കോഴിക്കോട്: ഇക്കുറി ജില്ലയിൽ വേനൽ മഴ പെയ്തിറങ്ങിയത് റെക്കാഡിലേക്ക്. ഈ മാസം ഒന്നു മുതൽ ഇന്നലെ വരെ പെയ്തത് 251 ശതമാനം അധിക മഴയാണ്. വടക്കൻ കേരളത്തിൽ മഴ അതിശക്തമായിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 16.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 57.5 മില്ലി മീറ്റർ മഴ ലഭിച്ചു. അതായത് 251 ശതമാനം അധിക മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് കോഴിക്കോട്. 357 ശതമാനം അധിക മഴ പെയ്ത മാഹിയാണ് ഒന്നാം സ്ഥാനത്ത്. എറണാകുളം, ആലപ്പുഴ, ഇടുക്കി, കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളൊഴികെയുള്ള ജില്ലകളിൽ 100 ശതമാനത്തിലധികം മഴ രേഖപ്പെടുത്തി. കാസർകോട് ആണ് ഏറ്രവും കുറവ് മഴ ലഭിച്ചത്.
മഴ പെയ്തിട്ടും കുറയാതെ ചൂട്
മഴ ശക്തമായി പെയ്തിട്ടും പകൽ ചൂടിന് ശമനമില്ല. അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോതും ഉയർന്നു തന്നെയാണ്. ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 5 ആണ്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. വെയിലിനൊപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജല തന്മാത്രകളും കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ അധികമായാൽ അപകടമാണ്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നത്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.
സംസ്ഥാനം- ലഭിച്ച മഴ- കൂടുതൽ
ആലപ്പുഴ- 72.5- 83%
കണ്ണൂർ-53.3-283%
എറണാകുളം- 53.9-60%
ഇടുക്കി-65.1- 61%
കാസർകോട്- 4.4- -69%
കൊല്ലം- 75.5- 68%
കോട്ടയം-120- 161%
കോഴിക്കോട്-57.5- 251%
മലപ്പുറം-63.1- 234%
പാലക്കാട്-42.9- 121%
പത്തനം തിട്ട- 105.1-92%
തിരുവനന്തപുരം- 101.7- 212%
തൃശൂർ-37- 108%
വയനാട്-66.1-248%
മാഹി- 70.4- 357%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |