SignIn
Kerala Kaumudi Online
Monday, 25 May 2026 12.39 PM IST

ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചു, പാലായിൽ വോട്ട് കച്ചവടം നടന്നെന്ന് ജോസ് ടോം

jose-tom
യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പാലായിലെ കെ.എം.മാണിയുടെ വീട്ടിലിരുന്ന് വോട്ടിംഗ് നില അറിയുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ആദ്യ റൗണ്ടും രണ്ടാം റൗണ്ടും പുറത്തുവരുന്നതോടെ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി.കാപ്പൻ 1560 വോട്ടിന് ലീഡ് ചെയ്യുകയാണ്. യു.ഡി.എഫ്-8174, എൽ.ഡി.എഫ് 8931, ബി.ജെ.പി-3240,നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് മാണി സി.കാപ്പൻ ഇപ്പോൾ മേൽക്കൈ നേടിയിരിക്കുന്നത്. നിലവിൽ മാണി സി.കാപ്പൻ വോട്ട് ലീഡ് ഉയർത്തുകയാണ്. ഇപ്പോൾ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം പറഞ്ഞു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. എന്നാൽ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൽ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയും കോൺഗ്രസും വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ് രാമപുരം. കോൺഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നൽകിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാൽ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിർണ്ണായകമാണ്‌.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാൾ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പൻ രാമപുരത്ത് നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PALA BYELECTION, KM MANI, KERALA CONGRESS, CPM, MANI C KAPPAN, JOSE TOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA