എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. എഡ്ജ്ബാസ്റ്റണില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ശേഷം പര്യടനത്തിലെ ആദ്യ ജയം കൂടിയാണ് ഇന്ത്യ സ്വന്തമാക്കിയത്. 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അക്‌സര്‍ പട്ടേല്‍ (പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറിയും ബൗളിംഗില്‍ നാല് വിക്കറ്റുകളും) ആണ് വിജയശില്‍പ്പി.
ഓപ്പണറും മുന്‍ നായകനുമായ രോഹിത് ശര്‍മ്മ 11(21), മറ്റൊരു സൂപ്പര്‍ താരം വിരാട് കൊഹ്ലി 5(6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 80(75) ശ്രേയസ് അയ്യര്‍ 35(53) സഖ്യം അടിത്തറ പാകുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ചെയ്തതിന് പിന്നാലെ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാകുകയും കെഎല്‍ രാഹുല്‍ 1(3) പെട്ടെന്ന് പുറത്താകുകയും ചെയ്തതോടെ ഇന്ത്യ പരുങ്ങലിലായി.
160ന് നാല് എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച അക്‌സര്‍ പട്ടേല്‍ 57*(52) - വാഷിംഗ്ടണ്‍ സുന്ദര്‍ 52*(63) എന്നിവര്‍ അഞ്ചാം വിക്കറ്റില്‍ പിരിയാത്ത കൂട്ടുകെട്ടില്‍ 102 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും ഇംഗ്ലീഷ് ബൗളര്‍മാരെ അനായാസം നേരിട്ടതോടെയാണ് ഇന്ത്യ ജയത്തിലേക്ക് എളുപ്പത്തില്‍ നീങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടംഗ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറില്‍ 258 റണ്‍സിന് എല്ലാവരും പുറത്തായി.
107ന് ആറ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ജോ റൂട്ട് 76*(76), ലിയാം ഡ്വാസണ്‍ 68(83) സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി അക്‌സറിന് പുറമേ പ്രസീദ്ധ് കൃഷ്ണയും ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
india defeated england in edgbaston odi by 6 wickets
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |