മുംബയ് : മകളുടെ വിദ്യാഭ്യാസത്തിനുള്ള പണത്തിനായി ചെരുപ്പില്ലാതെ മാരത്തണിൽ ഓടി വിജയിച്ച് 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മത്സരത്തിൽ ഒന്നാമതെത്തിയ രമാബായ് റൺവീറിന് 3,000 രൂപ സമ്മാനമായി ലഭിച്ചു. മകളുടെ പഠനത്തിന് ഈ തുക ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു.
അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'അമൃത് ദൗഡ്' മാരത്തണിലാണ് രമാബായ് പങ്കെടുത്തത്. അംബജോഗായിയിൽ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ നിന്ന് ആരംഭിച്ച മത്സരം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. നിരവധി യുവതീയുവാക്കൾ മത്സരത്തിൽ പങ്കെടുത്തു.
സാരിയും ചെരിപ്പും ധരിച്ചാണ് രമാബായ് മാരത്തോൺ വേദിയിൽ എത്തിയത്. സാധാരണ ഒരു മത്സരാർഥിയായി എത്തിയ രമാബായ്‌ക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെടുകയായിരുന്നു. മത്സരം ആരംഭിച്ചപ്പോൾ രമാബായ് ആത്മവിശ്വാസത്തോടെ ഓടിത്തുടങ്ങി. എന്നാൽ ഓട്ടത്തിനിടെ കാലിലെ ചെരിപ്പ് തെന്നിമാറി വേഗത കുറഞ്ഞു. ഇതോടെ ചെരിപ്പ് ഊരി കൈയിൽ പിടിച്ച് നഗ്നപാദയായാണ് അവർ ഓടിയത്.
റോഡിലെ കല്ലുകളും മറ്റ് തടസങ്ങളും വകവയ്ക്കാതെ സാരി കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ഓട്ടം. സ്‌പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ചെത്തിയ നിരവധി യുവാക്കളെ മറികടന്നായിരുന്നു ഫിനിഷിംഗ് ലൈനിലെത്തിയത്. രമാബായ് ഒന്നാമതായി ഫിനിഷ് ചെയ്തതോടെ കാണികളും സംഘാടകരും ആവേശത്തോടെ അഭിനന്ദിച്ചു. മക്കളുടെ വിദ്യാഭ്യാസത്തോടുള്ള അമ്മയുടെ പ്രതിബദ്ധതയാണ് വിജയത്തിന് പിന്നിലെന്ന് സംഘാടകർ പറഞ്ഞു. മാരത്തണിൽ ലഭിച്ച 3,000 രൂപ മകളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്ന് രമാബായ് വ്യക്തമാക്കി.
A 47-year-old mother from Maharashtra’s Beed district, Ramabai Ranveer, won a marathon after running barefoot in a sari to support her daughter’s education.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |