
നാല് മന്ത്രിമാർ രാജിവച്ചു
സ്റ്റാമറിനെതിരെ 80ലേറെ എം.പിമാർ
ലണ്ടൻ: വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിൽ ആടിയുലഞ്ഞ് യു.കെ. അധികാരത്തിലേറി രണ്ട് വർഷം തികയുംമുന്നേ പ്രധാനമന്ത്രി കിയർ സ്റ്റാമർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയിൽ കലാപം തുടങ്ങി. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതാണ് കാരണം. നാല് മന്ത്രിമാർ രാജിവച്ചു. കൂടുതൽ മന്ത്രിമാർ രാജിവച്ചേക്കും. 80ലേറെ എം.പിമാർ സ്റ്റാമറിനെതിരെ പരസ്യമായി രംഗത്തെത്തി. പാകിസ്ഥാൻ വംശജയും ഹോം സെക്രട്ടറിയുമായ ഷബാന മഹ്‌മൂദിന്റെ നേതൃത്വത്തിലെ ഒരു വിഭാഗം മുതിർന്ന ക്യാബിനറ്റ് അംഗങ്ങളും എതിർപ്പ് അറിയിച്ചിട്ടുണ്ട്. രാജിയ്ക്ക് തയ്യാറല്ലെന്നാണ് സ്റ്റാമറുടെ നിലപാട്.
2024ൽ അന്നത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നേതൃത്വത്തിലെ കൺസർവേറ്റിവ് പാർട്ടിയെ റെക്കാഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാമർ അധികാരത്തിലെത്തിയത്.
# ജനപ്രീതി തകർന്നു
1. പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ 1,400ലേറെ കൗൺസിൽ സീറ്റുകൾ നഷ്ടപ്പെട്ടു. റിഫോം യു.കെ, ഗ്രീൻ പാർട്ടികൾക്ക് നേട്ടം. സ്റ്റാമറിനോടുള്ള ജനങ്ങളുടെ മതിപ്പ് ഇടിഞ്ഞു. കുടിയേറ്റ നിയന്ത്രണം അടക്കം വാഗ്‌ദാനങ്ങൾ ഫലപ്രദമാകാത്തതിലും അമർഷം
2. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്ന പീറ്റർ മാൻഡൽസണിനെ യു.എസിലെ അംബാസഡറാക്കിയത് കടുത്ത വിമർശനത്തിന് ഇടയാക്കി. വിവാദം കനത്തതോടെ മാൻഡൽസണിനെ സ്റ്റാമർ പുറത്താക്കി
# രാജിവച്ചാൽ ?
ലേബർ പാർട്ടിയിൽ നേതൃസ്ഥാന തിരഞ്ഞെടുപ്പ് നടക്കും. വെസ് സ്ട്രീറ്റിംഗ് (ഹെൽത്ത് സെക്രട്ടറി), ആൻഡി ബേൺഹം (ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ), ആഞ്ചല റെയ്നർ (മുൻ ഉപപ്രധാനമന്ത്രി) തുടങ്ങിയവർ മത്സരിച്ചേക്കും
2029 ലാണ് പൊതുതിരഞ്ഞടുപ്പ് നടക്കേണ്ടത്. ഇതിന് മുമ്പേ സ്റ്റാമറിന് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം
# മാറാതെ അസ്ഥിരത
ഉൾപാർട്ടി പോരും രാഷ്ട്രീയ അസ്ഥിരതയും യു.കെ സർക്കാരിനെ മുൾമുനയിൽ നിറുത്തുന്നത് ആദ്യമല്ല. 2016 മുതൽ നാല് കൺസർവേറ്റീവ് പ്രധാനമന്ത്രിമാർ (ഡേവിഡ് കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്) രാജിവച്ചു. സുനക് ( 2022 - 2024) രാജിവച്ചില്ലെങ്കിലും ഉൾപാർട്ടി പോരടക്കം ഘടകങ്ങൾ തോൽവിക്ക് കാരണമായി.
# രാജ്യത്തെ കുഴപ്പത്തിലേക്ക് തള്ളിവിടുന്നതിന് പകരം സ്ഥിരത നിലനിറുത്തുകയാണ് ലക്ഷ്യം.
- കിയർ സ്റ്റാമർ,
പ്രധാനമന്ത്രി, യു.കെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |