നെടുമങ്ങാട് : ജാതി അധിക്ഷേപം ചോദ്യം ചെയ്ത പട്ടികജാതിക്കാരനായ വെൽഡിംഗ് തൊഴിലാളിയെയും സഹജോലിക്കാരെയും വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിച്ചതച്ചെന്ന് ആക്ഷേപം.ചിറമുക്ക് വേടരുകോണം കൈതക്കുഴി വീട്ടിൽ രഘുവിന്റെ മകൻ രഞ്ചുനാഥ്, വലിയക്കടയിൽ കൊച്ചുവീട്ടിൽ ജി.അജേഷ്‌കുമാർ,കല്ലുപറമ്പ് ഗീത ഭവനിൽ വി.ശ്യാം എന്നിവർക്കാണ് മർദ്ദനമേറ്റത്.മൂവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെമ്പായത്ത് കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്ത വകയിൽ ഇവർക്ക് 12,500 രൂപ ലഭിക്കാനുണ്ട്.വേതനം സംബന്ധിച്ചുണ്ടായ തർക്കത്തിനിടെയാണ് ഉടമ ജാതി അധിക്ഷേപം നടത്തിയതെന്ന് മനുഷ്യാവകാശ കമ്മിഷൻ,പട്ടികജാതി-പട്ടികവർഗ കമ്മിഷൻ,ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു.തുടർന്ന് ഉടമ നൽകിയ പരാതിയിൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിളിപ്പിച്ച് ഇരുട്ടുമുറിയിൽ കൊണ്ടുപോയി ഉരുളൻ തടിക്കഷണം ഉപയോഗിച്ച് പാദത്തിലും മുളങ്കാലിലും വയറിലും ശക്തമായി അടിക്കുകയും കുനിച്ചു നിർത്തി നട്ടെല്ലിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. എസ്.ഐയും ഒരു പൊലീസുകാരനും ചേർന്നാണ് മർദ്ദിച്ചതെന്നും വിശദമാക്കിയിട്ടുണ്ട്.ആശുപത്രി രേഖകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.എന്നാൽ,മർദ്ദന പരാതി പൊലീസ് നിഷേധിച്ചു.വസ്തുതാപരമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |