SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.48 PM IST

കുഞ്ഞികൃഷ്ണൻ  ഒരു  തെറ്റും  ചെയ്തിട്ടില്ല; പാർട്ടിയിൽ തിരിച്ചെത്തിക്കാൻ സി പി എം നീക്കം

v-kunhikrishnan

കണ്ണൂർ: പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി പാർട്ടി. കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി സഹകരിച്ച് തുടങ്ങിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. ഫണ്ട് തിരിമറി ചോദ്യം ചെയ്തതിന് നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ കഴിഞ്ഞ സെപ്തംബറിലാണ് സജീവ രാഷ്ട്രീയം വിട്ടത്.

'കുഞ്ഞികൃഷ്ണൻ ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം പാർട്ടിയുമായി സഹകരിച്ചു തുടങ്ങി. നേതാക്കൾ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയത് സ്വാഭാവികമാണ്. ആർക്കും ഏത് പദവിയിലേക്കും തിരിച്ചുവരാൻ കഴിയുന്ന പാർട്ടിയാണിത്' എന്നും എം വി ജയരാജൻ പറഞ്ഞു.

കഴിഞ്ഞദിവസം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി വി രാജേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ എന്നിവർ കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് സംബന്ധിച്ചുള്ള വി കുഞ്ഞികൃഷ്ണന്റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്നും അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു ചർച്ച.

സി പി എം പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, പാർട്ടി നടത്തിയ ചിട്ടി എന്നിവയിൽ നിന്ന് എം എൽ എ ടി ഐ മധുസൂദനനും പാർട്ടി ഭാരവാഹികളും ചേർന്ന് തട്ടിയ രണ്ട് കോടി രൂപയുടെ തട്ടിപ്പിനെതിരെ ബാങ്ക് രേഖകൾ സഹിതമാണ് അന്നത്തെ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. പരാതി പരിശോധിച്ച പാർട്ടി മധുസൂദനനെ ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയതിനൊപ്പം പരാതി നൽകിയ വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V KUNHIKRISHNAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA