ഷ്യം

 പുതിയ ആണവ റിയാക്‌ടറുകൾ അടുത്ത 7 വർഷത്തിനകം സ്ഥാപിക്കും

 ലോകത്തെ പ്രധാന ബാങ്കുകളിൽ 5 എണ്ണമെങ്കിലും ഇന്ത്യയുടേതാവണം

 ലോകത്തെ ഏറ്റവും വലിയ 5 മരുന്നു നിർമ്മാണ കമ്പനികളിലൊന്നും നമ്മുടേതാവണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAMO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360