SignIn
Kerala Kaumudi Online
Friday, 10 July 2026 4.21 AM IST

അയ്യൂബ് ബുവാദി, ഫ്രാൻസ് വളർത്തിയ മൊറോക്കൻ കുട്ടി

ayyoub-bouadi

ന്യൂയോർക്ക് : രണ്ടുമാസം മുമ്പുവരെ ഫ്രാൻസിന്റെ അണ്ടർ-21ടീമിന്റെ ക്യാപ്ടനായിരുന്ന 18കാരൻ പയ്യൻ ഈ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ കളിക്കുന്നു. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ മിഡ്ഫീൽഡർ അയ്യൂബ് ബുവാദിയാണ് ഈ അപൂർവ ചരിത്രത്തിനുടമ.

മാതാപിതാക്കൾ മൊറോക്കോക്കാരെങ്കിലും ബുവാദി ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്. പാരീസ് നഗരത്തിന്റെ വടക്കൻ പ്രദേശമായ സെൻലിസിൽ ജനിച്ച ബുവാദി പാരീസിലെ അക്കാഡമികളിൽ നിന്നാണ് കളി പഠിച്ചത്. ഫ്രാൻസിന്റെ ജൂനിയർ ടീമിൽ സ്ഥിരാംഗമായ ബുവാദി ഫ്രഞ്ച് ക്ളബ് ലിലെയിലൂടെ യൂറോപ്യൻ പ്രൊഫഷണൽ ഫുട്ബാളിലും വരവറിയിച്ചു. അണ്ടർ 21 ഫ്രഞ്ച് ടീമിന്റെ നായകനായ ബുവാദിയെ ഫ്രഞ്ച് സീനിയർ ടീം കോച്ച് ദിദിയെ ദെഷാംപ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിഡ്ഫീൽഡിൽ സാക്ഷാൽ സിനദിൻ സിദാന്റെ പിൻഗാമിയെന്നാണ് ഈ ചുരുണ്ടമുടിക്കാരൻ പയ്യനെ

ഫ്രഞ്ച് ഫുട്ബാൾ സർക്കിളിൽ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ തങ്ങളുടെ ജന്മദേശമോ മാതാപിതാക്കളുടെ ജന്മദേശമോ തിരഞ്ഞെടുക്കുന്നതിൽ ഫിഫ കളിക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന നിയമം നടപ്പിലാക്കിയതോടെയാണ് ബുവാദിയുടെ തീരുമാനവും മാറിയത്. ഫ്രഞ്ച് ടീമിലെത്തുന്നതിനിലേക്കാൾ ബുവാദി താത്പര്യം കാട്ടിയത് മൊറോക്കോയിലേക്ക് പോകാനാണ്. മൊറോക്കോ ഫുട്ബാൾ അസോസിയേഷൻ കൈനീട്ടി സ്വീകരിക്കുകയും ചെയ്തു.യൂറോപ്പിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാർ തങ്ങളുടെ പാരമ്പര്യവേരുകളിലേക്ക് തിരിച്ചുപോകാനുള്ള മാറ്റത്തിന്റെ തുടർച്ചയായാണ് ബുവാദിയുടെ നീക്കം വിലയിരുത്തപ്പെട്ടത്.

യൂറോപ്പിലേക്ക് കുടിയേറി മികച്ച പരിശീലനവും ജീവിതസൗകര്യങ്ങളും നേടിയെടുത്ത താരങ്ങളെ തിരിച്ചുവിളിച്ചാണ് പല ആഫ്രിക്കൻ രാജ്യങ്ങളും ലോകകപ്പിനിറങ്ങിയത്. ഈ ലോകകപ്പിൽ ബ്രസീലിനെതിരായ ആദ്യ മത്സരത്തിന്റെ 25 മിനിട്ടോളം മൊറോക്കോ ഇലവ നിൽ ആ രാജ്യത്ത് ജനിച്ചവർ ആരുമില്ലായിരുന്നു. അരങ്ങേറ്റക്കാരായ കേപ്പ് വെർദേ മറ്റൊരുദാഹരണം. അർജന്റീനയെവരെ വിറപ്പിച്ച കേപ്പിന്റെ മിക്ക താരങ്ങളും യൂറോപ്പിൽ ജനിച്ചുവളർന്നവരും യൂറോപ്യൻ ക്ളബുകളിൽ കളിക്കുന്നവരുമാണ്. ഈ ലോകകപ്പിലെ ആഫ്രിക്കൻ രാജ്യങ്ങളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നതും യൂറോപ്പ്യൻ പരിശീലനംലഭിച്ച കളിക്കാരുടെ സാന്നിദ്ധ്യമാണ്. 1912 മുതൽ ഫ്രാൻസിന്റെ സംരക്ഷണയിലുള്ള രാജ്യമായിരുന്നു മൊറോക്കോ. 1956ലാണ് സ്വാതന്ത്യം പ്രഖ്യാപിച്ചത്. മൊറോക്കോയിലെ സമ്പന്നരുടെ ജീവിതശൈലിയിൽ ഫ്രഞ്ച് സ്വാധീനം ഇപ്പോഴും പ്രകടമാണ്.

ലൂക്കയും ബ്രാഹിമും മറ്റുചിലരും

ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത നായകൻ സിദാന്റെ മകൻ ലൂക്കാ സിദാൻ ജനിച്ചതും വളർന്നതും പരിശീലിച്ചതും വിവിധ ഏജ് ഗ്രൂപ്പുകളിൽ കളിച്ചതും ഫ്രഞ്ച് പൗരനായാണ്. എന്നാൽ കഴിഞ്ഞവർഷം സിദാന്റെ ജന്മനാടായ അൾജീരിയയിലേക്ക് ലൂക്ക കൂടുമാറി. ഗോളിയായ ലൂക്ക ഈ ലോകകപ്പിൽ കളിച്ചതും അൾജീരിയൻ ടീമിലാണ്.

മറ്റൊരു മൊറോക്കൻ താരമായ ബ്രാഹിം ഡയസ് ജനിച്ചത് സ്പെയ്നിലെ മലാഗയിലാണ്.മാഞ്ചസ്റ്റർ സിറ്റി ,എ.സി മിലാൻ, റയൽ മാഡ്രിഡ് ക്ളബുകളിലൂടെ ശ്രദ്ധേയനായ ഡയസ് 2021ൽ ഒരു മത്സരത്തിൽ സ്പെയ്ൻ ദേശീയ സീനിയർ ടീമിലും കളിച്ചു. 2024ലാണ് മാതാപിതാക്കളുടെ നാടായ മൊറോക്കോയിലേക്ക് മാറിയത്. മൊറോക്കോയ്ക്ക് വേണ്ടി ഇതുവരെ 31 മത്സരങ്ങൾ കളിച്ചു.

സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിന്റെ മാതാപിതാക്കൾ മൊറോക്കോ,ഇക്വിറ്റോറിയൽ ഗ്വിനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. തന്റെ ബൂട്ടിൽ ഈ രാജ്യങ്ങളുടെ പതാക യമാൽ പതിപ്പിച്ചിട്ടുണ്ട്.

ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയുടെ പിതാവ് കാമറൂണിയൻ വംശജനും മാതാവ് അൾജീരിയൻ വംശജയുമാണ്. ഇരുവർക്കും ഫ്രഞ്ച് പൗരത്വമുണ്ട്. എംബാപ്പെ ജനിച്ചത് ഫ്രാൻസിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360