SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.30 AM IST

പരീക്ഷയിലെ മിനിമം മാർക്ക് യു.പി ക്ലാസുകളിലേക്കും

v-sivankutty

തിരുവനന്തപുരം:എഴുത്തുപരീക്ഷകളിലെ മിനിമം മാർക്ക് പുതിയ അദ്ധ്യയനവർഷം അഞ്ച്,​ ആറ്,​ ഏഴ് ക്ളാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.സ്‌കൂൾ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു.എട്ടാംക്ലാസിൽ മിനിമം മാർക്ക് വിജയകരമായി നടപ്പാക്കാനായി.പഠനപിന്തുണാ പരിപാടിക്ക് മികച്ച പ്രതികരണമാണുള്ളത്.ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനായി.നിർമിതബുദ്ധിയും റോബോട്ടിക്സും സംയോജിപ്പിച്ച് നൂതനരീതികൾ പ്രയോജനപ്പെടുത്തിയാണ് അദ്ധ്യാപകപരിശീലനം.ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്,ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പുസ്തകങ്ങൾ കഴിഞ്ഞതവണ പുറത്തിറക്കിയിരുന്നു. ഇത്തവണ രണ്ട്,നാല്,ആറ്,എട്ട്,പത്ത് ക്ലാസുകളിലെ മൂന്നുകോടിയിലേറെ പുസ്തകങ്ങൾ വിതരണത്തിനു തയ്യാറായതായും 443 പുതിയ പുസ്തകങ്ങൾ വികസിപ്പിച്ചെടുത്തതായും മന്ത്രി അറിയിച്ചു.മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ,എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ.ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, എസ്‌.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, നവകേരളം കർമ്മ പദ്ധതി കോ-ഓഡിനേറ്റർ ടി.എൻ സീമ,​ കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.ആന്റണി രാജു എം.എൽ.എ സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

 'കുരുന്നെഴുത്തുകളിലെല്ലാം വല്യകാര്യങ്ങൾ"

അച്ഛന്റെ കണ്ണീർ ആദ്യമായി കണ്ട ദിനത്തെക്കുറിച്ച് ഒന്നാംക്ളാസുകാരി അലാനയുടെ ഡയറിക്കുറിപ്പിൽ കണ്ണീർ പൊടിയുന്നു. കൂട്ടുകാരൻ ബൈക്കപകടത്തിൽ മരിച്ച ദിവസമാണ് അച്ഛൻ കരയുന്നത് അവളാദ്യമായി കാണുന്നത്. സമാധാനിപ്പിച്ചശേഷം അലാന അച്ഛനോട് പറഞ്ഞു ''ബൈക്കിൽ വേഗത്തിൽ പോകരുത്."" തന്റെ വാക്കുകൾ കേട്ട അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയെന്ന് നിലമേൽ മുരുക്കുമൺ യു.പി.എസിലെ വിദ്യാർത്ഥിയായ അലാന ഡയറിയിലെഴുതി.

വിദ്യാഭ്യാസമന്ത്രി എഡിറ്ററായ കുരുന്നെഴുത്തുകളിൽ ഒന്നാംക്ളാസുകാരുടെ ഡയറിക്കുറിപ്പുകളാണുള്ളത്. മുറിവേറ്റകിളിയുടെ നൊമ്പരം ഡയറിയിലേക്ക് പകർത്തിയത് അരിഞ്ചേർമല സെന്റ് തോമസ് എൽ.പി.എസിലെ മുഹമ്മദ് ആദിൽ. അപകടത്തിൽ പരിക്കേറ്റ അച്ഛനെക്കുറിച്ചാണ് ആരവ് പി.പിയുടെ വരികൾ. എറണാകുളം കിഴക്കമ്പലം ജി.എൽ.പി.എസ് വിദ്യാർത്ഥി ലെനിൻ ബിജുവിന്റെ ഡയറിയിൽ നിന്നാണ് പലരും പൂതിയുണർത്തി എന്നൊരു മരമുണ്ടെന്നറിഞ്ഞത്!

മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ഡയറിക്കുറിപ്പുകളും കുരുന്നെഴുത്തുകളിലുണ്ട്. ഇന്നലെ കോട്ടൺഹിൽ സ്കൂളിൽ മന്ത്രി കുരുന്നെഴുത്തുകൾ പ്രകാശനം ചെയ്തു. ഡയറിക്കുറിപ്പുകളെഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജി.എൽ.പി.എസിലെ വിദ്യാർത്ഥി മിഥുൻ, നെയ്യാറ്റിൻകര ഗവ.ജെ ബി.എസിലെ സിദ്ധാർഥ്, അഞ്ചൽ ജി.എൽ.പി.എസി ലെ അദിതി, പത്തനംതിട്ട തെള്ളിയൂർ എസ്.ബി.എൻ.എൽ.പി.എസിലെ ലിയോ ലിജു, പൊൻകുന്നം സി.എം.എസ്.എൽ.പി.എസിലെ ആഷേർ.കെ ഷൈജു എന്നിവർ പുസ്തകമേറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA