
ഗ്ളാസ്ഗോ : ഗെയിംസിന്റെ ആദ്യ ദിവസങ്ങളിൽ പട്ടികയിൽ ഏഴാമതും എട്ടാമതുമൊക്കെയായിരുന്ന ഇന്ത്യയെ അവസാന ദിവസത്തിൽ നാലാമതേക്ക് എത്തിച്ചത് ബോക്സിംഗിലെ അതിംഗംഭീര പ്രകടനമാണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകളാണ് ഇന്ത്യ ഇടിക്കൂട്ടിൽ നിന്ന് വാരിക്കൂട്ടിയത്. അത്‌ലറ്റിക്സിൽ നിന്ന് മൂന്ന് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലങ്ങളും ഉൾപ്പടെ 16 മെഡലുകൾ ലഭിച്ചപ്പോൾ ജൂഡോയിൽ നിന്ന് രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടാനായി.വെയ്റ്റ്‌ലിഫ്ടിംഗിൽ നിന്ന് ഒരു സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പാരാ പവർലിഫ്ടർ ചന്തുകുമാറാണ് ഇന്ത്യൻ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്.
ഒളിമ്പിക് മെഡലിസ്റ്റ് ലവ്‌ലീന ബോർഗോഹെയ്ൻ വെള്ളിയിൽ ഒതുങ്ങിയത് ഒഴിച്ചാൽ പ്രതീക്ഷകൾക്ക് അപ്പുറത്തെ പ്രകടനമാണ് ബോക്സിംഗിൽ ഇന്ത്യൻ താരങ്ങൾ നടത്തിയത്. സച്ചിൻ സിവാച്ച് , അങ്കുഷ് പംഗൽ, സാക്ഷി ചൗധരി ,പ്രീതി പൻവാർ, ജാസ്മിൻ ലംബോറിയ , പ്രിയ ഗൻഗസ് ,അരുന്ധതി ചൗധരി എന്നിവരാണ് റിംഗിൽ നിന്ന് പൊന്നണിഞ്ഞത്. ഓപ്പണിംഗ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ ലവ്‌ലീനയ്ക്ക് പുറമെ ജഡുമണി സിംഗും നരേന്ദർ ബർവാളും വെള്ളി നേടി.
അത്‌ലറ്റിക്സിലെ മൂന്ന് സ്വർണവും നേടിയത് പാരാഅത്‌ലറ്റുകളാണ്. എഫ് 57 വിഭാഗം വനിതാ ഷോട്ട്പുട്ടിൽ ഷർമിള ധൻകർ സ്വർണവും ശിൽപ്പ ഷൈല വെങ്കലവും നേടി. ടി 47 വിഭാഗം പുരുഷ 100 മീറ്ററിൽ ദിലിപ് ഗവിറ്റ് സ്വർണവും മലയാളി താരം മുഹമ്മദ് ബാസിൽ വെള്ളിയും നേടി. എഫ് 57 വിഭാഗം പുരുഷ ഷോട്ട്പുട്ടിൽ സോമൻ റാണയാണ് സ്വർണം നേടിയ മറ്റൊരു ഇന്ത്യൻ താരം. ജൂഡോയിൽ അഷ്മിത ഡേയും ഹർഷ് സിംഗും സ്വർണം നേടിയപ്പോൾ വെയ്റ്റ് ലിഫ്ടിംഗിൽ തുടർച്ചയായ മൂന്നാം ഗെയിംസിലും സ്വർണം നേടി മീരാഭായ് ചാനു ചരിത്രം കുറിച്ചു. ഈ ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയ ഇന്ത്യൻ താരം ഗുൽവീർ സിംഗാണ്. അത്‌ലറ്റിക്സിൽ 10000,5000 മീറ്ററുകളിൽ ഗുൽവീർ വെള്ളിയാണ് നേടിയത്.
ഈ ഗെയിംസിൽ മലയാളികൾക്ക് സ്വർണം നേടാനായില്ല. അത്‌ലറ്റിക്സിൽ ശ്രീശങ്കർ കഴിഞ്ഞ ഗെയിംസിലെ വെള്ളി നിലനിറുത്തിയപ്പോൾ പാരാ 100 മീറ്ററിൽ ബാസിലിന് വെള്ളി ലഭിച്ചു. ഇരുവരും തിരുവനന്തപുരത്തെ സായ് സെന്ററിലാണ് പരിശീലിക്കുന്നത്.
മെഡലിനങ്ങൾ വെട്ടിക്കുറച്ചിട്ടും
പിടി വിടാതെ ഇന്ത്യ
2022ൽ ബർമിംഗ്ഹാമിൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ 20 കായിക ഇനങ്ങളിലായിരുന്നു മത്സരം. എന്നാൽ ഇക്കുറി അപ്രതീക്ഷിതമായി ആതിഥേയരാകേണ്ടിവന്നതിനാൽ കായികമത്സരങ്ങളുടെയും പങ്കെടുക്കുന്ന താരങ്ങളുടെയും എണ്ണം ഗ്ളാസ്ഗോയിലെ സംഘാടകർ പകുതിയായി വെട്ടിക്കുറച്ചു. 4822 കായികതാരങ്ങളാണ് ബർമിംഗ് ഹാമിൽ മാറ്റുരയ്ക്കാൻ എത്തിയത്.ഇത്തവണ അത് മൂവായിരത്തോളമായി മാറി.
കഴിഞ്ഞ ഗെയിംസുകളിൽ ഇന്ത്യ മെഡലുകൾ നേടിയിരുന്ന ഷൂട്ടിംഗ്, റെസ്ലിംഗ്,ഹോക്കി,ക്രിക്കറ്റ്,ബാഡ്മിന്റൺ,ടേബിൾ ടെന്നിസ്,സ്ക്വാഷ് എന്നിവയൊക്കെ ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23വെങ്കലങ്ങളും അടക്കം 61 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. മെഡലുകളുടെ എണ്ണത്തിൽ ആനുപാതികമായി കുറവുണ്ടായെങ്കിലും നാലാം സ്ഥാനം നഷ്ടപ്പെടുത്താതിരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |