SignIn
Kerala Kaumudi Online
Wednesday, 24 June 2026 12.08 PM IST

ഏകാത്മകതയുടെ ആഗോള ദൂതൻ

s

മനുഷ്യസമൂഹം ഇന്നു നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് വിഭജനങ്ങളുടെ വ്യാപനമാണ്. ജാതി, മതം, ഭാഷ, രാഷ്ട്രം, സാമ്പത്തിക താത്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വൈരുദ്ധ്യങ്ങൾ മനുഷ്യരാശിയെ കൂടുതൽകൂടുതൽ അകറ്റുന്ന ലോകത്തെയാണ് നാം കാണുന്നത്. ശാസ്ത്രസാങ്കേതിക പുരോഗതി മനുഷ്യരെ പരസ്പരം അടുത്തു കൊണ്ടുവന്നെങ്കിലും മനസുകളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് വലിയ വിരോധാഭാസം. ഈ സാഹചര്യത്തിൽ മനുഷ്യനെ മനുഷ്യനുമായി വീണ്ടും ബന്ധിപ്പിക്കുന്ന ഒരു ദർശനത്തിന്റെ ആവശ്യകത അതീവ ശക്തമായി അനുഭവപ്പെടുന്നു.

ഗുരുദേവന്റെ ദർശനം ഇതിന് മറുപടി നൽകുന്ന ആത്മീയവും ദാർശനികവുമായൊരു അടിത്തറയാണ്. മനുഷ്യരാശിയുടെ അടിസ്ഥാന ഐക്യത്തെ തിരിച്ചറിയുന്ന ഏകാത്മകബോധംമാണ് ഗുരുവിന്റെ സന്ദേശത്തിന്റെ ഹൃദയം. 'ഒരുജാതി, ഒരുമതം, ഒരുദൈവം" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സാമൂഹ്യ സമത്വത്തിന്റെ മുദ്രാവാക്യം മാത്രമല്ല, മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ഏകത്വത്തെ സൂചിപ്പിക്കുന്ന ആത്മീയ സത്യംകൂടിയാണ്.

എന്നാൽ ഗുരുവിന്റെ ജീവിതകാലത്ത് ഈ സന്ദേശം കൂടുതലായും കേരളത്തിന്റെ സാമൂഹ്യപരിസരത്തിനുള്ളിൽത്തന്നെ പരിചിതമായിരുന്നു. ഈ സന്ദേശത്തെ ലോക ദാർശനിക വേദികളിലേക്കുയർത്തി, സർവമാനവിക ചിന്തയുടെ ഭാഗമായി അവതരിപ്പിച്ച വ്യക്തിയാണ് നടരാജഗുരു. ഗുരുവിന്റെ ആത്മീയ ദർശനത്തെ ആധുനിക ദാർശനിക ഭാഷയിൽ വിശദീകരിക്കുകയും ലോകബൗദ്ധിക സമൂഹവുമായി സംവദിക്കാവുന്ന രീതിയിൽ രൂപപ്പെടുത്തുകയും ചെയ്തത് അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ്.

നടരാജ ഗുരുവിന്റെ പ്രധാന കൃതികളിലൊന്നായ An Integrated Science of the Absolute ഭാരതീയ അദ്വൈത ചിന്തയെ സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ അവതരിപ്പിക്കുന്ന അപൂർവ ഗ്രന്ഥമാണ്. മനുഷ്യബോധത്തിന്റെ വിവിധ തലങ്ങളെയും അനുഭവലോകത്തിന്റെ ഘടനയെയും അദ്ദേഹം ഈ കൃതിയിൽ വിശകലനം ചെയ്യുന്നു. ഗുരുവിന്റെ ദർശനമാലയെ ആസ്പദമാക്കി രൂപപ്പെട്ട ഈ ദാർശനിക വ്യാഖ്യാനം ഗുരുദർശനത്തെ ആഗോള തത്വചിന്താ സംവാദത്തിലേക്ക് കൊണ്ടുവന്ന നിർണായക കൃതിയാണ്.

പൂർവവും വും പാശ്ചാത്യവും തമ്മിലുള്ള ദാർശനിക സംവാദം സ്ഥാപിച്ചതാണ് നടരാജഗുരുവിന്റെ മറ്റൊരു വലിയ സംഭാവന. യൂറോപ്പിലും അമേരിക്കയിലും അദ്ദേഹം നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഗുരുദർശനത്തെ അന്താരാഷ്ട്ര ബൗദ്ധിക സമൂഹവുമായി ബന്ധിപ്പിച്ചു. പാശ്ചാത്യ ദാർശനിക പാരമ്പര്യങ്ങളെയും ഭാരതീയ അദ്വൈത പരമ്പരയെയും താരതമ്യം ചെയ്തുകൊണ്ട് മനുഷ്യബോധത്തിന്റെ സർവമാനവിക ഐക്യത്തെ വിശദീകരിക്കുകയാണ് നടരാജഗുരു ചെയ്തത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിലെ ഏകാത്മകതാബോധം മനുഷ്യരാശിക്ക് ഒരു പുതിയ ദിശയാണ് നൽകുന്നത്. നടരാജഗുരുവിന്റെ സമാധിദിനം അതുകൊണ്ടുതന്നെ ഒരു സ്മരണദിനം മാത്രമല്ല, മനുഷ്യനെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ആത്മീയ ഐക്യബോധത്തെ ലോകവേദിയിലേക്ക് ഉയർത്തിയ ഒരു മഹത്തായ ബൗദ്ധിക ശ്രമത്തിന്റെ ഓർമ്മപ്പെടുത്തലുമാണ് അത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY