SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.01 PM IST

കാലാവസ്ഥാ വ്യതിയാനം: ലക്ഷ്യം വയ്ക്കുന്നത് ദീർഘകാല പദ്ധതികളെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പടെ കണക്കിലെടുത്ത് ദീർഘകാല പദ്ധതികളാണ് റീബിൽഡ് കേരളയിലടക്കം സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ റീബിൽഡ് കേരളയിൽ സാമൂഹിക, സാമ്പത്തിക മാനദണ്ഡങ്ങൾക്കൊപ്പം പരിസ്ഥിതി പ്രശ്നം കൂടി കണക്കിലെടുക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളം പാരിസ്ഥിതികമായി അപകടാവസ്ഥയിലാണെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ദുരന്തങ്ങൾ നേരിടാനും പുനരധിവാസത്തിനുമായി സംസ്ഥാനം ഹ്രസ്വകാല, ദീർഘകാല നടപടികൾ സ്വീകരിക്കണം. കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയുടെ കരട് 2018ൽ തയ്യാറായിട്ടും സർക്കാർ അതിന് യാതൊരു പ്രാധാന്യവും നൽകിയില്ല.

പശ്ചിമഘട്ട മേഖലയിൽ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളുണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. സർക്കാരിന് ഇച്ഛാശക്തിയില്ലാത്തതിനാൽ റീബിൽഡ് കേരള നല്ലരീതിയിലല്ല പോവുന്നത്. വീട് നിർമ്മാണത്തിന് പുറമെ ദുരന്തങ്ങളിലെ ആഘാതം ലഘൂകരിക്കാനും പദ്ധതി വേണം. ആറു വർഷത്തിലധികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുണ്ട്. ഇവരെ അടിയന്തരമായി പുനരധിവസിപ്പിക്കണം. 2018ന് ശേഷം ഇരുന്നൂറിലധികം പാറമടകൾക്കാണ് സർക്കാർ ലൈസൻസ് കൊടുത്തതെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായി ദുരന്തനിവാരണ അതോറിട്ടി മാറിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.സി.വിഷ്‌ണുനാഥ് പറഞ്ഞു. തണ്ണീർത്തട അതോറിട്ടിയും പരിസ്ഥിതി ആഘാത സമിതിയും കാലാവധി കഴിഞ്ഞിട്ടും പുന:സംഘടിപ്പിച്ചിട്ടില്ല. പരിസ്ഥിതി പരിഗണന ഉൾക്കൊണ്ടാവണം വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്നും വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ പ്രത്യേകത മനസിലാക്കി ജീവിതം ക്രമപ്പെടുത്താൻ ജനങ്ങളെ പര്യാപ്തരാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ ഇതുവരെയുണ്ടായ ദൗർബല്യങ്ങൾ പരിഹരിക്കും. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാ‌ർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA