SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

ഇൻഫാന്റീനോയ്ക്ക് ട്രമ്പിന്റെ പിന്തുണ

fifa

വാഷിംഗ്ടൺ : ലോകകപ്പ് ഉൾപ്പടെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പാളിയതോടെ വിവാദത്തിലായ ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോയ്ക്ക് പരസ്യപിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇൻഫാന്റീനോയെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നത് ശരിയല്ലെന്നും ഫിഫയിൽ കുഴപ്പം സൃഷ്ടിക്കുമെന്നുമാണ് ട്രമ്പിന്റെ മുന്നറിയിപ്പ്. ഇൻഫാന്റീനോ തലപ്പത്തുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് കഴിഞ്ഞ ലോകകപ്പ് ഇത്ര വിജയകരമായി നടത്തിയതെന്നും ട്രമ്പ് പറഞ്ഞു.

യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും (യുവേഫ), മദ്ധ്യ -വടക്കേ അമേരിക്കൻ ഫുട്ബാൾ അസോസിയേഷനും (കോൺകകാഫ്),ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും ഇൻഫാന്റീനോയ്ക്ക് എതിരെ സംയുക്ത പ്രസ്താവനയുമായി എത്തിയതിന് പിന്നാലെയാണ് ട്രമ്പ് പിന്തുണയുമായി എത്തിയത്. ഫിഫയിൽ വിവാദങ്ങൾ ഉയർന്നപ്പോൾ തന്നെ ഇൻഫാന്റീനോ ട്രമ്പിന്റെ സഹായം തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പിൽ അമേരിക്കൻ താരത്തിന്റെ റെഡ് കാർഡ് വിലക്ക് പിൻവലിക്കുന്നതിൽ ഉൾപ്പടെ ട്രമ്പും ഇൻഫാന്റീനോയും തമ്മിലുള്ള സൗഹൃദം വലിയ പങ്കുവഹിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഈ യുവേഫ,കോൺകകാഫ്. എ.എഫ്.സി എന്നിവർ സംയുക്തമായി ഫിഫ ഭരണസമിതിക്കും അംഗരാജ്യങ്ങൾക്കും അയച്ച തുറന്ന കത്തിൽ ഫിഫ പ്രസിഡന്റ് എന്ന നിലയിൽ കടുത്ത വിശ്വാസ വഞ്ചനയാണ് ഇൻഫാന്റീനോ കാട്ടിയതെന്ന് കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തിക തർക്കങ്ങളല്ല തങ്ങൾ ഉന്നയിക്കുന്നതെന്നും തീരുമാനങ്ങളെടുക്കുമ്പോൾ പുലർത്തേണ്ട വിശ്വാസ്യത ലംഘിക്കപ്പെട്ടതാണ് ചർച്ച ചെയ്യേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്ന പേരിൽ ഒരു വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിച്ച് ലോകകപ്പിന്റേയും പുതുതായി വിപുലീകരിച്ച ക്ലബ് ലോകകപ്പിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായിരുന്നു ഫിഫയുടെയും ഇൻഫന്റിനോയുടെയും നീക്കം.20 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയ ഈ സ്ഥാപനത്തിന്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നു ലക്ഷ്യം. ഈ പദ്ധതിക്ക് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അംഗ അസോസിയേഷനുകൾക്ക് 20 മില്യൺ ഡോളർ വീതവും വാർഷിക ഫണ്ടുകളിൽ വലിയ വർദ്ധനവും വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ യുവേഫയും കോൺകകാഫും ഉൾപ്പടെ ഫിഫയിലെ ഭൂരിപക്ഷവും സ്വകാര്യവത്കരണത്തെ എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചെന്ന് അറിയിച്ചു. എന്നിട്ടും എതിർപ്പുകൾ കെട്ടടങ്ങാതെ വരികയും ഇൻഫാന്റീനോയുടെ രാജി ആവശ്യം ഉയരുകയും അടുത്ത തിരഞ്ഞെടുപ്പിലെ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഫിഫ മാപ്പുപറയുന്നതിലേക്കും കാര്യങ്ങളെത്തി. ഇതിന് പിന്നാലെയാണ് പ്രബല സംഘടനകളുടെ തുറന്ന കത്ത് എത്തിയിരിക്കുന്നത്.

സംഘടന ഔദ്യോഗികമായി മാപ്പുപറഞ്ഞെങ്കിലും ഇൻഫാന്റീനോ രാജിവയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞദിവസം മൊറോക്കോയിൽ നടന്ന ഉന്നതതല യോഗത്തിൽ ഫിഫ എക്സിക്യൂട്ടീവ് കമ്മറ്റി ഇൻഫാന്റോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒരുവട്ടംകൂടി പ്രസിഡന്റായി താൻ മത്സരിക്കുമോ എന്നതിൽ ഇൻഫാന്റിനോ അവസാന തീരുമാനം പറഞ്ഞിട്ടില്ല. 211 ദേശീയ അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ 200 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് ഇൻഫാന്റിനോ വീണ്ടും മത്സരിക്കാനൊരുങ്ങിയത്. ഇതിൽ ഇംഗ്ളണ്ടും വെയിൽസും പിന്തുണ പരസ്യമായി പിൻവലിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360