SignIn
Kerala Kaumudi Online
Saturday, 30 May 2026 10.54 PM IST

1,900 കിലോമീറ്റർ സഞ്ചരിച്ച് റഷ്യൻ നഗരത്തിൽ യുക്രേനിയൻ ഡ്രോൺ ഇടിച്ചുകയറി; ബഹുനില മന്ദിരത്തിന് കേടുപാട്

yekaterinburg-

മോസ്‌കോ: റഷ്യയിലെ നാലാമത്തെ വലിയ നഗരമായ യെക്കാറ്റെറിൻബർഗിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണം. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിന് നേരെയാണ് ഡ്രോൺ പതിച്ചതെന്ന് ഗവർണർ ഡെനിസ് പാസ്‌ലർ അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും ഏകദേശം 1,900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് യെക്കാറ്റെറിൻബർഗ്. റഷ്യയുടെ പ്രതിരോധ മേഖലയിലെ പ്രധാനപ്പെട്ട ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന നഗരത്തിലേക്ക് ഇതാദ്യമായാണ് ഒരു ഡ്രോൺ പതിക്കുന്നത്. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. ചിലർക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഡ്രോൺ പതിച്ചതിനെത്തുടർന്ന് ജനൽ ചില്ലകൾ തകരുകയും മുൻഭാഗം കരിപിടിക്കുകയും ചെയ്തു. സുരക്ഷയെ മുൻനിർത്തി കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. അടിയന്തര സേവനങ്ങൾക്കായി സ്ഥലത്ത് സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രത്യാക്രമണം. എന്നാൽ സംഭവത്തിൽ യുക്രെയ്ൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2022ൽ യുദ്ധം തുടങ്ങിയത് മുതൽ റഷ്യ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന് മറുപടിയായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും സൈനിക താവളങ്ങൾക്കും നേരെ യുക്രെയ്നും ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, UKRAIN, RUSSIA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360