SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ചു: മോദി

k

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ചിലർ കള്ളം പ്രചരിപ്പിച്ചു. പെട്രോൾ, ഗ്യാസ്, വളം ക്ഷാമമുണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ സർക്കാർ ആ വെല്ലുവിളികളെ നേരിട്ടു. ചിലർ എ.സി മുറികളിലിരുന്ന് ആഗോളവത്കരണത്തെ കുറിച്ച് ക്ലാസെടുക്കുന്നു. അതിനി വിലപ്പോവില്ല.

ഓരോ രാജ്യവും അവരുടേതായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം കൊണ്ടുവരുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്‌ക്കണം. കാലഘട്ടത്തിന്റെ ആവശ്യമാണത്. അതിന്റെ ക്രെഡിറ്റ് നിങ്ങളെടുത്തോളൂ.

മാവോയിസ്റ്റ് മുക്ത ഇന്ത്യ കെട്ടിപ്പടുക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല. ആയുധമെടുത്തവർ ദുർബലരായെങ്കിലും ആശയപരമായ വെല്ലുവിളികൾ നിലനിൽക്കുന്നു. 'മെന്റൽ മാവോയിസ്റ്റുകളെ' ഒറ്റപ്പെടുത്തണം. നക്‌സൽ വേട്ടയിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ മോദി അനുസ്‌മരിച്ചു.

അതേസമയം, തുടർച്ചയായ രണ്ടാം വർഷവും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചെങ്കോട്ടയിലെത്തിയില്ല. പദവിക്ക് അനുസരിച്ചുള്ള സീറ്റ് ലഭിച്ചില്ലെന്നാണ് പരാതി. 2024ൽ രാഹുലിന് മൂന്നാമത്തെ നിരയിലാണ് ഇരിപ്പിടം നൽകിയിരുന്നത്.

വികസിത ഭാരതത്തിന്
ഏഴിന കർമ്മപദ്ധതി

സ്വാതന്ത്ര്യലബ്‌ധിയുടെ 100-ാം വർഷമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക പധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന ലക്ഷ്യമാണ്. 140 കോടി ജനതയുടെ കഠിനപ്രയത്നത്തിലൂടെ വിജയം കാണുമെന്ന് ചെങ്കോട്ടയിൽ മോദി ഇന്നലെ പ്രഖ്യാപിച്ചു. ഇതിനായി അവതരിപ്പിച്ച 'സപ്‌തധാര' ബ്ളൂപ്രിന്റും ശ്രദ്ധായമായി.

സപ്‌തധാര വകസനം

1. ഉത്പാദനം

ഉത്പന്നങ്ങളുടെ ഡിസൈൻ മുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നതു വരെയുള്ള ശൃംഖല

2. കൃഷി,​ ഭക്ഷ്യ സംസ്കരണം

കൃഷിയിടം മുതൽ കയറ്റുമതി വരെയുള്ള സംയോജിത വിതരണ ശൃംഖല

3. സാങ്കേതികവിദ്യയും നവീകരണവും

എ.ഐ, ക്വാണ്ടം സാങ്കേതികവിദ്യ,ബഹിരാകാശം,റോബോട്ടിക്സ് എന്നിവയിൽ ലോകത്തെ നയിക്കാനാകണം

4. ഗതിശക്തി

നഗരങ്ങൾ,ദേശീയപാതകൾ,റെയിൽവേ,വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ലോജിസ്റ്റിക്സ് ശൃംഖല

5. പ്രതിരോധം

ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ കൂടുതൽ പ്രാവീണ്യം നേടി ആധുനിക ആയുധ കയറ്റുമതി വർദ്ധിപ്പിക്കണം

6. ഗ്രീൻ ആൻഡ് ബ്ലൂ ഇക്കോണമി

ഗ്രീൻ ഹൈഡ്രജൻ,പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഊർജ്ജ സംഭരണം എന്നിവയിലൂടെ സുസ്ഥിര വികസനം. സമുദ്ര ശേഷി പൂർണമായ തോതിൽ ഉപയോപ്പെടുത്തൽ

7. ഇന്ത്യയുടെ സോഫ്റ്റ് പവർ

ഗെയിമിംഗ്, വി.എഫ്. എക്സ്, ആനിമേഷൻ എന്നിവയിൽ ഒന്നാംസ്ഥാനത്ത് എത്തുക ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360