SignIn
Kerala Kaumudi Online
Saturday, 30 May 2026 3.57 PM IST

ശുഭാംശുവും സംഘവും ഭൂമി തൊടാൻ മണിക്കൂറുകൾ മാത്രം; അൺഡോക്കിംഗ് ഇന്ന് നടക്കും

shubhanshu-shukla

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ മടക്കയാത്ര ഇന്ന്. വൈകുന്നേരം 4:30 ന് ഓർബിറ്റിൽ നിന്നുള്ള അൺഡോക് ആരംഭിക്കും. കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്‌കിവിസ്നിയേവ്സ്‌കി, ടിബോർ കപു എന്നീ മൂന്ന് അന്താരാഷ്ട്ര ക്രൂ അംഗങ്ങളോടൊപ്പമാണ് ശുഭാംശു ശുക്ല ആക്സിയം4 ദൗത്യത്തിൽ പങ്കെടുത്തത്.

ജൂലായ് 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കാലിഫോർണിയ തീരത്ത് നിന്ന് സ്പ്ലാഷ്ഡൗൺ പ്രതീക്ഷിക്കാം. സ്‌പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സംഘം മടങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലും ശാസ്ത്ര ഗവേഷണത്തിലും ഇന്ത്യയുടെ പങ്ക് എടുത്തുകാണിക്കുന്ന ദൗത്യത്തിന്റെ തെളിവാണ് ശുക്ലയുടെ തിരിച്ചുവരവ്. ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ താമസത്തിനിടെ, ആക്സ് 4 സംഘം ജീവശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റീരിയൽ സയൻസ്, ആരോഗ്യം എന്നിവയിലായി 60 ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി.

ഇതിൽ സ്പ്രൗട്ട്സ് പ്രോജക്ട് ആണ് ശുഭാംശു ശുക്ലയുടെ പ്രധാന സംഭാവനകളിൽ ഒന്ന്. മൈക്രോഗ്രാവിറ്റി വിത്ത് മുളയ്ക്കുന്നതിനെയും ആദ്യകാല സസ്യവളർച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ച പദ്ധതിയായിരുന്നു ഇത്. ഭാവിയിലെ ബഹിരാകാശ കൃഷിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണമാണിത്. ഇതോടൊപ്പം ബഹിരാകാശത്ത് ഭക്ഷണം, ഓക്സിജൻ, ജൈവ ഇന്ധനങ്ങൾ എന്നിവ ഉത്പാദിപ്പിക്കാനുള്ള മൈക്രോ ആൽഗകളുടെ കഴിവ് വിലയിരുത്തി അദ്ദേഹം പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി.

അതേസമയം. ശുഭാംശു ഞായറാഴ്ച ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണനുമായും വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായരുമായും ആശയവിനിമയം നടത്തി. ഡോ. നാരായണൻ സുഖവിവരങ്ങൾ ആരാഞ്ഞു. പരീക്ഷണവിവരങ്ങളും നിലയത്തിലെ മറ്റ് പ്രവർത്തനങ്ങളും സുക്ഷ്മമായി രേഖപ്പെടുത്തിവയ്ക്കേണ്ടതിന്റെ പ്രാധാന്യം ചെയർമാൻ ഓർമ്മിപ്പിച്ചു. ശുഭാംശു പരീക്ഷണങ്ങളുടെ പുരോഗതിയും നേരിടുന്ന വെല്ലുവിളികളും പങ്കുവെച്ചു. ബഹിരാകാശ നിലയവാസികൾക്കൊപ്പം ജോലി ചെയ്യുന്നത് മികച്ച അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, INDIA, LATEST NEWS IN MALAYALAM, NEWS MALAYALAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360