SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

ചികിത്സ കാട്ടിലോ നാട്ടിലോ?

a

കടുവയും പുലിയും കാട്ടാനയും നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നു. മറ്റൊരിടത്ത് കാട്ടിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നു. പണം മുടക്കി നിരവധി ഉദ്യോഗസ്ഥർ നടത്തിയ ചികിത്സയും അവരുടെ പ്രയത്‌നങ്ങൾ വിഫലമാകുന്നു. വീണ്ടും കാട്ടാന അക്രമങ്ങൾ തുടരുന്നു. സമീപകാലത്ത് കാണാത്ത കാഴ്ചകളാണ് കാണുന്നതും കേൾക്കുന്നതും. മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞതോടെ, കാട്ടിലോ നാട്ടിലോ ചികിത്സ വേണ്ടതെന്ന ചോദ്യമാണ് ജനങ്ങളുടെ മനസിൽ ഉയരുന്നത്. മനുഷ്യരേയോ മൃഗങ്ങളേയോ ആദ്യം രക്ഷിക്കേണ്ടതെന്നും അവർ ചോദിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വിവാദവിഷയങ്ങളാണ്. ഭിന്നാഭിപ്രായങ്ങൾ ഉളളതുമാണ്.

മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ചരിഞ്ഞത്.

മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ കഴിഞ്ഞ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്. കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

ആഴത്തിൽ മുറിവ്

പറമ്പിക്കുളം വനത്തിൽവച്ച് ആനപ്പോരിനിടെ മസ്തകത്തിന് കുത്തേറ്റ് 30 സെന്റീമീറ്റോളം ആഴത്തിലാണ് കൊമ്പന് മുറിവേറ്റിരുന്നത്. ഈ മുറിവ് പിന്നീട് പുഴുവരിച്ച് വലിയ വ്രണമായി മാറുകയായിരുന്നു. ആനയെ പിടികൂടിയതിനുശേഷം മുറിവിലെ പുഴുക്കളും ചെളിയും കഴുകിക്കളഞ്ഞു. കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് കോടനാട്ടെ പ്രത്യേക കൂട്ടിലേക്ക് ആനയെ മാറ്റിയത്. പക്ഷേ രക്ഷിക്കാനായില്ല. രണ്ടുദിവസമായി പ്രാഥമിക ചികിത്സയും മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള വൈറ്റമിൻ ഗുളികകളുമെല്ലാം ആഹാരത്തിനൊപ്പം നൽകിയിരുന്നെങ്കിലും എല്ലാം നിഷ്ഫലമായി.

ആനസ്നേഹത്തിന്റെ മാതൃക

അതിരപ്പിളളിയിൽ മയക്കുവെടിയേറ്റ് മയങ്ങിനിന്ന കാട്ടുകൊമ്പന്റെ അടുത്തേക്ക് ഓടിയെത്തി സ്നേഹം പ്രകടിപ്പിച്ച ഏഴാറ്റുമുഖം ഗണപതി താരമായ കാഴ്ചയും കണ്ടു. തന്റെ തുമ്പിക്കൈ കൊണ്ട് കൊമ്പന്റെ തുമ്പിക്കൈ ചേർത്തുപിടിച്ചു. വീഴാതിരിക്കാൻ മസ്തകം കൊണ്ട് താങ്ങി. തല കൊമ്പന്റെ ചെവിയോട് ചേർത്തു. അതേ നിൽപ്പിൽ അല്പനേരം. മയങ്ങിയ കൊമ്പൻ മുട്ടുകുത്തി താഴേക്കു വീണു. എന്നിട്ടും അവൻ പിന്മാറിയില്ല. ആപത്തിൽ തന്റെ കൂട്ടുകാരനെ ചേർത്തുപിടിച്ച ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പന്റെ സ്നേഹം കണ്ടുനിന്നവരുടെ കണ്ണു നനച്ചു. മസ്തകത്തിൽ മുറിവേറ്റ് അവശനായ കൊമ്പനെ ചികിത്സിക്കാൻ അതിരപ്പിള്ളി കാലടി പ്ലാന്റേഷനിൽ വച്ച് മയക്കുവെടി വച്ചപ്പോഴാണ് ഏഴാറ്റുമുഖം ഗണപതി ഓടിയെത്തിയത്.

മയക്കുവെടിയേറ്റ് കൊമ്പൻ വീണിട്ടും ഗണപതി മാറാതെ നിന്നതോടെ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിർത്തു. വെടിശബ്ദം കേട്ട് ഓടുമ്പോഴും വീണ് കിടക്കുന്ന സുഹൃത്തിനെ ഒന്ന് തിരിഞ്ഞു നോക്കി. ഗണപതിയും സമീപപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരുന്ന പത്തോളം കാട്ടാനകളും ദൂരേയ്ക്ക് മാറിയെന്ന് ഉറപ്പായതോടെയാണ് കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മസ്തകത്തിൽ മുറിവേറ്റ കൊമ്പനൊപ്പം ദിവസങ്ങളായി ഗണപതിയും ഒപ്പമുണ്ടായിരുന്നു. പലപ്പോഴും ഏഴാറ്റുമുഖം ഗണപതി ഈ ഭാഗത്ത് ഇറങ്ങാറുണ്ട്. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. നാട്ടുകാർ തന്നെയാണ് ഈ പേര് നൽകിയത്.

മുറിവുകളുമായി

ആഴ്ചകളോളം
ജനുവരി 14 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24 ന് ആനയെ പിടികൂടി ചികിത്സ നൽകി. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്. തുടർന്ന് കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ കുങ്കിയാനകളെ എത്തിച്ച് അരുൺ സഖറിയയുടെ സംഘം മയക്കുവെടി വയ്ക്കുകയായിരുന്നു.

അതിരപ്പിള്ളിയുടെ പ്ലാന്റേഷൻ കാടുകളിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാണപ്പെട്ട കാട്ടാനയെ ചുറ്റിപ്പറ്റി കഴിഞ്ഞ മുപ്പത്തിയെട്ട് ദിവസമായി ഉടലെടുത്ത സംഭവ വികാസങ്ങൾക്കായിരുന്നു വേദനാജനകമായ പര്യവസാനമുണ്ടായത്. വനംവകുപ്പിന്റെ ചരിത്രത്തിൽ ഒരു വന്യജീവിയുടെ ജീവൻരക്ഷയ്ക്കായി ഇത്രയേറെ മനുഷ്യ പ്രയത്‌നവും പണച്ചെലവ് ഏറിയതുമായ ഒരു ദൗത്യം മുമ്പുണ്ടായിട്ടില്ലെന്ന് പറയുന്നു. കാട്ടാനയ്ക്ക് മസ്തകത്തിൽ മുറിവേറ്റ വിവരം പുറത്തുവന്നതോടെ ചികിത്സ നൽകുന്നതിനായ് രണ്ടുവട്ടം മയക്കുവെടി, ഡ്രോൺ പറത്തി നിരീക്ഷണം, കുങ്കിയാനകളുടെ വരവ് അങ്ങനെ നീണ്ടു നാൽപ്പത് വയസ് പ്രായമായ കാട്ടുകൊമ്പന്റെ ജീവൻ നിലനിറുത്താനുള്ള ദൗത്യം സമാനതകളില്ലാത്തതായിരുന്നു.

ജനുവരി 14 ന് പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏഴാറ്റുമുഖം എലിച്ചാണി വനത്തിലാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാന പ്രത്യക്ഷപ്പെടുന്നത്. വെടിയേറ്റ മുറിവാണെന്നായിരുന്നു ആദ്യ പ്രചാരണം.

തൊട്ടുപിന്നാലെ, മറ്റ് കാട്ടാനകളുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ച മുറിവാണെന്ന് വനംവകുപ്പിന്റെ വിശദീകരണം. പറമ്പിക്കുളം വനത്തിൽ നിന്നെത്തിയ ആനയെ രണ്ടുമാസത്തോളം പലയിടത്തും കണ്ടെന്നും ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായി.
ജനുവരി 16 ന് ആനയുടെ മുറിവിൽ പുഴുവരിക്കുന്നെന്ന സാമൂഹിക-മാദ്ധ്യമ വാർത്ത പുറത്തുവരുന്നു. മുറിവ് വെടിയേറ്റതാണെന്ന കിംവദന്തിയെത്തുടർന്ന് സംസ്ഥാന വനംവകുപ്പ് മേധാവികളുടെ ഇടപെടലുണ്ടായി. ആനയെ നിരീക്ഷിക്കാൻ ഉന്നതതല നിർദ്ദേശം വന്നു.
ജനുവരി 21 ന് ഡോ.ബിനോയ് സി.ബാബു സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. വെടിയേറ്റതല്ലെന്ന് സ്ഥിരീകരണം. വ്രണം ആഴത്തിലുള്ളതെന്നും ആന അവശനല്ലെന്നും വിലയിരുത്തലുണ്ടായി. പിന്നാലെ ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാൻ ആദ്യശ്രമം. റബർ ബുള്ളറ്റിന്റെ ശബ്ദം കേട്ട ആന ഉൾക്കാട്ടിലേയ്ക്ക് ഭയന്നോടി. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തി.
ജനുവരി 23 ന് നടത്തിയ പരിശോധനയിൽ ഓടിപ്പോയ ആനയെ കണ്ടെത്താനായില്ല. പിറ്റേന്ന് വെറ്റിലപ്പാറയിൽ ആനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ ചികിത്സ പിന്നീട് വിട്ടയച്ചു.

ഫെബ്രുവരി 9 ന് വീണ്ടും ആനയെ കണ്ടെത്തുമ്പോൾ വ്രണം കൂടുതൽ വ്യാസത്തിലെത്തി. ഫെബ്രുവരി 12 ന് ആനയെ വീണ്ടും മയക്കുവെടി നൽകി കോടനാട് എത്തിക്കാൻ ആലോചന തുടങ്ങി.
ഫെബ്രുവരി 14 ന് ചീഫ് വൈൽഡ് ലൈഫ് ഗാർഡൻ സ്ഥലത്തെത്തി കാട്ടാനയെ കോടനാട് എത്തിക്കാൻ ഉത്തരവ് നൽകുകയായിരുന്നു.

ആനക്കൂട് നിർമ്മാണത്തിന് തുടക്കമായി. കോടനാട് അഭയാരണ്യ കേന്ദ്രത്തിൽ പുതിയ ആനക്കൂട് നിർമ്മാണം പൂർത്തിയായി. വെറ്റിലപ്പാറയിൽ രണ്ടാം ഘട്ട ദൗത്യത്തിന് കുങ്കിയാനകളെത്തി.

ഫെബ്രുവരി 19 ന് വെറ്റിലപ്പാറ ചെക്ക് പോസ്റ്റിന് സമീപത്ത് എണ്ണപ്പന തോട്ടത്തിൽ വീണ്ടും ആനയ്ക്ക് മയക്കുവെടി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ കയറ്റി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോടനാട്ടേയ്ക്ക് ചികിത്സാ യാത്ര.

ആനക്കൂട്ടിൽ വിദഗ്ദ്ധ ചികിത്സ. ആന ഭക്ഷണം കഴിച്ചു. മരുന്നുകൾ നൽകി. പക്ഷേ, ഫെബ്രുവരി 21 ചികിത്സ പുരോഗമിക്കുന്നതിനിടെ ആനക്കൂട്ടിൽ കുഴഞ്ഞു വീണ് ചരിഞ്ഞു. കാരണം ഹൃദയാഘാതമെന്ന് വിലയിരുത്തൽ. ഇതുപോലെയൊരു കാട്ടാനയ്ക്ക് കരുതൽ കൊടുത്തിട്ടുണ്ടാവില്ല. നല്ലത്. പക്ഷേ, പ്രശ്നം കാടിറങ്ങുന്ന മൃഗങ്ങളാണ്. ജനങ്ങളുടെ ഭീതി കൂടിക്കൂടിവരികയാണെന്നും ഓർക്കുക...

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION