
രാഷ്ട്രീയത്തിൽ സിനിമ ഇടകലരുന്നത് തെന്നിന്ത്യയിലെ മറ്ര് സംസ്ഥാനങ്ങളിലും വടക്കേയിന്ത്യയിലും പതിവാണ്. എന്നാൽ കേരളത്തിൽ അത് അപൂർവതയാണ്. സർപ്രൈസ് സ്ഥാനാർത്ഥികളായി താരങ്ങൾ വല്ലപ്പോഴും എത്താറുണ്ടെന്നു മാത്രം. ഇവരെ സ്ക്രീനിൽ കാണുമ്പോഴുള്ള സ്നേഹം ജനം വോട്ടെടുപ്പിൽ പ്രകടിപ്പിക്കാറില്ല. അവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ഓടിയെത്തുന്ന ജനപ്രതിനിധികളെയാണ് ആവശ്യം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഭരണം നടത്താൻ പ്രാപ്തരായവരെയാണ് ഇഷ്ടം.
രാഷ്ട്രീയ പാർട്ടികൾക്കായി വിറകുവെട്ടിയും വെള്ളം കോരിയും കഷ്ടപ്പെടുന്നവരുണ്ട്. അവരെ കേൾക്കാതെ എടുക്കുന്ന ഏതു തീരുമാനത്തിനും തിരിച്ചടിയാകും ഫലം. അതുകൊണ്ട് നേതൃപാടവമുള്ളവരെയാണ് കേരളത്തിൽ പൊതുവേ രാഷ്ട്രീയ മുന്നണികൾ തിരഞ്ഞെടുപ്പ് ഗോദയിലിറക്കാറുള്ളത്. എന്നാൽ എൻ.ഡിഎ. ഘടകകക്ഷിയായ ട്വന്റി 20 പതിവ് തെറ്റിക്കുകയാണ്. പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടിക താരനിബിഡമാണ്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അറിയപ്പെടുന്നവരാണ് കൂടുതലും. ഇവരിൽ മൂന്നുപേർ എറണാകുളം ജില്ലയിലാണ്. തൃക്കാക്കരയിൽ അഖിൽ മാരാരും തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയും മത്സരിക്കുന്നു.
സംവിധായകനും ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ അഖിൽ മാരാർ സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. 'ഒരു താത്വിക അവലോകനം" എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള അഖിലിന് സൈബറിടങ്ങളിൽ നിരവധി ഫോളോവേഴ്സുണ്ട്. സഹനടിയായും ഹാസ്യനടിയായും തിളങ്ങുന്ന ലക്ഷ്മി താരസംഘടനയായ 'അമ്മ"യുടെ വൈസ് പ്രസിഡന്റു കൂടിയാണ്. പുലി മുരുകൻ, ദൃശ്യം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് അഞ്ജലി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സീറ്റിൽ നടി വീണ നായരേയും ട്വന്റി 20 സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രവർത്തന പരിചയമില്ലാത്തതാണ് ഇവരുടെയെല്ലാം ന്യൂനത.
അഖിലിന്റെ നയതന്ത്രം
വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കാൻ താത്പര്യമില്ലെന്നാണ് അഖിൽ മാരാരുടെ പക്ഷം. ജനങ്ങളെ പറഞ്ഞു പറ്റിക്കാനില്ല .സാധാരണക്കാർ അവരുടെ മനസിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിയമസഭയിലും അധികാരികളുടെ മുന്നിലും എത്തിക്കുമെന്നാണ് ദൗത്യം. ജനങ്ങൾ തീരുമാനിച്ചാൽ തൃക്കാക്കരയുടെ യു.ഡി.എഫ് കോട്ട തകരുമെന്നാണ് അഖിൽ വിശ്വസിക്കുന്നത്. ജന്മനാടായ കൊട്ടാരക്കരയിൽ മത്സരിക്കാനാണ് അഖിൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ മുന്നണി നിയോഗിച്ചത് തൃക്കാക്കരയിലേക്കാണ്. അഖിലിന്റെ താമസം ഇപ്പോൾ തൃക്കാക്കരയിലാണ്. അതിനാൽ സ്വന്തം നാടായി കണക്കാക്കിയാണ് പ്രചാരണം. എന്നാൽ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി പറയുന്നു.
ലക്ഷ്മിയും അഞ്ജലിയും
ലക്ഷ്മി പ്രിയയ്ക്കും ആത്മവിശ്വാസം ഒട്ടും കുറവല്ല. പെരുമ്പാവൂർ എന്നത് തന്റെ തൊട്ട് അയൽപക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്നങ്ങളും തനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ജനങ്ങൾക്ക് അവരുടെ മനസിലുള്ള കാര്യങ്ങൾ, സങ്കോചമില്ലാതെ പങ്കുവയ്ക്കാം. അത് ഗുണകരമാകുമെന്ന് പറയുന്ന ലക്ഷ്മി, തന്റെ പ്രചാരണത്തിന് പ്രമുഖ താരങ്ങളെ രംഗത്തിറക്കാനും ലക്ഷ്യമിടുന്നു.
സിനിമയുടെ തിരക്കിനിടയിലും പൊതുപ്രവർത്തനം മനസിലുണ്ടായിരുന്നുവെന്നാണ് അഞ്ജലി നായർ വെളിപ്പെടുത്തുന്നത്. താൻ ജനപ്രതിനിധിയാകണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ് ചോദിച്ച മാത്രയിൽ തന്നെ മത്സരിക്കാൻ സമ്മതം മൂളിയെന്നാണ് അഞ്ജലി വ്യക്തമാക്കിയത്. ജനങ്ങൾക്ക് തന്റെ പക്കൽ മകളോടോ സഹോദരിയോടെ പറയുന്നതു പോലെ അവരുടെ കാര്യങ്ങൾ പറയാം. താൻ കുടുംബാംഗത്തെപ്പോലെ കൂടെ നിൽക്കുമെന്നാണ് അഞ്ജലിയുടെ വാഗ്ദാനം.
താരത്തിളക്കം മതിയാകുമോ?
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ജനപ്രീതിയാണ് മുഖ്യ ഘടകം. നയപരിപാടികളും നയതന്ത്രങ്ങളും ഇതിന് പിന്നിൽ നിൽക്കുന്നു. കേരളത്തെ സംബന്ധിച്ച് ഗ്ലാമറിന്റെ പരിവേഷം ഏറെക്കുറെ അപ്രസക്തമാണ് ഇക്കാര്യത്തിൽ. ജനങ്ങൾക്കിടയിലെ നിസ്വാർത്ഥ പ്രവർത്തനമാണ് പ്രധാനം. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ പൊട്ടിമുളച്ച പല താരങ്ങളും തോൽവിയുടെ കയ്പറിഞ്ഞാണ് മടങ്ങിയത്. വെള്ളിത്തിരയിലെ ജനപ്രീതി തിരഞ്ഞെടുപ്പ് ക്യാൻവാസിൽ വർക്കായിക്കൊള്ളണമെന്നില്ല. സമൂഹവുമായി പുലബന്ധമില്ലാതെ, ദന്തഗോപുരത്തിലിരിക്കുന്നവരാണ് താരങ്ങളിൽപ്പലരും. ട്വന്റി 20യുടെ താര സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ എന്തെങ്കിലും നീക്കുപോക്കിന്റെ ഭാഗമായിരിക്കുമെന്ന് മുറുമുറുക്കുന്നവരുണ്ട്. തൃപ്പൂണിത്തുറ പോലെ പ്രതീക്ഷയുള്ള സീറ്റിൽ പോലും എൻ.ഡി.എ സിനിമാ നടിയെ ഇറക്കിയത് എന്തിനെന്ന് വിമർശിക്കുന്നവരുമുണ്ട്. അതേസമയം തഴക്കവും പഴക്കവും തിരഞ്ഞെടുപ്പിൽ എല്ലായ്പ്പോഴും വിജയ ഫോർമുലയാകണമെന്നില്ല. പുതുമുഖങ്ങൾ അതികായരെ മലർത്തിയടിക്കുന്നതും ജനവിധിയിൽ അപൂർവമായെങ്കിലും കാണാറുണ്ട്. അതിന് പ്രാപ്തരെന്ന് തെളിയിക്കാൻ അഖിലിനും ലക്ഷ്മിക്കും അഞ്ജലിക്കുമുള്ള ആദ്യ അവസരമാണിത്. ബാക്കിയെല്ലാം മേയ് 4ന് വ്യക്തമാകും, ഫലപ്രഖ്യാപനം വരുന്നതോടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |