
ക്വാർട്ടറിൽ നോർവേയെ 2-1ന് തോൽപ്പിച്ച് ഇംഗ്ളണ്ട്
ഇംഗ്ളീഷ് ജയം ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം
ഇംഗ്ളണ്ടിന്റെ രണ്ടുഗോളുകളും ജൂഡ് ബെല്ലിംഗ്ഹാം വക
മയാമി : ഈ ലോകകപ്പിൽ അത്ഭുതക്കുതിപ്പ് നടത്തിയ നോർവേയ്ക്ക് മുന്നിൽ സെമിയിലേക്കുള്ള വഴിയടച്ച് ഇംഗ്ളണ്ട്. കഴിഞ്ഞരാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് പിന്നിൽനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് 2018ന് ശേഷം ആദ്യമായി സെമിയിലെത്തിയത്.ഇംഗ്ളണ്ടിനായി രണ്ടുഗോളുകളും നേടി ജൂഡ് ബെല്ലിംഗ്ഹാം വിജയശിൽപ്പിയായി.
36-ാം മിനിട്ടിൽ ആൻഡ്രിയസ് ഷെൽഡ്രൂപ്പിലൂടെയാണ് നോർവേ മുന്നിലെത്തിയിരുന്നത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജൂഡ് നേടിയ ഗോൾ മത്സരം അധിക സമയത്തേക്ക് നീട്ടി. അധികസമയത്തിന്റെ മൂന്നാം മിനിട്ടിൽതന്നെ വീണ്ടും വലകുലുക്കി ജൂഡ് കളിയുടെ വിധിയെഴുതുകയായിരുന്നു.
മത്സരത്തിന്റെ തുടക്കംമുതൽ നോർവേയുടെ ആക്രമണൾ കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ളീഷ് ഗോളി ജോർദാൻ പിക് ഫോർഡ് മികച്ച സേവുകളുമായി അപകടം ഒഴിവാക്കിയെങ്കിലും 36-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാർഡിന്റെ പാസിൽ നിന്ന് കിട്ടിയ പന്ത് ഷെൽഡ്രൂപ്പ് ബോക്സിന്റെ ഇടതുവശത്തുനിന്ന് ഉയർത്തിവളച്ചടിച്ച് വലയിലേക്ക് കയറ്റിവിട്ടപ്പോൾ പിക്ഫോർഡിന് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ : 1-0. 39-ാം മിനിട്ടിൽ സൊർലോത്തിലൂടെ ലീഡുയർത്താൻ നോർവേയ്ക്ക് കഴിയുമായിരുന്നെങ്കിലും ഷോട്ട് പുറത്തേക്കായിരുന്നു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് മുമ്പ് തിരിച്ചടിക്കാൻ ഇംഗ്ളണ്ടിന് കഴിഞ്ഞു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ആന്തണി ഗോർഡൻ നൽകിയ പന്തുമായി തന്നെ ചുറ്റിനിന്ന മൂന്ന് ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞാണ് ജൂഡ് ബോക്സിനുള്ളിലേക്ക് തുരന്നുകയറി വെടിപൊട്ടിച്ചത്.
രണ്ടാം പകുതിയിൽ ഇരുവശത്തും പന്തെത്തിയെങ്കിലും ഗോൾ പിറന്നില്ല. 54-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് നോർവേ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ അതിനുമുമ്പ് ഫൗൾ നടന്നതായി കണ്ടെത്തി ഗോൾ റദ്ദാക്കി കോർണർ വീണ്ടുമെടുപ്പിച്ചു. 85-ാം മിനിട്ടിൽ അന്റോണിയോ ന്യൂസയുടെ ഒരു ഷോട്ട് പിക്ഫോഡ് സേവ് ചെയ്തു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ജൂഡിന്റെ ഒരു ഹെഡറും പുറത്തക്കുപോയതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. അധികസമയത്തിന്റെ മൂന്നാം മിനിട്ടിൽ മോർഗൻ റോജേഴ്സിന്റെ ഒരു ഷോട്ട് നോർവേ ഗോളി തട്ടിമുന്നോട്ടിട്ടത് പാഞ്ഞെത്തി കാൽവച്ച് വലയ്ക്കകത്താക്കിയാണ് ജൂഡ് വിജയമൊരുക്കിയത്. 102-ാം മിനിട്ടിൽ ഇംഗ്ളണ്ടിന് അനുകൂലമായി ഒരു പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ റദ്ദാക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |