
ഇക്വഡോറിനെ ഗോളില്ലാ സമനിലയിൽ പിടിച്ചുകെട്ടി കുറോസോ
15 സേവുകളുമായി കുറോസോ ഗോളി എലോയ് റൂം
കൻസാസ് സിറ്റി : ആദ്യ മത്സരത്തി ജർമ്മനിക്കെതിരെ ഗോളടിച്ച് ശ്രദ്ധ നേടിയ കരീബിയൻ കുഞ്ഞുദ്വീപ് കുറോസോ രണ്ടാം മത്സരത്തിൽ ഞെട്ടിച്ചത് ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറിനെ. കഴിഞ്ഞരാത്രി കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് കുറോസോ ലോകകപ്പ് പോയിന്റ് പട്ടികയിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കിയത്.
15 സേവുകൾ നടത്തിയ ഗോളി എലോയ് റൂമാണ് ഇക്വഡോറിന്റെ എല്ലാവാതിലുകളും അടച്ചുകളഞ്ഞത്.കഴിഞ്ഞ നവംബറിൽ ജമൈക്കയ്ക്ക് എതിരായ നിർണായകമത്സരത്തിൽ ഗോൾ വഴങ്ങാതെ ലോകകപ്പ് അരങ്ങേറ്റത്തിന് വഴിയൊരുക്കിയ 37കാരനായ എലോയ് റൂം മാൻ ഒഫ് ദ മാച്ചുമായി. ജർമ്മനിക്ക് എതിരെ ഏഴുഗോളുകൾ വഴങ്ങിയെങ്കിലും മികച്ച സേവുകൾ നടത്തിയിരുന്ന റൂം ഇക്വഡോറിനെതിരെ അതിലും ഗംഭീരപ്രകടനമാണ് നടത്തിയത്. ആദ്യപകുതിയിൽ ഗോളടിക്കാൻ കുറോസോയ്ക്ക് അവസരങ്ങളുണ്ടായിരുന്നെങ്കിലും പാസിംഗിലും ഫിനിഷിംഗിലുമുള്ള പാളിച്ചകൾ വിലങ്ങുതടിയായി.
ഈ മത്സരത്തിലെ സമനില കുറോസോയ്ക്കും ഇക്വഡോറിനും മുന്നിൽ നോക്കൗട്ടിലേക്കുള്ള സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. അവസാന മത്സരത്തിൽ ഐവറി കോസ്റ്റിനെ അട്ടിമറിക്കാൻ കഴിഞ്ഞാൽ കുറോസോയ്ക്ക് രണ്ടാം റൗണ്ടിലേക്ക് കടക്കാം. ഇക്വഡോറിന് ജർമ്മനിയെ മറിക്കാൻ കഴിഞ്ഞാൽ സാദ്ധ്യതയുണ്ട്. എന്നാൽ ഇത് രണ്ടും അത്ര നിസാരമല്ല.
16
ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന ഗോളിയെന്ന റെക്കാഡ് ഒറ്റ സേവിന്റെ വ്യത്യാസത്തിലാണ് എലോയ് റൂമിന് നഷ്‌ടമായത്. എലോയ് 15 സേവുകളാണ് നടത്തിയത്. 2014 ലോകകപ്പിൽ ബെൽജിയത്തിന് എതിരെ 16 സേവുകൾ നടത്തിയ അമേരിക്കൻ ഗോളി ടിം ഹൊവാഡിനാണ് റെക്കാഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |