
ടെഹ്റാൻ: യു.എസ്- ഇറാൻ യുദ്ധം താത്കാലികമായി അവസാനിച്ചതിനു പിന്നാലെ, ലെബനനും സമാധാനത്തിന്റെ പാതയിലേക്ക്. ഇന്നലെ ഉച്ചവരെ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്കൊടുവിൽ ഇസ്രയേലും ഹിസ്ബുള്ളയും വെടിനിറുത്തലിന് ധാരണയായി. യു.എസും ഖത്തറും ഇടപെട്ടതോടെ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 6.30ന് ആക്രമണങ്ങൾ നിറുത്തി.
ലെബനനിലെ ഇസ്രയേൽ ആക്രമണം നിറുത്താതെ യു.എസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ നിലപാടെടുത്തതോടെയാണ് യു.എസും ഖത്തറും ഇടപെട്ടത്. ഇന്നലെ പുലർച്ചെ മുതൽ ഉച്ചവരെ തെക്കൻ ലെബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. 80ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തു. ഹിസ്ബുള്ളയുടെ പ്രത്യാക്രമണത്തിൽ 4 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു.
ലെബനനിൽ ആക്രമണം പാടില്ലെന്ന ഇടക്കാല കരാർ വ്യവസ്ഥ ലംഘിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി. ലെബനനിലെ ഇസ്രയേൽ ആക്രമണം തുടർന്നതോടെ ഇന്നലെ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഇറാൻ-യു.എസ് ഇടക്കാല സമാധാന കരാറിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന ആദ്യ റൗണ്ട് ചർച്ച മുടങ്ങി.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും ചർച്ചയിൽ നിന്ന് പിന്മാറി. പിന്നാലെ ലെബനനിൽ വെടിനിറുത്തൽ ധാരണയായതോടെ ചർച്ചയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഇടക്കാല സമാധാന കരാറിൽ വ്യാഴാഴ്ചയാണ് യു.എസും ഇറാനും ഒപ്പിട്ടത്. ഇതോടെ അന്തിമ കരാറിലെത്താനുള്ള 60 ദിവസ സമയപരിധി തുടങ്ങി. ഇതിനുള്ളിൽ ഇറാന്റെ ആണവ പദ്ധതിയിലടക്കം ധാരണയിലെത്തിയാലേ യുദ്ധത്തിന് ശാശ്വത പരിഹാരമാകൂ.
സജീവമായി
ഹോർമുസ്
ഹോർമുസ് കടലിടുക്ക് തുറക്കുകയും, ഇറാനു മേലുള്ള നാവിക ഉപരോധം യു.എസ് നീക്കുകയും ചെയ്തതോടെ പേർഷ്യൻ, ഒമാൻ ഉൾക്കടലുകൾക്കിടയിലെ കപ്പൽ ഗതാഗതം സജീവമായി. വ്യാഴാഴ്ച മാത്രം 25 കപ്പലുകൾ ഹോർമുസ് കടന്നു.
ഇറാനിലെ യുദ്ധത്തിന് സമാന്തരമായി, അവരുടെ സഖ്യകക്ഷിയായ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രയേൽ ആക്രമണം തുടങ്ങിയത് - മാർച്ച് 2
ലെബനനിൽ ഇതുവരെ മരണം - 3,912
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |