SignIn
Kerala Kaumudi Online
Friday, 03 July 2026 12.22 PM IST

'സഞ്ജുവിനെ പെട്ടെന്ന് തഴയരുത്, വൈഭവ് കാത്തിരിക്കണം', മലയാളി താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

sanju-samson
സഞ്ജു സാംസൺ പരിശീലനത്തിനിടെ.

ലണ്ടൻ: തുടർച്ചയായ മൂന്ന് മത്സരങ്ങളിലും ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിനിടയിലാണ് പരിചയസമ്പന്നനായ സഞ്ജുവിനെ പെട്ടെന്ന് തഴയരുതെന്ന അഭിപ്രായവുമായി ദീനേശ് കാർത്തിക് രംഗത്തെത്തിയത്. ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ സഞ്ജു ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിലടക്കം സഞ്ജുവിനെതിരെ വിമർശനങ്ങളും യുവതാരം വൈഭവിനെ ഓപ്പണറായി ടീമിലെത്തിക്കണമെന്ന ആവശ്യങ്ങളും ഉയർന്നത്. എന്നാൽ ഇന്ത്യ കിരീടം ചൂടിയ 2026 ട്വന്റി-20 ലോകകപ്പിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് ദിനേശ് കാർത്തിക് ഓർമ്മിപ്പിച്ചു.

'സഞ്ജു സാംസൺ വീണ്ടും പരാജയം നേരിട്ടു. തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ സ്‌കോർ ചെയ്യാൻ കഴിയാതെ വന്നതോടെ വൈഭവിനെ ടീമിലെടുക്കണമെന്ന ആവശ്യങ്ങൾ ഉച്ചത്തിൽ കേൾക്കുന്നുണ്ട്. എങ്കിലും ഞാൻ ഇപ്പോഴും പറയുന്നത്, നമ്മൾ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു അദ്ദേഹം. നിലവിൽ വലിയ സമ്മർദ്ദത്തിലാണ്.

dinesh-karthik-
ദിനേശ് കാർത്തിക്.

വൈഭവിനെ ഇറക്കാൻ ക്രിക്കറ്റ് ലോകം മുഴുവൻ ആഗ്രഹിക്കുന്നുണ്ടാകാം. അത് സ്വാഭാവികമാണ്. എന്നാൽ സമ്മർദ്ദഘട്ടങ്ങളിൽ ലോകകപ്പ് പോലുള്ള വലിയ വേദിയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെപ്പോലൊരു കളിക്കാരനെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്.


അസാമാന്യ പ്രതിഭയുള്ള താരമാണ് വൈഭവ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ അരങ്ങേറ്റം കാണാൻ നിരവധി പേരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എങ്കിലും ക്ഷമയാണ് നല്ല സമീപനം. അവസരങ്ങൾക്കായി ഇനിയും വൈഭവ് കാത്തിരിക്കണം. ലോകവേദികളിൽ കഴിവ് തെളിയിച്ച സീനിയർ താരങ്ങൾക്ക് ഫോം വീണ്ടെടുക്കാൻ കൂടുതൽ അവസരങ്ങൾ നൽകുകയാണ് വേണ്ടത്'.- ദിനേശ് കാർത്തിക് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, SPORTS, DINESH KARTHIK, INDIA VS ENGLAND, T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360