
റൊസാരിയോ: പിതാവിന്റെ വിയോഗത്തെ തുടർന്ന് അർജന്റീന നായകൻ ലയണൽ മെസി കളിക്കളത്തിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കും. ക്ലബ്ബ് ഫുട്‌ബോളിൽ അടുത്തൊന്നും മെസി സജീവമായേക്കില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അസുഖബാധിതനായിരുന്ന ജോർജ് മെസി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പിതാവിനോട് അടുത്ത ബന്ധമാണ് മെസി പുലർത്തിയിരുന്നത്. മെസിയുടെ ജീവിതത്തിലും ഫുട്‌ബാൾ കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ജോർജ്.
ലോകകപ്പിനിടെയാണ് ജോർജ് അസുഖബാധിതനായത്. ടൂർണമെന്റിനിടെ പിതാവ് ആശുപത്രിയിലായത് മെസിയെ ഉലച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ മെസി അർജന്റീനയിലെത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ക്ളബ് ഇന്റർ മയാമിയിൽ കളിക്കാനായി മടങ്ങി. രണ്ട് മത്സരങ്ങൾ കളിക്കുകയും ഗോളടിക്കുകയും ചെയ്തപ്പോഴാണ് മരണവാർത്തെയെത്തുന്നത്. തുടർന്ന് വീണ്ടും നാട്ടിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പിതാവിന്റെ സംസ്കാരം. ഇനി കുറച്ചുകാലം നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് മെസിയുടെ തീരുമാനം.
മെസിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ജോർജ്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസി ന്യൂവൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് 13-ാം വയസ്സിൽ മെസിയെ ബാഴ്‌സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു. മെസിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിലാക്കിയാണ് ജോർജ് സ്‌പെയ്‌നിൽ മെസിക്കൊപ്പം നിന്നത്.
മെസിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. മെസിയുടെ ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കളിക്കളത്തിന് പുറത്ത് മെസിയുടെ വാണിജ്യ-പരസ്യ കരാറുകളും ജോർജാണ് നിയന്ത്രിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |