SignIn
Kerala Kaumudi Online
Sunday, 13 September 2026 8.56 AM IST

എസ്.ബി.ഐ എ.ടി.എമ്മുകളിൽ നിന്ന് പണം തട്ടുന്ന രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

-gvhghh

കൊച്ചി: എസ്.ബി.ഐയുടെ എ.ടി.എമ്മുകളിൽ നിന്ന് മാത്രം പണം തട്ടുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി. രാജസ്ഥാൻ അൽവാർ സ്വദേശികളായ അഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബ‌ർ 25, 26 തീയതികളിൽ ഇടപ്പള്ളിയിലെയും പോണേക്കരയിലെയും എ.ടി.എമ്മുകളിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന ബാങ്കിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. സി.സി.ടിവിയിൽ നിന്ന് പ്രതികളെയും സഞ്ചരിച്ചിരുന്ന ബൈക്കുകളും തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണമാണ് രാജസ്ഥാൻ സംഘത്തിലേക്ക് എത്തിച്ചത്.

ഇവർ വിമാനമാർഗം വീണ്ടും കൊച്ചിയിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുസാറ്റ് ഭാഗത്തുവച്ച് കളമശേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. വിവിധ ബാങ്കുകളുടെ 44 എ.ടി.എം കാർഡുകൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ എന്നിവ കണ്ടെത്തി. സംസ്ഥാനത്തെ എ.ടി.എമ്മുകളിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ തട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. സെൻട്രൽ എ.സി സി. ജയകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

 തട്ടിപ്പ് രീതി

സ്വന്തം പേരിൽ പല അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കും. തട്ടിപ്പിനു നിശ്ചയിച്ച സ്ഥലത്തെത്തി ബൈക്കുകൾ വാടകയ്ക്ക് എടുക്കും. ചെറു സംഘമായി എ.ടി.എമ്മിലെത്തും. എ.ടി.എമ്മിലേക്കുള്ള പവർ കേബിൾ കണ്ടെത്തും. പണം പിൻവലിക്കുന്നതിനിടെ ഒരാൾ വൈദ്യുതി വിച്ഛേദിക്കും. പുറത്തേക്ക് വരുന്ന പണം കൈക്കലാക്കും. കറണ്ട് കട്ടായതിനാൽ ഇടപാട് രജിസ്റ്ററാകില്ല. പിന്നീട് പണം കിട്ടിയില്ലെന്നു പറഞ്ഞ് റീഫണ്ടിന് അപേക്ഷിക്കും. പല എ.ടി.എമ്മുകളിൽ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മടങ്ങും. റീഫണ്ടിന് അപേക്ഷിച്ചാൽ അഞ്ച് ദിവസത്തിനകം പണം കിട്ടുമെന്നതാണ് എസ്.ബി.ഐ എ.ടി.എമ്മുകൾ തെരഞ്ഞെടുക്കാൻ കാരണം.

 ട്രെയിനിൽ വരും, വിമാനത്തിൽ മടങ്ങും

രാജാസ്ഥാനിൽ നിന്ന് ട്രെയിനിലാണ് സംഘം കവർച്ചയ്ക്ക് എത്തുക. തട്ടിപ്പിലൂടെ നല്ലൊരു തുകയായാൽ വിമാനമാർഗമേ നാട്ടിലേക്ക് മടങ്ങൂ. പതിവ് രീതിമാറ്റി വിമാനമാ‌ർഗമാണ് വീണ്ടും കൊച്ചിയിൽ എത്തിയത്.

കൂടുതൽപ്പേർ ഉൾപ്പെട്ടതായി കരുതുന്നു. പിടിച്ചെടുത്ത എ.ടി.എം കാർഡുകൾ വ്യാജമാണ്. പൊലീസും സൈബ‌ർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

-വി.യു. കുര്യാക്കോസ്

ഡെപ്യൂട്ടി കമ്മിഷണ‌ർ

കൊച്ചി സിറ്റി പൊലീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY