
വീണ്ടും ഇരട്ടഗോളടിച്ച് ഹാലാൻഡും, നോർവേ രണ്ടാം റൗണ്ടിൽ
സെനഗലിനെ വീഴ്ത്തിയത് 3-2ന് , ഇസ്മയില സാറിനും ഇരട്ട ഗോൾ
ന്യൂയോർക്ക് : ലോകകപ്പിൽ ഇരട്ട ഗോളടിക്കാരുടെ മേളം. മെസിക്കും എംബാപ്പെയ്ക്കും പിന്നാലെ എർലിംഗ് ഹാലാൻഡും കഴിഞ്ഞരാത്രി നേടിയത് രണ്ടുഗോളുകൾ. സെനഗലിന് എതിരെയായിരുന്നു നോർവേയ്ക്ക് വേണ്ടി ഹാലാൻഡിന്റെ ഇരട്ട ഗോളുകൾ. മത്സരത്തിൽ 3-2ന് വിജയിച്ച് നോർവേയും ഐ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലേക്ക് കടന്നു. നേരത്തേ ഫ്രാൻസിനോടും തോറ്റിരുന്ന സെനഗലിന് അവസാന മത്സരത്തിൽ ഇറാഖിനെ വലിയ മാർജിനിൽ തോൽപ്പിച്ചാലേ മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിലേക്ക് കടക്കാനാകൂ.
സെനഗൽ ഗോളി എഡ്വാർഡോ മെൻഡിയുടെ മൂന്ന് കിടിലൻ സേവുകൾ കണ്ട ആദ്യ പകുതിയിൽ നോർവേയെ മുന്നിലെത്തിച്ചത് 43-ാം മിനിട്ടിൽ മാർക്കസ് ഹോംഗ്രെം പെൻഡേഴ്സന്റെ ഗോളാണ്.13-ാം മിനിട്ടിൽ ജൂലിയൻ റെയേഴ്സന് പരിക്കേറ്റപ്പോഴാണ് പെൻഡേഴ്സൺ പകരക്കാരനായി കളത്തിലെത്തിയത്.
ഒരുഗോളിന്റെ ആത്മവിശ്വാസവുമായി രണ്ടാം പകുതിക്കിറങ്ങിയ നോർവേയ്ക്ക് വേണ്ടി 48-ാം മിനിട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെ ഹാലാൻഡ് രണ്ടാം ഗോൾ നേടി. 53-ാം മിനിട്ടിൽ ഇസ്മയില സാറിലൂടെ ഒരെണ്ണം തിരിച്ചടിച്ച് സെനഗൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 58-ാം മിനിട്ടിൽ സെനഗൽ പ്രതിരോധത്തെ ഓടിത്തോൽപ്പിച്ച് ഹാലാൻഡ് തന്റെ രണ്ടാം ഗോളും നേടി നോർവീജിയൻ ആധിപത്യമുറപ്പിച്ചു. ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിലാണ് ഇസ്മയില സാർ തന്റെ രണ്ടാം ഗോൾ നേടിയത്. എന്നാൽ ഒരു സമനിലയ്ക്കുള്ള സമയംപോലും പിന്നീട് സെനഗലിനുണ്ടായിരുന്നില്ല.
6
തന്റെ അവസാന ആറ് അന്താരാഷ്ട്രമത്സരങ്ങളിലും ഒന്നിലേറെ ഗോളുകൾ നേടി എർലിംഗ് ഹാലാൻഡ്
4
ഈ ലോകകപ്പിലെ എർലിംഗ് ഹാലാൻഡിന്റെ ഗോളുകളുടെ എണ്ണം. മെസിക്ക് പിന്നിൽ എംബാപ്പെയ്ക്ക് ഒപ്പമാണ് ഹാലാൻഡ്.
3
ഇസ്മയില സാറിന്റെ ആകെ ലോകകപ്പ് ഗോളുകൾ. സെനഗലിന് വേണ്ടി രണ്ട് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമാണ് സാർ. 2022 ലോകകപ്പിൽ ഇക്വഡോറിനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |