പാർവതീപുരം മന്യം (ആന്ധ്രാപ്രദേശ്): കടുത്ത പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ സ്വന്തം ചുമലിലേറ്റി കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിലെത്തിച്ച് അദ്ധ്യാപിക. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഭുവനേശ്വരി (11)യെയാണ് ഭദ്രഗിരി ട്രൈബൽ വെൽഫെയർ ഗേൾസ് ആശ്രമം സ്‌കൂളിലെ അദ്ധ്യാപിക ഹേമാനി സ്വന്തം ജീവൻ പോലും മറന്ന് രക്ഷിച്ചത്. ഇക്കഴിഞ്ഞ ജൂൺ 30ന് ആന്ധ്രാപ്രദേശിലെ പാർവതീപുരം മന്യം ജില്ലയിലാണ് സംഭവം.
ഭുവനേശ്വരി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കടുത്ത വയറുവേദനയും ഛർദ്ദിയും പനിയും ബാധിച്ചത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടി വലിയച്ഛന്റെ കൂടെയായിരുന്നു താമസം. ആദ്യം കുറുപ്പത്തെ സർക്കാർ ആശുപത്രിയിൽ കാണിച്ചെങ്കിലും വീട്ടിൽ തിരിച്ചെത്തിയതോടെ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി. വീട് ഉൾപ്രദേശത്ത് ആയതിനാൽ ഇവിടെ റോഡ് സൗകര്യങ്ങളോ വാഹനങ്ങളോ ഇല്ലായിരുന്നു. ഇതോടെ കുടുംബം സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു.
വിവരമറിഞ്ഞയുടൻ അദ്ധ്യാപികയായ ഹേമാനി ഗ്രാമത്തിലേക്ക് ഓടിയെത്തി. കുട്ടിയുടെ അവസ്ഥ കണ്ട് ആംബുലൻസിനായി കാത്തുനിൽക്കാൻ സമയമില്ലെന്ന് മനസിലാക്കി ഒരു തുണികൊണ്ട് കുട്ടിയെ സ്വന്തം മുതുകിൽ സുരക്ഷിതമായി ഹേമാനി കെട്ടിവച്ചു. തുടർന്ന് പാറക്കെട്ടുകൾ നിറഞ്ഞ, വഴുക്കലുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന വഴിയിലൂടെ അവർ നടന്നു. കുട്ടിയുടെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു. ഒടുവിൽ വനപാത കഴിഞ്ഞ് എത്തിയപ്പോഴേക്കും വാഹനം സജ്ജമാക്കിയിരുന്നു. തുടർന്ന് കുട്ടിയെ പാർവതീപുരത്തെ സർക്കാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നതിനാൽ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ഹേമാനിയുടെ പ്രവർത്തനത്തെ നിരവധി പേർ പ്രശംസിച്ചു. തനിക്ക് ലഭിക്കുന്ന പ്രശംസകളെ ഏറെ വിനയത്തോടെയാണ് ഹേമാനി സ്വീകരിച്ചത്. തന്റെ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ഒരു കുട്ടിയുടെ ജീവനാണ് എപ്പോഴും പ്രധാനമെന്നും ഹേമാനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |