SignIn
Kerala Kaumudi Online
Friday, 18 September 2026 7.06 PM IST

കേന്ദ്ര നികുതി വരുമാനത്തിൽ 86 ശതമാനം വർദ്ധന

nirmala

 നികുതിവെട്ടിപ്പുകാർക്കെതിരെ നടപടി കർശനമാക്കിയെന്ന് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനം നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 86 ശതമാനം ഉയർന്ന് 5.57 ലക്ഷം കോടി രൂപയിലെത്തി. 2.46 ലക്ഷം കോടി രൂപ അറ്റ പ്രത്യക്ഷനികുതി വരുമാനവും 3.11 ലക്ഷം കോടി രൂപ അറ്റ പരോക്ഷനികുതി വരുമാനവുമാണ്. 2020-21 ആദ്യപാദത്തിൽ അറ്റ പ്രത്യക്ഷനികുതി വരുമാനം 1.17 ലക്ഷം കോടി രൂപയും അറ്റ പരോക്ഷനികുതി വരുമാനം 1.82 ലക്ഷം കോടി രൂപയുമായിരുന്നു. പ്രത്യക്ഷനികുതിയിൽ 109.3 ശതമാനവും പരോക്ഷനികുതിയിൽ 70.3 ശതമാനവുമാണ് വർദ്ധനയെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ പറഞ്ഞു.

നികുതിവെട്ടിപ്പുകാർക്കെതിരെ ക്രിമിനൽ കേസുടുക്കുന്നതുൾപ്പെടെയുള്ള നടപടി കർശനമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബ്ളാക്ക് മണി ആൻഡ് ഇംപോസിഷൻ ഒഫ് ടാക്‌സ് ആക്‌ട് - 2015 പ്രകാരം 107 കേസുകളുണ്ട്. പരിധിയിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയ ഇനത്തിൽ 8,216 കോടി രൂപ ആവശ്യപ്പെട്ടുള്ള 166 കേസുകളെടുത്തു. എച്ച്.എസ്.ബി.സി കേസിൽ വെളിപ്പെടുത്താത്ത 8,465 കോടി രൂപയുടെ വരുമാനം നികുതിവിധേയമാക്കി. 1,294 കോടി രൂപ പിഴയും ഈടാക്കി.

ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റ്‌സ് (ഐ.സി.ഐ.ജെ) കേസിൽ 11,010 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി. പനാമ പേപ്പേഴ്‌സ്, പാരഡൈസ് പേപ്പേഴ്‌സ് ചോർച്ചക്കേസിൽ കണ്ടെത്തിയത് യഥാക്രമം 20,078 കോടി രൂപയുടെയും 246 കോടി രൂപയുടെയും അനധികൃത വായ്‌പകളാണെന്നും മന്ത്രി പറഞ്ഞു.

മാന്ദ്യം മറികടക്കാൻ കൂടുതൽ

നോട്ട് അച്ചടിക്കില്ല: നിർമ്മല

കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ കറൻസി നോട്ടുകൾ അച്ചടിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും ധനക്കമ്മി പണമാക്കി മാറ്റണമെന്ന നിർദേശം ഒട്ടേറെ സാമ്പത്തിക വിദഗ്ദ്ധർ മുന്നോട്ടുവച്ചിരുന്നു.

ഇന്ത്യയുടെ ജി.ഡി.പി കഴിഞ്ഞവർഷം നെഗറ്റീവ് 7.3 ശതമാനത്തിലേക്ക് ഇടിഞ്ഞെങ്കിലും സർക്കാർ ആവിഷ്‌കരിച്ച 29.87 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ പാക്കേജിന്റെ പിൻബലത്തിൽ സമ്പദ്‌വർഷത്തിന്റെ രണ്ടാംപകുതിയോടെ ഉണർവിലേറിയെന്നും സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും നിർമ്മല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, NIRMALA SITHARAMAN, NET TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360