അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പൽവ്യൂഹം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. നെതന്യാഹുവിന്റെ ഉന്നത ഉദ്യോഗസ്ഥൻ അഫെക് മോസ്‌കോവിച്ചിനെതിരെയും റെഡ് നോട്ടീസ് ആവശ്യപ്പെട്ടതായി തുർക്കി നീതിന്യായമന്ത്രി അകിൻ ഗുർലെക് എക്‌സിൽ കുറിച്ചു.
മേയിൽ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി 40ലേറെ രാജ്യങ്ങളിൽ നിന്നുള്ള 430ഓളം പ്രവർത്തരുമായി ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല കപ്പൽ പുറപ്പെട്ടിരുന്നു. ഇസ്രയേലിന്റെ നാവിക ഉപരോധം മറികടക്കുകയായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇസ്രയേൽ സേന ഭൂരിഭാഗം കപ്പലുകളും തടയുകയും നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 48 തുർക്കി പൗരന്മാരും കസ്റ്റഡിയിലായതായി തുർക്കി അറിയിച്ചു.
സംഭവത്തിൽ നെതന്യാഹുവിനും മറ്റ് 34 ഇസ്രയേൽ ഉദ്യോഗസ്ഥർക്കുമെതിരെ തുർക്കിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, വംശഹത്യ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുക, മനഃപൂർവം പരിക്കേൽപ്പിക്കൽ, പീഡനം, സ്വത്ത് നശിപ്പിക്കൽ, കൊള്ള, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇറ്റലി, ഓസ്ട്രേലിയ, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തുർക്കിയുടെ നീക്കം.
ഇസ്രയേൽ നടത്തിയ നടപടികളിലൂടെ ഗാസയിൽ നടന്ന കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാനോ ഉത്തരവാദികളെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാനോ അനുവദിക്കില്ലെന്ന് തുർക്കി നീതിന്യായമന്ത്രി ഗുർലെക് പറഞ്ഞു. ദേശീയ, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം എല്ലാ മാർഗങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെതന്യാഹുവിനും മോസ്‌കോവിച്ചിനുമെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് തേടാൻ ഇസ്താംബൂൾ കോടതി തുർക്കി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. തുർക്കിയുടെ നീക്കത്തിനെതിരെ നെതന്യാഹുവിന്റെ ഓഫീസ് രൂക്ഷമായി പ്രതികരിച്ചു. തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗനെ 'യഹൂദവിരുദ്ധ ഏകാധിപതി' എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. ഇസ്രയേൽ നേതാക്കളെയും സൈനികരെയും ഭീഷണിപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ലെന്നും വ്യക്തമാക്കി.
Turkey has asked Interpol to issue Red Notices against Israeli Prime Minister Benjamin Netanyahu and Israeli official Afek Moskovitch over the 2025 interception of the Global Sumud Flotilla carrying humanitarian aid to Gaza.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |