SignIn
Kerala Kaumudi Online
Friday, 18 September 2026 4.42 PM IST

41 പർവതാരോഹകർ ഹിമപാതത്തിൽ കുടുങ്ങി, മരിച്ചവരിൽ സവിത കൻസ്വാളും

ss

ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ പർവതാരോഹണം കഴിഞ്ഞ് മടങ്ങുമ്പോൾ ചൊവ്വാഴ്ച ഹിമപാതത്തിൽ കുടുങ്ങിയ 41 അംഗ സംഘത്തിലെ പ്രമുഖ പർവ്വതാരോഹക സവിത കൻസ്വാൾ ( 26 ) ഉൾപ്പെടെ പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പതിനെട്ട് പേരെ കാണാതായി. സവിതയുടെ ഉൾപ്പെടെ ആറ് മൃതദേഹങ്ങൾ വീണ്ടെടുത്തു.

13 പേരെ കര - വ്യോമസേനകളുടെ ഹെലികോപ്റ്ററുകളിൽ രക്ഷപ്പെടുത്തി. ഇവരെ ഇന്നലെ താഴെയെത്തിച്ച് ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മേയിൽ 16 ദിവസത്തിനുള്ളിൽ എവറസ്റ്റ് കൊടുമുടിയും നേപ്പാളിലെ തന്നെ മകാലൂ കൊടുമുടിയും കീഴടക്കി ദേശീയ റെക്കാർഡിട്ട സവിത കൻസ്വാൾ ഉത്തരകാശി നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ വിദഗ്ദ്ധ പരിശീലകയായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിലെ 34 ട്രെയിനികളും സവിത ഉൾപ്പെടെ ഏഴ് പരിശീലകരുമാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് ഉത്തർകാശിയിലെ ദ്രൗപതി കാ ദണ്ഡ -2 കൊടുമുടിയിൽ എത്തി മടങ്ങുകയായിരുന്നു. ഡോക്രിയാനി ബമാക് ഹിമാനിയിൽ രാവിലെ എട്ടേമുക്കാലോടെ 17,​000 അടി ഉയരത്തിൽ വച്ചായിരുന്നു ദുരന്തം. മാരകമായ ഹിമപാതത്തിൽ സംഘാംഗങ്ങൾ ഹിമാനിയിലെ ഗർത്തങ്ങളിൽ കുടുങ്ങുകയായിരുന്നുവെന്ന് നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കേണൽ അമിത് ബിഷ്‌ട് അറിയിച്ചു. മറ്റ് മൃതദേഹങ്ങൾ വീണ്ടെടുക്കാനും കാണാതായവരെ കണ്ടെത്താനും രക്ഷാപ്രവർത്തനം തുടരുകയാണ്. നാല് ഹെലികോപ്റ്ററുകളാണ് നിരീക്ഷണം നടത്തുന്നത്.

ബംഗാൾ, ഡൽഹി, തെലങ്കാന, തമിഴ്നാട്, കർണാടക, അസം, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, യു.പി, ഉത്തരാഖണ്ഡ് സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ദുരന്തത്തിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.

സവിത കൻസ്വാൾ

നെഹ്രു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാ‌ർത്ഥിനി

മേയ് 12ന് എവറസ്റ്റ് ( 8848 മീറ്റർ ) കയറി

മേയ് 28ന് മകാലൂ ( 8485 മീറ്റ‌ർ ) കയറി

മകാലൂ ലോകത്തെ അഞ്ചാമത്തെ ഉയരമുള്ള കൊടുമുടി

16 ദിവസത്തിനകം രണ്ട് കൊടുമുടികളും കയറുന്ന ആദ്യ വനിത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360