SignIn
Kerala Kaumudi Online
Monday, 13 July 2026 3.35 AM IST

അറച്ചെങ്കിലും അർജന്റീന

arge

ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെ 3-1ന് തോൽപ്പിച്ച് അർജന്റീന

കൻസാസ് സിറ്റി : സ്വിറ്റ്സർലാൻഡിന്റെ അസാധാരണമായ ചെറുത്തുനിൽപ്പിന് മുന്നിൽ ഒന്ന് പതറിയെങ്കിലും ചാമ്പ്യന്മാർക്ക് ചേർന്ന പ്രകടനവുമായി അർജന്റീന ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈംവരെ നീണ്ട കളിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു മെസിയു‌ടേയും സംഘത്തിന്റേയും ജയം.

10-ാം മിനിട്ടിൽ അലക്സിസ് മക് അലിസ്റ്ററിലൂടെ മുന്നിലെത്തിയ അർജന്റീനയെ 67-ാം മിനിട്ടിൽ ഡാൻ എൻഡോയെയിലൂടെ സ്വിസ് സമനിലയിലാക്കിയാണ് കളി അധികസമയത്തേക്ക് നീട്ടിയത്. എക്സ്ട്രാ ടൈമിന്റെ 22-ാം മിനിട്ടിൽ ജൂലിയൻ അൽവാരസും ഇൻജുറി ടൈമിൽ ലൗതാരോ മാർട്ടിനസും നേടിയ ഗോളുകൾ മത്സരത്തിൽ അർജന്റീനയുടെ ആധിപത്യം ഉറപ്പിച്ചു. തുടക്കത്തിലേ ഗോളടിച്ചെങ്കിലും പിന്നീട് സ്വിറ്റ്സർലാൻഡുകാരുടെ പന്തടക്കത്തിനും ആക്രമണവീര്യത്തിനും മുന്നിൽ അർജന്റീന പിന്നിലാകുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ പലതവണ സ്വിറ്റ്സർലൻഡുകാർ അർജന്റീനിയൻ ഗോൾമുഖത്തെത്തിയെങ്കിലും ഗോളി എമിലിയാനോ മാർട്ടിനെസിന്റെ മനസാന്നിദ്ധ്യം തുണയായി. എന്നാൽ രണ്ടാം പകുതിയിൽ എമിലിയാനോയേയും സ്തബ്ധനാക്കി എൻഡോയെ ലോകചാമ്പ്യന്മാരുടെ വലകുലുക്കി. ഇതോടെയാണ് അർജന്റീന ഉയിർത്തെണീറ്റത്.72-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് സ്ട്രൈക്കർ ബ്രീൽ എംബോളോ പുറത്തായത് സ്വിറ്റ്സർലാൻഡിന് തിരിച്ചടിയായി. പക്ഷേ നിശ്ചിതസമയം അവസാനിക്കുന്നതിന് മുമ്പ് ഗോളടിക്കാനുള്ള മെസിക്കൂട്ടത്തിന്റെ ശ്രമം ഫലം കണ്ടില്ല. എന്നാൽ എക്സ്ട്രാ ടൈമിൽ ഒന്നിന് പകരം രണ്ടെണ്ണം അടിക്കുകയും ചെയ്തു.

ഗോളുകൾ ഇങ്ങനെ

1-0

10-ാം മിനിട്ട്

അലക്സിസ് മക് അലിസ്റ്റർ

മെസി എടുത്ത ഒരു കോർണർ കിക്കിന് ബോക്സിന് മുന്നിൽ നിന്ന് ഉയർന്നുചാടി തലവച്ചാണ് മക് അലിസ്റ്റർ സ്കോർ ബോർഡ് തുറന്നത്.

1-1

67-ാം മിനിട്ട്

ഡാൻ എൻഡോയെ

ഇടതുവിംഗിൽ നിന്ന് പന്തുമായി ഫീൽഡർമാർക്കിടയിലൂടെ പന്തുമായി ഓടിക്കയറി ഗോളി എമിലിയാനോയുടെ കാലുകൾക്ക് ഇടയിലൂടെ എൻഡോയേയുടെ ഫിനിഷ്.

2-1

112-ാം മിനിട്ട്

ജൂലിയൻ അൽവാരേസ്

മാനുവൽ ലോപ്പസ് ഇടതുനിന്ന് നൽകിയ പന്തുമായി ബോക്സിന് മദ്ധ്യത്തേക്ക് നീങ്ങി പൊസിഷൻ കണ്ടെത്തിയശേഷം അൽവാരേസ് വളച്ചുതൂക്കി അടിച്ച് വലയുടെ വലതുമൂലയിലേക്ക് കയറ്റിവിട്ടു.

3-1

120+1-ാം മിനിട്ട്

ലൗതാരോ മാർട്ടിനെസ്

ഒരു കൗണ്ടർ അറ്റാക്കുമായി മറ്റേ അറ്റത്തുനിന്ന് ഒറ്റയ്ക്ക് ഓടിക്കയറിയ തിയാഗോ അൽമാദയുടെ ഷോട്ട് സ്വിസ് ഗോളി തടുത്തിട്ടത് പിന്നാലെ ഓടിയെത്തിയ ലൗതാരോ വലയിലേക്ക് തട്ടിക്കയറ്റി.

എംബോളോ അഭിനയിച്ചു

വാങ്ങിയ ചുവപ്പ്

72-ാം മിനിട്ടിൽ പന്തുമായിപോയ ബ്രീൽ എംബൗളോ വീണപ്പോൾ തൊട്ടരികിലുണ്ടായിരുന്ന അർജന്റീനയുടെ പരേഡേസിന് റഫറി മഞ്ഞക്കാർഡ് കാണിച്ചു.എന്നാൽ താൻ തെറ്റുചെയ്തിട്ടില്ലെന്ന് പരേഡേസ് വാദിച്ചപ്പോൾ വാർ പരിശോധിച്ചു. അപ്പോൾ പരേഡേസ് സ്പർശിക്കുന്നതിന് മുന്നേ എംബോളോ ഫൗൾ അഭിനനയിക്കുകയാണെന്ന് കണ്ടെത്തി. ഇതോടെ പരേഡേസിന്റെ മഞ്ഞക്കാർഡ് പിൻവലിച്ച് റഫറി അത് എംബോളോയ്ക്ക് നൽകി. 44-ാം മിനിട്ടിൽ ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്ന എംബോളോയ്ക്ക് ഇത‌ോടെ ചുവപ്പുകാർഡായി മാറി. റഫറിയോട് പലവുരു അഭ്യർത്ഥിച്ചെങ്കിലും എംബോളോയ്ക്ക് പുറത്തുപോകേണ്ടിവന്നു. ഈ ലോകകപ്പിൽ മെസി ഗോളടിക്കാത്ത ആദ്യ മത്സരം. തുടർച്ചയായ ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ച മെസിക്കാണ് സ്വിറ്റ്സർലാൻഡ് മണികെട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360