
റായ്പൂർ: ചേസിംഗിൽ ഒരിക്കൽക്കൂടി സെഞ്ച്വറിയുമായി വിരാട് കൊഹ്‌ലി കിംഗായപ്പോൾ ഇന്നലെ നടന്ന ഐ.പി.എൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 6 വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി. ജയത്തോടെ 16 പോയിന്റുമായി ആർ.സി.ബി ഒന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. തോൽവി കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് മേൽ കരിനിഴലായി.
മഴകാരണം ഒന്നേകാൽ മണിക്കൂറോളം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. മറുപടിക്കിറങ്ങിയ ആർ.സി.ബി പുറത്താകാതെ 60പന്തിൽ105 റൺസ് നേടി ചേസിംഗ് നയിച്ച കൊഹ്ലിയുടെ മികവിൽ 19.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (194/4). 11 ഫോറും 3 സിക്സുംഉൾപ്പെട്ടതാണ് കൊഹ്‌ലിയുടെ ഇന്നിംഗ്‌സ്. തുടക്കത്തിൽ എക്‌സ്‌ട്രാ കവറിൽ അൽപ്പം ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും കൊഹ്‌ലി നൽകിയ ക്യാച്ച് റോവ്‌മാൻ പവൽ വിട്ടുകളഞ്ഞതിന് കൊൽക്കത്ത വലിയ വില കൊടുക്കേണ്ടി വന്നു.ദേവ്‌ദത്ത് പടിക്കലുമായി (27 പന്തിൽ 39) മൂന്നാം വിക്കറ്റിൽ കൊഹ്‌ലി പടുത്തുയർത്തിയ 59 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ആർ.സി.ബിയുടെ ചേസിംഗിന്റെ അടിത്തറയായത്. കാർത്തിക് ത്യാഗി കൊൽക്കത്തയ്‌ക്കായി 3 വിക്കറ്റ് വീഴ്‌ത്തി.
നേരത്തേ അൻഘ്രിഷ് രഘുവംശി (46 പന്തിൽ 71) ആണ് കൊൽക്കത്ത ഇന്നിംഗ്സിന്റെ നട്ടെല്ലായത്. റിങ്കു സിംഗ് 29 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 49 റൺസുമായി പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീനും (24പന്തിൽ 32) രഘുവംശിക്ക് മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ ഫിൻ അല്ലനും (8 പന്തിൽ 18) , ക്യാപ്ടൻ അജിങ്ക്യ രഹാനെയും (13 പന്തിൽ 19) വലിയ സ്കോർ നേടാനാകാതെ മടങ്ങി. ആർ.സി.ബിക്കായി ഭുവനേശ്വറും ഹാസൽ വുഡും റാസിഖും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
1- ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി വിരാട് കൊഹ്‌ലി. ഇന്നലത്തേത് കൊഹ്‌ലിയുടെ ഐ.പി.എൽ കരിയറിലെ 279-ാമത്തെ മത്സരമായിരുന്നു.
14000- ട്വന്റി-20 കരിയറിൽ ഏറ്റവും വേഗത്തിൽ (മത്സരങ്ങളുടെ കണക്കിൽ) 14000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കൊഹ്‌ലി. 409-ാം മത്സരത്തിലാണ് കൊഹ്‌ലി 14000ത്തിൽ എത്തിയത്.
400- ഐ.പി.എല്ലിൽ ഈ സീസണിൽ 400 പ്ലസ് റൺസ് തികയ്‌ച്ച് വിരാട് കൊഹ്‌ലി. കൊഹ്‌ലി 400 പ്ലസ് റൺസ് തികയ്ക്കുന്ന 12-ാമത്തെ സീസണാണിത്.
9- ഐ.പി.എല്ലിൽ കൊഹ്‌ലിയുടെ 9-ാം സെഞ്ച്വറിയാണിത്.
33- ഐ.പി.എല്ലിൽ കെകെആറിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന യൂസ്‌വേന്ദ്ര ചഹലിന്റെ റെക്കാഡിനൊപ്പമെത്തി ആർ.സി.ബി താരം ഭുവനേശ്വർ കുമാർ. ഇരുവർക്കും 33 വിക്കറ്റ് വീതമാണ് ഉള്ളത്.
പരിക്ക്, ഓവർട്ടൺ മടങ്ങി
ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായി അവരുടെ മിന്നും താരം ജാമി ഓവർട്ടണ് പരിക്ക്. വലത്തേ തുടയിലേറ്റ പരിക്കിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ഇംഗ്ലണ്ട് താരം നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ പ്രധാന താരങ്ങളുടെ പരിക്കിൽ വലയുകയാണ് ചെന്നൈ. പരിക്കേറ്റ പേസ് ഓൾറൗണ്ടർ രാമകൃഷ്‌ണ ഘോഷിന് പകരം കർണാടക ഓൾ റൗണ്ടർ മക്നീൽ നൊറോണയെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓവർട്ടൺ പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിഹാസ താരം എം.എസ് ധോണി,യുവബാറ്റർ ആയുഷ് മാത്രെ, ബൗളർമാരായ ഖലീൽ അഹമ്മദ്,നാഥാൻ എല്ലിസ്,സ്പെൻസർ ജോൺസൺ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനെ
ഫീൽഡിംഗ് പഠിപ്പിക്കാൻ സാറ
ലണ്ടൻ: ഇംഗ്ലണ്ടിന്റെ പുരുഷ ടെസ്റ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി മുൻ ഇംഗ്ലീഷ് വനിതാ ടീം വിക്കറ്റ് കീപ്പർ ബാറ്റർ സാറാ ടെയ്‌ലറെ നിയമിച്ചു. ഇംഗ്ലണ്ടിന്റെ സീനിയർ പുരുഷ ടീമിന്റെ കോച്ചായി നിയമിതയാകുന്ന ആദ്യ വനിതയാണ് സാറ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് 37കാരിയായ സാറയെ ഇ.സി.ബി നിയമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |