SignIn
Kerala Kaumudi Online
Sunday, 17 May 2026 1.54 AM IST

'അടി' പൊളി കൊൽക്കത്ത

ipl

ഗുജറാത്ത് ടൈറ്റാൻസിനെ 29 റൺസിന് കീഴടക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 247/2

ഗുജറാത്ത് ടൈറ്റാൻസ് 218/4

ഫിൻ അല്ലെൻ 35 പന്തിൽ 93 റൺസ്

ആൻഗ്രിഷ് 44 പന്തിൽ 82 റൺസ്

കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസ്

കൊൽക്കത്ത : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ 29 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ആദ്യം ബാറ്റുചെയ്ത് 247/2 എന്ന കൂറ്റൻ സ്കോർ ഉയർത്തിയ കൊൽക്കത്തയ്ക്ക് എതിരെ ഗുജറാത്തിന് 218/3 എന്ന സ്കോറിലേ എത്താനായുള്ളൂ .ഫിൻ അല്ലെൻ (93) ആൻഗ്രിഷ് രഘുവംശി (82*), കാമറൂൺ ഗ്രീൻ ( 52* ) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഈഡനിൽ കൊൽക്കത്തയെ ഈ സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് നിരയിൽ നായകൻ ശുഭ്മാൻ ഗിൽ (85), സായ് സുദർശൻ (53നോട്ടൗട്ട്),ബട്ട്‌ലർ (57) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നായകൻ അജിങ്ക്യ രഹാനെയെ (14) അഞ്ചാം ഓവറിൽ നഷ്ടമാകുമ്പോൾ സ്കോർ ബോർഡിൽ 44 റൺസാണ് ഉണ്ടായിരുന്നത്. രഹാനെയെ സിറാജ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. പകരമെത്തിയ ആൻഗ്രിഷ് രഘുവംശിയും അല്ലെനും ചേർന്ന് തുടർന്ന് ആക്രമണം തുടങ്ങി.

11.2-ാം ഓവറിൽ സായ് കിഷോറിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകി അല്ലെൻ മടങ്ങുമ്പോൾ ടീം സ്കോർ 139ലെത്തിയിരുന്നു. 47 പന്തുകളിൽ 95 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്. 35 പന്തുകൾ നേരിട്ട അല്ലെൻ നാലുഫോറുകളും 10 സിക്സുകളുമാണ് പറത്തിയത്.

അല്ലെൻ മടങ്ങിയശേഷം ആൻഗ്രിഷ് അടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു.കാമറൂൺ ഗ്രീനും ഒപ്പം കൂടിയതോടെ അവസാന 51 പന്തുകളിൽ 108 റൺസാണ് കൊൽക്കത്തയുടെ അക്കൗണ്ടിലെത്തിയത്. 44 പന്തുകൾ നേരിട്ട് നാലുഫോറുകളും ഏഴ് സിക്സുകളും പായിച്ചാണ് ആൻഗ്രിഷ് 82 റൺസുമായി പുറത്താകാതെ നിന്നത്. 28 പന്തുകൾ നേരിട്ട ഗ്രീൻ മൂന്ന് ഫോറും നാലുസിക്സുമായാണ് അർദ്ധസെഞ്ച്വറി പിന്നിട്ടത്.

ഈ വിജയത്തോടെ 12 കളികളിൽ 11 പോയിന്റുമായി കൊൽക്കത്ത ഏഴാമതേക്കുയർന്നു.13 കളികളിൽ 16 പോയിന്റുമായി ഗുജറാത്ത് രണ്ടാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360