SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേൽക്കും, പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം

READ ENGLISH VERSION
suvendu-adhikari

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി‌ ചുമതലയേൽക്കും. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് സുവേന്ദു ചുമതലയേൽക്കുന്നത്. നിലവിൽ പ്രതിപക്ഷ നേതാവാണ്.

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സർക്കാർ നാളെ രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. സത്യപ്രതിജ്ഞയ്‌ക്കുശേഷം പുതിയ മുഖ്യമന്ത്രി പഴയ റൈറ്റേഴ്സ് ബിൽഡിംഗിലെ ഓഫീസിലാണ് ചുമതലയേൽക്കുക. മമതാ ബാനർജി ഈ ഓഫീസ് ഒഴിവാക്കിയിരുന്നു.

ബംഗാളിൽ ബിജെപിയുടെ നേട്ടവും തൃണമൂലിന്റെ നഷ്‌ടവുമാണ് സുവേന്ദു അധികാരി. 2016ൽ ബംഗാളിൽ മൂന്ന് സീറ്റുമാത്രം നേടിയ ബിജെപിക്ക് അവിടെ ശക്തനായ നേതാവിനെ ആവശ്യമായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ കണ്ടെത്തിയത് സുവേന്ദുവിനെയാണ്.

മമത ബാനർജിയെപ്പോലെ കോൺഗ്രസിൽ നിന്നാണ് സുവേന്ദുവിന്റെയും രാഷ്‌ട്രീയ അരങ്ങേറ്റം. തൃണമൂൽ രൂപീകരിച്ച പ്രമുഖരിലൊരാളാണ് അദ്ദേഹം. ബംഗാളിൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച നന്ദിഗ്രാം സമരത്തിന് നേതൃത്വം നൽകിയത് സുവേന്ദുവാണ്. പിന്നീട് മമതയുടെ വിശ്വസ്‌തനായി. സുവേന്ദുവിന്റെ രാഷ്ട്രീയ കരിയർ കുതിച്ചു.

2006ൽ കാന്തി മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ലക്ഷ്മൺ സേത്തിനെ 1.7 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014ൽ സീറ്റ് നിലനിറുത്തി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബങ്കുര, പുരുലിയ,​ മാവോയിസ്റ്റ് ബാധിത വെസ്റ്റ് മിഡ്‌നാപൂർ,​ കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മുർഷിദാബാദ്, മാൾഡ ജില്ലകളിൽ തൃണമൂലിനെ വളർത്തി. 2016ൽ നന്ദിഗ്രാമിൽ നിന്ന് ജയിച്ച് മന്ത്രിയായി.

മമത മരുമകൻ അഭിഷേക് ബാനർജിയെ പാർട്ടിയിലെ രണ്ടാമനായി ഉയർത്തുന്നതിലെ നിരാശ സുവേന്ദുവിനുണ്ടായിരുന്നു. മുഖ്യമന്ത്രി പദം,​ ശാരദാ ചിറ്റ് ഫണ്ട് അഴിമതിയടക്കമുള്ള കേസുകളിൽ നിന്നുള്ള മോചനം തുടങ്ങിയ ഓഫർ സ്വീകരിച്ചാണ് സുവേന്ദു 2020ൽ ബിജെപിയിലെത്തിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് മമതയും സുവേന്ദുവുമായുള്ള നേർക്കുനേർ പോരാട്ടമായിരുന്നു. സിറ്റിംഗ് സീറ്റായ ഭവാനിപ്പൂർ വിട്ട് സുവേന്ദുവിന്റെ തട്ടകമായ നന്ദിഗ്രാമിൽ മത്സരിച്ച് മമത തോറ്റു. തൃണമൂൽ അധികാരത്തിൽ തുടർന്നു. 77 സീറ്റുകളിൽ ബിജെപിയെ മുന്നിലെത്തിച്ചത് സുവേന്ദുവാണ്. 55കാരനായ സുവേന്ദു അവിവാഹിതനാണ്. പിതാവ് സിസിർ അധികാരി കാന്തിയിൽ നിന്നുള്ള ലോക്‌സഭാംഗവും ഒന്നാം യുപിഎ സർക്കാരിൽ മന്ത്രിയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUVENDU ADHIKARI, WESTBENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360