
ആലപ്പുഴ: അവസരവാദ രാഷ്ട്രീയ നിലപാട് സ്വീകരിച്ചയാൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിലേക്ക് വീഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പലപ്പുഴ വളഞ്ഞവഴിയിൽ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. അവസരവാദക്കാരനും യു.ഡി.എഫും ചേർന്ന് ബി.ജെ.പി വോട്ട് തേടുന്നു.എൽ.ഡി.എഫിനെ പരാജയപ്പെടുത്താനാണ് ബി.ജെ.പിയുടെ സഹായത്തോടെ സ്ഥാനാർത്ഥിയെ നിറുത്തുന്നത്. കോൺഗ്രസിന് എങ്ങനെയും ഒരു സീറ്റ് നേടണമെന്നേയുള്ളു. അതിന് ബി.ജെ.പിയുടെ സഹായവും ലഭിക്കുന്നു. വികാരചിചാരമുള്ള മനുഷ്യർ അവസരവാദ നിലപാടിന്റെ മൂർത്തീകരണത്തെ എന്തിനു പേറണം?. അങ്ങനെ ചിന്തിക്കുമ്പോൾ ശരിയായ നിലപാടിലേക്ക് ജനങ്ങൾ എത്തിയിട്ടുണ്ട്. അമ്പലപ്പുഴയെയും ആലപ്പുഴയെയും കുറച്ചു കാണേണ്ട. ഇത് പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ആ മണ്ണിന് അതിന്റേതായ ചരിത്രമുണ്ട്. ഏതെങ്കിലും തരത്തിൽ വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കില്ല. ഒരു കാലത്തും ഒരു വ്യതിയാനത്തിന്റെയും കൂടെ ആലപ്പുഴ പോയിട്ടില്ല. വ്യതിയാനത്തിനിരയായവർ അതിന്റെ വഴിക്കു പോകും. ഒരു തരത്തിലുള്ള പോറലും എൽ.ഡി.എഫിന് ഏൽക്കില്ലെന്നും
മുഖ്യമന്ത്രി പറഞ്ഞു.
ഞാനൊരു ചെളിക്കുണ്ടിലും പോയിട്ടില്ല: ജി. സുധാകരൻ
താൻ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ. ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നത്. അതിനുള്ള അടവും തന്ത്രവുമറിയാം. പുന്നപ്ര-വയലാർ സമര കാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വലിയ സ്വാതന്ത്ര്യ സമരസേനാനിയായി നടക്കുന്നു. തനിക്ക് ചരിത്രബോധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ്സ് കഴിഞ്ഞവരെ ഇറച്ചിക്കടയിൽ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്. പിണറായിക്ക് വയസായില്ലേ?. ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തുണ്ടായിട്ട് എന്തായി?.
ഭരണഘടനയുടെ നാനാർത്ഥങ്ങൾ പിണറായിക്ക് അറിയില്ല. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് പറഞ്ഞു നടക്കുകയാണ്. പാവപ്പെട്ട ആശാപ്രവർത്തകർ ദീർഘകാലം സമരം ചെയ്തിട്ടും നിരാശരായല്ലേ പോയത്. ചെടിച്ചട്ടി കൊണ്ട് അടിച്ചു യൂത്ത് കോൺഗ്രസുകാരുടെ തല തല്ലിപ്പൊട്ടിച്ചതിനെ രക്ഷാപ്രവർത്തനമെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഇതാണോ ധാർമ്മികത. ഭൂതകാലം നിഷേധിക്കുന്നത് താനല്ല, പിണറായി വിജയനാണ്.അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കാലം മാത്രമാണ് ഓർമ്മയുളളത്. അതു കൊണ്ടാണ് തങ്ങളുടെ കാര്യങ്ങളൊന്നും അറിയാത്തത്. ബി.ജെ.പിയുടെ വോട്ട് വേണമെന്ന് താൻ പറഞ്ഞിട്ടില്ല. പിണറായി ഏഴാം തവണയാണ് മത്സരിക്കുന്നത്. സജി ചെറിയാൻ മൂന്നാം തവണ. ടേം വ്യവസ്ഥ വന്നത് തന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് അന്ന് പലരും പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. ഇന്നത് ബോദ്ധ്യമായി- സുധാകരൻ പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |