
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യു.എസ് ഫെഡറൽ കോടതി തള്ളി. ന്യൂയോർക്കിലെ ബ്രൂക്ലിൻ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി നിക്കോളാസ് ഗരാഫിസാണ് സാമ്പത്തിക തട്ടിപ്പ്-കൈക്കൂലി കേസ് തള്ളിയത്. ഗൗതം അദാനിക്കുപുറമേ സഹോദരീപുത്രൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ കേസുകളും റദ്ദാക്കി. ആരോപിക്കപ്പെട്ട സംഭവങ്ങൾ വിദേശത്താണ് നടന്നതെന്നും തെളിയിക്കാൻ പ്രായോഗിക തടസങ്ങളുണ്ടെന്നും വ്യക്തമാക്കി യു.എസ് നീതിന്യായ വകുപ്പ് കഴിഞ്ഞ മേയിൽ സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
'വിത്ത് പ്രെജുഡീസ്' വ്യവസ്ഥയിലാണ് ഹർജി തള്ളിയത്. അതിനാൽ ഈ ആരോപണങ്ങളുടെ പേരിൽ ഭാവിയിൽ അദാനിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ യു.എസ് നീതിന്യായ വകുപ്പിന് കഴിയില്ല. ഇന്ത്യയിൽ സൗരോർജ്ജ പദ്ധതികൾ സ്വന്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു 2024ൽ അദാനിക്കെതിരെ ചുമത്തിയ കേസ്. എന്നാൽ അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചു.
യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മിഷൻ (എസ്.ഇ.സി) നൽകിയ സിവിൽ കേസുകളിൽ അദാനി ഗ്രൂപ്പ് ഒത്തുതീർപ്പിലെത്തി. ഗൗതം അദാനി 60 കോടി ഡോളറും സാഗർ അദാനി 1.2 കോടി ഡോളറും പിഴയടയ്ക്കാൻ സമ്മതിച്ചു. ഇറാൻ ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് 275 മില്യൺ ഡോളർ യു.എസ് ട്രഷറിക്ക് നൽകാനും ധാരണയായി.
നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനത്തോടെ വിധി സ്വാഗതം ചെയ്യുന്നു. ഞങ്ങളിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലും വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി
-ഗൗതം അദാനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |