
തൊടുപുഴക്കാരുടെ സ്വന്തം പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ കഴിഞ്ഞ അമ്പത് വർഷത്തെ കേരള രാഷ്ട്രീയ ചരിത്രത്തിന് കൂടിയാണ് അർദ്ധവിരാമമാകുന്നത്. തൊടുപുഴയാർ പോലെ മെലിഞ്ഞും നിറഞ്ഞും കരകവിഞ്ഞും വഴിമാറിയുമൊഴുകിയതാണ് 84 കഴിഞ്ഞ ജോസഫിന്റെ ജീവിതം. 1970ലാണ് തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി ജോസഫ് നിയമസഭയിലെത്തുന്നത്. വിദ്യാഭ്യാസവും വിനയവും വിവേകവും ഒത്തിണങ്ങിയ പി.ജെ. ജോസഫ് എന്ന ചെറുപ്പക്കാരൻ ആദ്യകാലങ്ങളിൽ തന്നെ നിയമസഭയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 1977 ൽ കേരള കോൺഗ്രസ് ഉൾപ്പെട്ട ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായി പി.ജെ. ജോസഫ് നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1978 ജനുവരിയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ജോസഫ് നിയോഗിക്കപ്പെട്ടു. അങ്ങനെ അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി ജോസഫ് മാറി.
സെപ്തംബറിൽ മാണിയും സി.എച്ചും കുറ്റവിമുക്തരാണെന്ന കോടതിവിധി വന്ന ദിവസം തന്നെ ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചെന്നതും പ്രത്യേകതയാണ്. 1979ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി.ജെ. ജോസഫ്, 1980ൽ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സ്ഥാപക കൺവീനറുമായി. 1980ൽ കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി. കെ. കരുണാകരൻ മന്ത്രിസഭയിൽ റവന്യൂ വിദ്യാഭ്യാസ എക്‌സൈസ് മന്ത്രിയായി. 1982- 87ൽ റവന്യൂ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. ഇക്കാലയളവിൽ നാല് ലക്ഷത്തോളം കുടുംബങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകി. ചേരി പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളെ സ്ഥലവും വീടും നൽകി പുനരധിവസിപ്പിച്ചു. ലോകത്തിലെ തന്നെ മാതൃകയായി കണക്കാക്കപ്പെട്ട കേരളത്തിന്റെ ഭവനനിർമ്മാണ വകുപ്പിന്റെ മന്ത്രിയായ പി.ജെ. ജോസഫാണ് കാനഡയിൽ നടന്ന അന്താരാഷ്ട്ര ഭവനനിർമ്മാണ കോൺഫറൻസിൽ ഇന്ത്യൻ ഡെലിഗേഷനെ നയിച്ചത്.
കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് ജോസഫ് 1984ൽ ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പേരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. 1996ൽ വിദ്യാഭ്യാസ പൊതുമരാമത്ത് രജിസ്‌ട്രേഷൻ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. വർഷങ്ങളോളം വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും സങ്കീർണമായി കിടന്നിരുന്ന പ്രീഡിഗ്രി, ദേശീയ നയങ്ങൾക്കനുസൃതമായി കോളേജിൽ നിന്ന് വേർപെടുത്താൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണ നേട്ടമാണ്. പ്രീഡിഗ്രി നിലനിന്നപ്പോൾ തൊടുപുഴ മേഖലയിൽ സയൻസ് ഗ്രൂപ്പിൽ 700 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പ്ലസ്ടു യാഥാർത്ഥ്യമായതോടെ നാലായിരം സീറ്റായി വർദ്ധിച്ചു. സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും മക്കൾക്ക് സയൻസ് ഗ്രൂപ്പ് പഠിക്കുന്നതിനുള്ള അവസരം ഇതോടെ കൈവന്നു. മെഡിസിനും എൻജിനിയറിംഗും നഴ്സിംഗും അടക്കമുള്ള കോഴ്സുകൾ പഠിക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നവരുടെ ഒഴുക്കിന് പരിഹാരമുണ്ടായതും ഇക്കാലയളവിലാണ്.
സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകൾ ഉൾപ്പെടെയുള്ളവ നമ്മുടെ നാട്ടിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കൈവന്നതും പി.ജെ. വിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ്. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെ.എസ്.ടി.പി (കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്) പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചതും ജോസഫാണ്. മറ്റേതു പട്ടണങ്ങളെ അപേക്ഷിച്ചും ഏറ്റവുമധികം ബൈപ്പാസുകളുള്ള നഗരം തൊടുപുഴയാണ്.
കേരളാ കോൺഗ്രസിന്റെ 1987ലെ പിളർപ്പാണ് പി.ജെ. ജോസഫ് ഗ്രൂപ്പിന്റെ ജനനത്തിന് കാരണമായത്. പിന്നീട് 2010 വരെ എൽ.ഡി.എഫിന്റെ ഭാഗമായി. വി.എസ്. സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജോസഫ് 2010 ഏപ്രിൽ 30ന് മന്ത്രിസ്ഥാനം രാജിവെച്ച് കേരളാ കോൺഗ്രസ് മാണിയിൽ ലയിച്ചു. കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടി പിളർന്ന് ജോസഫ് പക്ഷവും ജോസ് കെ. മാണി പക്ഷവുമായി. ജോസഫ് യു.ഡി.എഫിൽ തുടരുകയും ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് പോവുകയും ചെയ്തു. 2016 ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45823 വോട്ട് നേടിയാണ് വിജയിച്ചത്. 2021ൽ ഇടത് തരംഗത്തിലും തൊടുപുഴ ഔസേപ്പച്ചനെ കൈവിട്ടില്ല. ഇനി മകൻ അപുവിനോട് ഈ സ്‌നേഹം തൊടുപുഴക്കാർ കാണിക്കുമോയെന്ന് കണ്ടറിയാം.
ജോസഫാണ് തൊടുപുഴ
തൊടുപുഴയിൽ നിന്ന് പി.ജെ. ജോസഫിനെയും ജോസഫിൽ നിന്ന് തൊടുപുഴയെയും വേർപ്പെടുത്താനാകില്ല. 1970ൽ 29 വയസുള്ളപ്പോൾ എം.എൽ.എയായത് മുതൽ തുടങ്ങിയ ആത്മബന്ധം അടരാതെ ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. തൊടുപുഴയെ ഇന്ന് കാണുന്ന അനുദിനം വളരുന്ന നഗരമാക്കിയത് ജോസഫാണെന്ന് എതിരാളികൾ പോലും സമ്മതിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് എട്ടോളം ബൈപാസുകൾ തൊടുപുഴയിലുണ്ടായതും ജോസഫിന്റെ മാത്രം ഭരണ മികവാണ്. ഈ പ്രായത്തിലും കൃഷിയും സംഗീതവുമാണ് ജോസഫിന്റെ ജീവാത്മാവ്. വീടിന്റെ തന്നെ മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിലെത്തിയാലും അവിടെയുള്ള പാട്ടുപെട്ടിയിൽ നിന്ന് പഴയ പാട്ടുകൾ ഒഴുകിയെത്തുന്നുണ്ടാകും.
ജില്ലയിൽ തന്നെ ഏറ്റവുമധികം പാൽവിൽക്കുന്ന ക്ഷീരകർഷകനാണ് ജോസഫ്. പാലത്തിനാൽ തറവാടിന് ചുറ്റും വിവിധ കൃഷികളുടെ സംഗമഭൂമിയാണ്. 1984 ൽ ജോസഫ് സ്ഥാപിച്ച പഠന ഗവേഷണ കേന്ദ്രമായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്താറുള്ള സംസ്ഥാന കാർഷികമേള ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. 2005ൽ നടന്ന കാർഷിക മേള രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമായിരുന്നു ഉദ്ഘാടനം ചെയ്തത്. കാർഷിക മേളയിൽ പങ്കെടുത്ത നിധീഷ് കുമാർ പിന്നീട് ബീഹാർ മുഖ്യമന്ത്രിയായപ്പോൾ ബീഹാറിനെ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചത് ജോസഫിനുള്ള അംഗീകാരമായിരുന്നു. 'മാലിന്യമില്ലാത്ത മലയാളനാട് " എന്ന ആശയം കേരളത്തിൽ ആദ്യം അവതരിപ്പിച്ചതും പി.ജെ. ജോസഫാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |