
വ്യാപാര യുദ്ധ ഭീതിയിൽ സ്വർണക്കുതിപ്പ്
കൊച്ചി: ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും റെക്കാഡ് കീഴടക്കി കുതിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന്(28.35 ഗ്രാം) 3,087 ഡോളർ വരെ ഉയർന്നതോടെയാണ് ആഭ്യന്തര വിലയിൽ വൻകുതിപ്പുണ്ടായത്. കേരളത്തിൽ പവൻ വില 840 രൂപ ഉയർന്ന് 66,720 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 8,340 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 54,720 രൂപയിലെത്തി.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് അമേരിക്ക 25 ശതമാനം തീരുവ ഏർപ്പെടുത്തിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. തീരുവ വർദ്ധിക്കുന്നതോടെ നാണയപ്പെരുപ്പം കൂടുമെന്ന ആശങ്ക ശക്തമായി. ഇതോടൊപ്പം ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകളും സ്വർണത്തിന് കരുത്ത് പകർന്നു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായാൽ സ്വർണ വില ഔൺസിന് 3,200 ഡോളർ വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.
വെള്ളി വിലയും റെക്കാഡിൽ
വെള്ളിയുടെ വിലയും പുതിയ റെക്കാഡ് ഉയരത്തിലെത്തി. സ്വർണ വിലയിലെ കുതിപ്പാണ് വെള്ളി ഉപഭോഗവും ഉയർത്തുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 34.38 ഡോളറിലെത്തി. ഇതോടെ കേരളത്തിൽ വെള്ളി വില ഗ്രാമിന് മൂന്ന് രൂപ വർദ്ധിച്ച് 112 രൂപയിലെത്തി. ഒരു കിലോയുടെ വില മൂവായിരം രൂപ ഉയർന്ന് 1,12,000 രൂപയായി.
സ്വർണാഭരണത്തിന് പവന് 72,500 രൂപ കവിയും
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ചരക്ക് സേവന നികുതിയും(ജി.എസ്.ടി) സെസും ഹോൾമാർക്കിംഗ് നിരക്കും പണിക്കൂലിയുമടക്കം 72,500 രൂപയിലധികമാകും. നിലവിൽ സ്വർണത്തിന് മൂന്ന് ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. പണിക്കൂലി ആഭരണങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് മാറ്റം വരും.
വിപണിയിൽ മാന്ദ്യം
ഉത്സവ സീസൺ ആരംഭിച്ചെങ്കിലും വിലയിലുണ്ടായ കുതിപ്പ് മൂലം സംസ്ഥാനത്തെ ജുവലറികളിൽ വിൽപ്പന മാന്ദ്യമാണ്. മുൻവർഷത്തെ അപേക്ഷിച്ച് റംസാനും ഈസ്‌റ്ററും വിഷുവും അടക്കമുള്ള ഉത്സവ കാലയളവിൽ ഇത്തവണ വിൽപ്പനയിൽ ഇരുപത് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |