SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.11 AM IST

വായ്‌പകളിൽ സ്വകാര്യ ബാങ്കുകളുടെ മുന്നേറ്റം

loans

കൊച്ചി: വായ്‌പാ വിതരണത്തിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം മികച്ചതോതിൽ ഉയരുന്നു. 2017 ഡിസംബറിൽ രാജ്യത്തെ മൊത്തം വായ്‌പകളിൽ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 65 ശതമാനമായിരുന്നു. 2020 ഡിസംബറിൽ ഇത് 59 ശതമാനമായി താഴ്‌ന്നുവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഇക്കാലയളവിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം 30 ശതമാനത്തിൽ നിന്ന് 36 ശതമാനമായി മെച്ചപ്പെട്ടു.

ലയനം, സ്വകാര്യവത്‌കരണം തുടങ്ങിയവയാണ് പൊതുമേഖലാ ബാങ്കുകൾക്ക് തിരിച്ചടിയാകുന്നത്. ലയനം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പം മൂലം ഉപഭോക്താക്കൾ സ്വകാര്യ മേഖലയിലേക്ക് ചേക്കേറുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, ഇവ ഏതൊക്കെയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റിയിരുന്നു.

2019 ജനുവരിയിൽ എൽ.ഐ.സി മാനേജ്‌മെന്റ് ചുമതല ഏറ്റെടുത്തതോടെ, ഐ.ഡി.ബി.ഐ ബാങ്കും ഇപ്പോൾ ഉൾപ്പെടുന്നത് സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ്. 2019 ഏപ്രിൽ ഒന്നിനാണ് ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിൽ ലയിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നവിധം ഓറിയൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിച്ചത്.

ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച രണ്ടു പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം യാഥാർത്ഥ്യമായാൽ, മൊത്തം വായ്‌പകളിൽ പൊതുമേഖലാ ബാങ്കുകൾ നാലു ശതമാനം വരെ നഷ്‌ടം ഇനിയും നേരിട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

3.98%

ഇന്ത്യയിലെ മൊത്തം വായ്‌പകളിൽ വിദേശ ബാങ്കുകളുടെ വിഹിതം 4.44 ശതമാനത്തിൽ നിന്ന് 3.98 ശതമാനമായി താഴ്‌ന്നു. സ്മാൾ ഫിനാൻസ് ബാങ്കുകളുടെ വിഹിതം 2017 ഡിസംബറിലെ 0.22 ശതമാനത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ ഒരു ശതമാനമായി മെച്ചപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BANK LOANS, LOANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360