SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.34 PM IST

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക്

atm

മെട്രോകളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ വരെ സൗജന്യം

ഇടപാടുകളുടെ എണ്ണം കൂടിയാൽ 23 രൂപയും നികുതിയും ഫീ ഈടാക്കും

കൊച്ചി: ഉപഭോക്താക്കൾ ശാഖകൾ സന്ദർശിക്കുന്നതും എ.ടി.എം ഉപയോഗിക്കുന്നതും നിയന്ത്രിച്ച് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് സേവന നിരക്കുകൾ വർദ്ധിപ്പിക്കുന്നു. പേപ്പർ കറൻസിയുടെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നാളെ മുതൽ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് അനുമതി നൽകിയത്. മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളെന്ന് ബാങ്കുകൾ വ്യക്തമാക്കി. ഇതിന് മുകളിൽ നടത്തുന്ന ഇടപാടുകളുടെ ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി ഉയരും. ഇതോടൊപ്പം നികുതിയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. പണം പിൻവലിക്കൽ, നിക്ഷേപം തുടങ്ങിയ ധനകാര്യ സേവനങ്ങളും ബാലൻസ് അറിയുന്നതടക്കമുള്ള ധനകാര്യ ഇതര ഇടപാടുകൾക്കും പരിധി ബാധകമാകുമെന്ന് റിസർവ് ബാങ്കിന്റെ പുതിയ എ.ടി.എം ഉപയോഗ മാർഗ നിർദേശങ്ങൾ വ്യക്തമാക്കുന്നു. എ.ടി.എം മെഷീനുകളിൽ പണം നിക്ഷേപിക്കുന്നതിനും പുതിയ പരിധി ബാധകമാണ്.

അതേസമയം ധനകാര്യ ഇതര സേവനങ്ങൾ ഉപയോഗിക്കുന്നതിന് ചാർജ് ഈടാക്കില്ലെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് വ്യക്തമാക്കി. ധനകാര്യ ഇതര സേവനങ്ങൾ പരിധിയിലധികം ഉപയോഗിക്കുമ്പോൾ 11 രൂപയും നികുതിയും ഈടാക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു.

ലക്ഷ്യം സമ്പൂർണ ഡിജിറ്റലൈസേഷൻ

ബാങ്കിംഗ് രംഗത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സൗജന്യ ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കുന്നത്. എ.ടി.എം ഇടപാടുകൾക്ക് ചെലവേറുന്നതോടെ ഉപഭോക്താക്കൾ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുമെന്നും വിലയിരുത്തുന്നു.

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ കുറയുന്നു

മൂന്ന് വർഷമായി എ.ടി.എമ്മിലൂടെയുള്ള പണം പിൻവലിക്കൽ തുടർച്ചയായി കുറയുകയാണെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ പറയുന്നു. 2023 ജനുവരിയിൽ എ.ടി.എമ്മിലൂടെ പണം പിൻവലിക്കൽ ഇടപാടുകൾ 57 കോടിയായിരുന്നു. 2024 ജനുവരിയിലിത് 52.72 കോടിയും നടപ്പുവർഷം ജനുവരിയിൽ 48.83 കോടിയുമായി കുത്തനെ കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360