SignIn
Kerala Kaumudi Online
Saturday, 04 July 2026 4.26 AM IST

വേൾഡ് VAR ജയിച്ച് പോർച്ചുഗൽ

world-cup

രണ്ടാം റൗണ്ടിൽ 2-1ന് ക്രൊയേഷ്യയെ തോൽപ്പിച്ച് പോർച്ചുഗൽ

നിർണായകമായത് ഇൻജുറി ടൈമിലെ വീഡിയോ റഫറി (VAR) തീരുമാനം

ടൊറന്റോ : ഓരോ ഫ്രെയിമും ഉദ്വേഗം ജനിപ്പിക്കുന്ന ത്രില്ലർ സിനിമപോലെയായിരുന്നു ഇന്നലെ ടൊറന്റോയിൽ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്ബാൾ രണ്ടാം റൗണ്ട് മത്സരം. തുടക്കം മുതൽ എണ്ണയിട്ട യന്ത്രം പോലെ പരിശ്രമിച്ച പോർച്ചുഗലിന് ഗോളടിക്കാൻ കഴിയാതെപോയ ആദ്യ പകുതി. രണ്ടാം പകുതിയൽ ആക്രമണത്തിലേക്ക് തിരികെയെത്തി ആദ്യ ഗോളടിച്ച ക്രൊയേഷ്യ. താനടിച്ച ആദ്യഗോൾ ഓഫ്സൈഡായപ്പോൾ സങ്കടപ്പെടുകയും വീഡിയോ അസിസ്റ്റ് റഫറി(വാർ)യിലൂടെ അപ്രതീക്ഷിതമായ ലഭിച്ച പെനാൽറ്റി മനക്കരുത്തോടെയെത്തി ഗോളാക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ.

പിന്നാലെ ക്രിസ്റ്റ്യാനോയും ബ്രൂണോ ഫെർണാണ്ടസിസും വിറ്റീഞ്ഞയും ഉൾപ്പടെയുള്ള മുൻനിര താരങ്ങളെ കളത്തിൽ നിന്ന് പിൻവലിച്ച് പകരക്കാരെ ഇറക്കുന്ന പോർച്ചുഗീസ് കോച്ച് മാർട്ടിനെസ്. പകരക്കാരനായിറങ്ങിയ ഗോൺസാലോ റാമോസിന്റെ ഇൻജുറി ടൈമിലെ ഹെഡറിൽ നിന്ന് പിറന്ന പോർച്ചുഗലിന്റെ വിജയഗോൾ. 10 മിനിട്ട് ഇൻജുറി ടൈം 12-ാം മിനിട്ടിലെത്തിയപ്പോൾ പോർച്ചുഗീസ് വലകുലുക്കിയ ഗ്വാർഡിയോളിന്റെ നേതൃത്വത്തിൽ കളി വീണ്ടും സമനിലയാക്കിയെന്ന ആവേശത്തിൽ ആഘോഷം തുടങ്ങിയ ക്രൊയേഷ്യക്കാർ. എന്നാൽ വാർ പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തി ഗോൾ റദ്ദാക്കുന്ന റഫറി. ഈ തീരുമാനത്തിൽ കുപിതരായി ഗ്രൗണ്ടിലേക്ക് കുപ്പികൾ വലിച്ചെറിഞ്ഞ് ക്രൊയേഷ്യൻ ആരാധകർ. ഒടുവിൽ വീണ്ടും പന്തുരുളുകയും ഫൈനൽ വിസിൽ മുഴങ്ങുകയും ചെയ്തപ്പോൾ പോർച്ചുഗലിന്റെ ആഹ്ളാദവും ക്രൊയേഷ്യയുടെ സങ്കടവും.

ഒരു കൊല്ലം മുമ്പ് തങ്ങളെ വിട്ടുപോയ പ്രിയപ്പട്ടവൻ ഡീഗോ ജോട്ടയുടെ ഓർമ്മകൾക്ക് മുന്നിൽ വിജയം സമർപ്പിച്ച് പോർച്ചുഗീസ് സംഘം. ക്രൊയേഷ്യൻ കുപ്പായത്തിലെ അവസാന മത്സരം സങ്കടത്തോടെ പൂർത്തിയാക്കിയ പ്രിയസുഹൃത്ത് ലൂക്കാമൊഡ്രിച്ചിനെ നെഞ്ചോടുചേർത്ത് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ക്രിസ്റ്റ്യാനോ... യൂറോപ്പിലെ രണ്ട് വൻശക്തികൾ തമ്മിലുള്ള പോരാട്ടം കണ്ട ഒരാളും മറക്കില്ല ഓരോ മുഹൂർത്തവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360