
സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന മേട്ടുതറ നാരായണൻ വിടപറഞ്ഞിട്ട് പതിനഞ്ചു വർഷം. 2011 മാർച്ച് 19 നാണ് അദ്ദേഹം കാലത്തോട് വിട പറഞ്ഞത്. മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷാദ്ധ്യായമാണ് മേട്ടുതറ നാരായണന്റേത്. പുതുപ്പള്ളിയുടെ 'വിപ്ലവസ്മരണകളി"ലും തോപ്പിൽ ഭാസിയുടെ 'ഒളിവിലെ ഓർമ്മകളി"ലും ഒരു പോരാളിയായി അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.
ആലപ്പുഴ പത്തിയൂരിൽ ജനിച്ച മേട്ടുതറ നാരായണൻ ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ രംഗത്ത് നൽകിയ സംഭാവനകൾ മദ്ധ്യതിരുവിതാംകൂറിന് മറക്കാൻ കഴിയില്ല. തികഞ്ഞ മൂല്യബോധത്തോടെയും ആദർശശുദ്ധിയോടെയുമാണ് മേട്ടുതറ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലകൾ ഉയർന്നുവന്ന കാലത്താണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം ചർക്കയിൽ നൂൽ നൂറ്റും ചർക്ക ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമൊപ്പം മഹാത്മാഗാന്ധി ആരംഭിച്ച 'ഹരിജൻ" പത്രത്തിന്റെ കായംകുളത്തെ ഏജന്റും പ്രചാരകനുമായിരുന്നു.
കമ്മ്യൂണിസ്റ്റ്
ചേരിയിലേക്ക്
ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ മേട്ടുതറ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ മുന്നിലുണ്ടായിരുന്നു. അക്കാലത്ത് ഉയർന്നുവന്ന സമരങ്ങളിലും പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്തു. അറസ്റ്റും മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഇന്ത്യൻ പ്രധാനമന്ത്രി മേട്ടുതറയെ താമ്രപത്രം നൽകി ആദരിച്ചു. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസിന്റെ നയവ്യതിയാനങ്ങളോടു വിയോജിച്ച് 1949-ൽ മേട്ടുതറ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. ഇന്ദിരാ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള പ്രതിക്ഷേധ സൂചകമായി, സ്വാതന്ത്ര്യസമര സേനാനികൾക്ക് കേന്ദ്രസർക്കാർ നൽകിയ അഞ്ചേക്കർ സ്ഥലവും പെൻഷനും വേണ്ടെന്നു വയ്ക്കുകയും ജീവിതാവസാനം വരെ ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, ശങ്കരനാരായണൻ തമ്പി, ആർ. സുഗതൻ, വി.എസ്. അച്യുതാനന്ദൻ, കെ. കേശവൻ പോറ്റി, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, എൻ. ശ്രീധരൻ, തെങ്ങമം ബാലകൃഷ്ണൻ, ജി. കാർത്തികേയൻ തുടങ്ങിയവരോടൊപ്പമായിരുന്നു പിന്നീടുള്ള പ്രവർത്തനം. പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിനു മുമ്പുള്ള ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രധാനമായും മേട്ടുതറയുടെ സംഘടനാ പ്രവർത്തനം. കശുഅണ്ടിത്തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഓർമ്മകളിലെ
ഒളിവുകാലം
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലപ്പോഴും ഒളിവിൽ പോകേണ്ടിവന്നു. നിരവധി തവണ അറസ്റ്റും ലോക്കപ്പ് മർദ്ദനവും നേരിടേണ്ടിവന്നു. കായംകുളം പൊലീസ് കമ്മ്യൂണിസ്റ്റ് നേതാക്കളെ അകാരണമായി ജയിലിലടച്ചപ്പോൾ അവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ മേട്ടുതറ അടക്കമുള്ളവരെ പൊലീസ് കള്ളക്കേസിൽ കുടുക്കി പാടത്തുകൂടി കെട്ടിവലിച്ച് ക്രൂരമായി മർദ്ദിച്ച് വിചാരണയില്ലാതെ വർഷങ്ങളോളം ആലപ്പുഴ ജയിലിലടച്ചു. പൊലീസ് മർദ്ദനത്തിൽ മേട്ടുതറ മരിച്ചു എന്നുപോലും വാർത്തകൾ പ്രചരിച്ചു.
വി.എസ്. അച്യുതാനന്ദൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലയളവിൽ മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോഴാണ് 1957 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. താലൂക്കിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരായ കൂടുതൽ എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ നേതൃത്വത്തിനു കഴിഞ്ഞു. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ട് നിന്ന് ചെങ്ങളത്ത് കൃഷ്ണപിള്ള, കാർത്തികപ്പള്ളിയിൽ നിന്ന് ആർ. സുഗതൻ, കായംകുളത്തു നിന്ന് കെ.ഒ. ഐഷാ ഭായി, ഭരണിക്കാവിൽ നിന്ന് എം.എൻ. ഗോവിന്ദൻ നായർ എന്നിവരെ സഭയിലെത്തിക്കുവാനുള്ള പ്രവർത്തനത്തിൽ മേട്ടുതറയുടെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റായി 16 വർഷത്തോളം പ്രവർത്തിച്ചു. വീടില്ലാത്ത പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതി പ്രകാരം നൂറുവീട് വച്ചു നൽകി. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പത്തിയൂർ പഞ്ചായത്ത് യു.പി സ്‌കൂളിനെ ഹൈസ്‌കൂൾ ആയി അപ്‌ഗ്രേഡ് ചെയ്തതും, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്. പാർട്ടി ചുമതലകളിൽ നിൽക്കുമ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴും അഴിമതിക്കോ അധികാര ദുർവിനിയോഗത്തിനോ ശ്രമിച്ചില്ല. ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ പ്രതിബദ്ധത എല്ലാക്കാലത്തും സൂക്ഷിച്ചു.
ഗുരുദർശനം
കരുത്താക്കി
ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങൾ മേട്ടുതറ എന്നും പിന്തുടർന്നിരുന്നു. മേട്ടുതറയുടെ, 'തിരിഞ്ഞു നോക്കുമ്പോൾ" എന്ന ആത്മകഥ ആ ജീവിതത്തിന്റെ തുടിക്കുന്ന താളുകളാണ്. ദീർഘമായ രാഷ്ട്രീയ ജീവിതത്തിന്റെ കനൽവഴികൾ സമഗ്രമായിത്തന്നെ ഈ ആത്മകഥയിൽ അടയാളപ്പെടുത്തുന്നു. ഇങ്ങനെ ത്യാഗോജ്വലമായ ജീവിതം നയിച്ചവർക്ക് ജീവിച്ചിരുന്നപ്പോഴും മരണാനന്തരവും രാജ്യം നൽകുന്ന പരമോന്നത ബഹുമതികൾ പോലും അവരെക്കൊണ്ടോ കുടുംബത്തെക്കൊണ്ടോ സ്വീകരിപ്പിക്കാതിരിക്കുന്നത് രാജ്യത്തോടും സമൂഹത്തോടുമുള്ള അവഗണനയായേ കാണാൻ കഴിയൂ.
ഒരു കാലഘട്ടത്തിൽ കേന്ദ്ര സാതന്ത്ര്യസമര പെൻഷനും താമ്രപത്രവും ഇന്ദിരാ കോൺഗ്രസിൽ നിന്ന് വാങ്ങാൻ കൂട്ടാക്കാത്തവർ ഇന്ന് ഇന്ത്യാ സഖ്യത്തോടൊപ്പമാണ്. ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി ഇങ്ങനെ ത്യാഗനിർഭരമായ ജീവിതം നയിച്ചവരുടെയും രക്തസാക്ഷികളുടെയും ബലമുള്ള അടിത്തറയിലാണ് ഇന്നു കാണുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. അതിനുണ്ടാകുന്ന മൂല്യച്യുതി ആ പ്രസ്ഥാനങ്ങളുടെ തകർച്ചയ്ക്കു മാത്രമല്ല, ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരുടെ ആത്മാവിനുപോലും വേദനയുളവാക്കുന്നതാണ്.
ശ്രീനാരായണഗുരുദേവൻ പകർന്നുനല്കിയ നവോത്ഥാനമൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ട് ആയിരക്കണക്കിന് ശ്രീനാരായണീയരാണ് സംസ്‌കാര സമ്പന്നമായ കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ചത്. കേരളത്തിന്റെ കാർഷിക- വ്യവസായ തൊഴിൽ മേഖലകളിൽ അവരുടെ പ്രവർത്തനഫലമായി വലിയ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങൾ ഇപ്പോഴും ഈ വിഭാഗത്തോടുള്ള അവഗണന തുടർന്നുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ നീതിക്കുവേണ്ടിയും ഈ അവഗണനയ്ക്കുമെതിരെ ശ്രീനാരായണീയർ കൂടുതൽ സംഘടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
പൊതു സമൂഹത്തിനും പാർട്ടിക്കും വേണ്ടി ഇങ്ങനെ ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെ പാർട്ടി നേതൃത്വവും പ്രസ്ഥാനവും ശ്രദ്ധയോടെ കാക്കേണ്ടതാണ്. മേട്ടുതറയുടെ മകൻ തമ്പി മേട്ടുതറ, അച്ഛന്റെ അതേ പാത പിൻതുടർന്ന് സാമൂഹിക രംഗത്ത് മികവാർന്ന് പ്രവർത്തിക്കുകയും ശ്രീനാരായണീയ പ്രവർത്തനങ്ങളിലും സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിലും ഞങ്ങളോടൊപ്പമുണ്ടെന്നുള്ളത് ഏറെ സന്തോഷം നൽകുന്നതാണ്.
ആദർശധീരരായ മൺമറഞ്ഞവരുടെ സ്മരണകൾ ശിലാഫലകങ്ങളിൽ മാത്രം നിലനിറുത്താതെ പഠനവിഷയമാക്കാൻ ശ്രദ്ധിക്കുകയും മേട്ടുതറയെപ്പോലുള്ളവരുടെ രാഷ്ട്രീയ- സാമൂഹിക ജീവിത മൂല്യങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യണം. കനലുകൾ താണ്ടിയ ആ ധീരദേശാഭിമാനിയുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |