
വാഷിംഗ്ടൺ: ഹോളിവുഡ് ഇതിഹാസം മർലിൻ മൺറോ ഒരു വിപ്ലവകാരിയായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ബ്രിട്ടൻ (സി.പി.ബി). മർലിൻ മൺറോയുടെ നൂറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണിത്. 'മർലിനെ അഴകിന്റെ പ്രതീകമായിട്ടാണ് മുതലാളിത്ത മാദ്ധ്യമങ്ങൾ ചിത്രീകരിച്ചത്. എന്നാൽ അവരിൽ തീക്ഷ്ണമായ വർഗബോധവും സോഷ്യലിസ്റ്റ് ആശയങ്ങളുമാണുണ്ടായിരുന്നത്. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിന് ഇരയാകും മുൻപ്, ലോസ് ആഞ്ചലസിലെ അനാഥാലയങ്ങളിലും റേഡിയോപ്ലെയ്ൻ യുദ്ധോപകരണ ഫാക്ടറികളിലും അവർ ജോലി ചെയ്തു. പുരുഷ മേധാവിത്വത്തിനെതിരെ ശബ്ദിച്ചു. മാർക്സിസ്റ്റ് കൃതികൾ വായിക്കുകയും ചൈനീസ് വിപ്ലവത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്ത മർലിനെ അന്നത്തെ ഭരണകൂടം ഭയപ്പെട്ടു. മക്കാർത്തിസത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ടയാടലുകളിൽപ്പെട്ട് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിഖ്യാത നാടകകൃത്ത് ആർതർ മില്ലറെ വിവാഹം കഴിക്കാൻ കാണിച്ച ധീരത അവരുടെ രാഷ്ട്രീയ നിലപാടിന്റെ തെളിവാണ് "- സി.പി.ബി കുറിച്ചു.
കടന്നുപോയ
വിസ്മയം
മൂന്നര പതിറ്റാണ്ട് കൊണ്ട് ലോകസിനിമയുടെ ചരിത്രം മാറ്റിമറിച്ച വിസ്മയം. എന്നാൽ,വിഷാദത്തിന്റേയും വിരഹത്തിന്റേയും തടവറകളിലായിരുന്നു മർലിൻ. 'നിങ്ങൾ എന്നെ നോക്കുമ്പോൾ കാണുന്നത് നിങ്ങളുടെ തന്നെ സങ്കൽപ്പങ്ങളിലെ എന്നെയാണ്...' ലോകം പുതിയവിളിപ്പേരുകൾ കൊണ്ടാഘോഷിച്ചപ്പോൾ മർലിൻ കുറിച്ച വരികളാണിത്. 1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലെ സാധാരണ കുടുംബത്തിൽ ജനിച്ച മർലിൻ മൺറോ എന്ന നോർമ ജീൻ മോർട്ടെൻസണിനെ അച്ഛനില്ലാത്ത ബാല്യവും അമ്മയുടെ രോഗവും അനാഥാലയങ്ങളിലെത്തിച്ചു. 16-ാം വയസിൽ വിവാഹം. മൂന്നു പേരുടെ ഭാര്യയായെങ്കിലും ജീവിതത്തിൽ മർലിൻ തനിച്ചായി.
ജെന്റിൽമെൻ പ്രിഫർ ബ്‌ളോണ്ടസ്, സം ലൈക്ക് ഇറ്റ് ഹോട്ട്, ഹൗ ടു മാരി എ മില്യണയർ തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെ രാജ്ഞിയായി. ഹോളിവുഡ് ഗ്ലാമർ വേഷങ്ങളിലേക്ക് ഒതുക്കാൻ ശ്രമിച്ചപ്പോൾ, അതിനെതിരെ പോരാടി. പുരുഷാധിപത്യം നിറഞ്ഞ സ്റ്റുഡിയോ സംസ്‌കാരത്തോട് പൊരുതി സ്വന്തം സിനിമകൾ നിർമ്മിച്ചു. നടിയെന്നതിനപ്പുറം, ഇരുപതാം നൂറ്റാണ്ടിന്റെ പോപ്പ് സംസ്‌കാരത്തെയും ഫാഷനെയും മർലിൻ നിയന്ത്രിച്ചു. 1962 ആഗസ്റ്റ് നാലിന് 36-ാം വയസിൽ പ്രശസ്തിയുടെ നെറുകയിൽ നിൽക്കേ അകാലമരണം. ഇന്നും ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യബിംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |