
ജനീവ: വെള്ള നിറത്തിലെ ഭംഗിയേറിയ വെഡ്ഡിംഗ് ഗൗൺ കണ്ടില്ലേ. ശരിക്കും ഇതൊരു ഗൗണല്ല. ഗൗണിന്റെ രൂപത്തിലെ കേക്കാണ്. കഴിക്കുക മാത്രമല്ല, ധരിക്കുകയും ചെയ്യാം എന്നതാണ് ഈ കേക്കിന്റെ പ്രത്യേകത. ലോകത്ത് കേക്ക് കൊണ്ട് നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ വസ്ത്രമാണിത്. സ്വിറ്റ്‌സർലൻഡിൽ ' സ്വീറ്റി കേക്ക്സ് " എന്ന ബേക്കറി നടത്തുന്ന നടാഷ കോളിൻ കിം ഫേ ലീ ഫോകാസാണ് ഈ വ്യത്യസ്ത ഗൗണിന് പിന്നിൽ. 2023ൽ ബേൺസ് നഗരത്തിൽ നടന്ന സ്വിസ് വേൾഡ് വെഡ്ഡിംഗ് ഫെയർ ഷോയിലാണ് ഈ കേക്ക് ഗൗൺ അവതരിപ്പിച്ചത്.
കേക്ക് ഗൗൺ ധരിച്ച് മോഡൽ റാംപ് വാക്കും നടത്തി. ഷോയ്ക്ക് ശേഷം അതിഥികൾക്ക് തന്നെ കേക്കിന്റെ ഭാഗങ്ങൾ നൽകി. 131.15 കിലോഗ്രാമായിരുന്നു കേക്ക് ഗൗണിന്റെ ഭാരം. അലൂമിനിയം ഫ്രെയിമിന്റെയും മെറ്റൽ ബോൾട്ടുകളുടെയും സഹായത്തോടെയാണ് കേക്ക് ഗൗണിന്റെ താഴത്തെ ഭാഗം നിർമ്മിച്ചത്. ഷുഗർ പേസ്റ്റ്, ഫോണ്ടന്റ് എന്നിവ കൊണ്ടാണ് മുകൾ ഭാഗം നിർമ്മിച്ചത്.
ഗൗണിന്റെ താഴെ വീലുകൾ ഘടിപ്പിച്ചിരുന്നതിനാൽ അത് ധരിച്ച മോഡലിന് ബുദ്ധിമുട്ട് കൂടാതെ നടക്കാനായി. ലെയേഡ് കേക്കിൽ വിവാഹ വസ്ത്രത്തെ സ്മരിപ്പിക്കും വിധം പൂക്കൾ അടക്കമുള്ള ഡിസൈനുകൾ റോയൽ ഐസിംഗ് വഴി ചേർത്തു. സ്വീറ്റ് ഹാർട്ട് നെക്ക്‌ലൈനാണ് ഗൗണിന്. 2014ൽ ടൂൺ നഗരത്തിൽ തുടങ്ങിയ നടാഷയുടെ സ്വീറ്റി കേക്ക്സ് കസ്റ്റം മെയ്ഡ് കേക്കുകൾക്ക് പ്രസിദ്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |