
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതീയമായ ജീർണതകളെ കൂടുതൽ തെളിമയോടെ തുറന്നുകാട്ടുകയാണ്. ഒരു ദളിത് വിദ്യാർത്ഥി ഡോക്ടറാകണമെന്ന തന്റെ ജീവിതാഭിലാഷം പാതിവഴിയിൽ ഉപേക്ഷിച്ച് സ്വയം ജീവനൊടുക്കേണ്ടിവരുന്നത് കേവലം ഒരു വ്യക്തിപരമായ പരാജയമല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെക്കൂടി പരാജയമാണ്. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ ദളിത് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നേരിടുന്ന ജാതീയ അധിക്ഷേപങ്ങളും റാഗിംഗും വർദ്ധിച്ചുവരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും സമൂഹത്തിന്റെയാകെയും തന്നെ ഗുരുതരമായ വീഴ്ചയെയാണ് കാണിക്കുന്നത്. നിതിൻ രാജിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, മറിച്ച് വ്യവസ്ഥാപിതമായ കൊലപാതകം തന്നെയാണ്. സമീപകാല ചരിത്രം പരിശോധിച്ചാൽ നിധിൻ രാജ് ഒരു തുടർച്ചയാണെന്ന് വ്യക്തമാകും. ഇതിന് മുമ്പും കേരളത്തിലെ പല സ്വാശ്രയ കോളേജുകളിലും സമാനമായ രീതിയിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറച്ച് കാലത്തേക്ക് മാത്രമായെങ്കിലും സമൂഹം അത്തരം ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകളെക്കുറിച്ച് ദിവസങ്ങളോളം ചർച്ചകളും നടത്തിയിട്ടുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, നാളിതുവരെയായി ഇതിനൊരു പരിഹാരം നിർദ്ദേശിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടില്ല.
നിതിൻ രാജിന് മുമ്പ് ജീവിതം സ്വയം അവസാനിപ്പിച്ചവർ നിരവധിയുണ്ട് കേരളത്തിൽ. ഭയപ്പെടുത്തുന്ന ആ ഓർമ്മകളിലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ ആദ്യം എത്തുന്ന പേര് രജനി എസ്. ആനന്ദ് ആണ്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് രജനി. 2004ൽ, പഠനത്തിന് പണമില്ലാതെ, അധികൃതരുടെ അവഗണനയിൽ മനംനൊന്ത് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ആ ദളിത് പെൺകുട്ടി ഇന്നും ഒരു നൊമ്പരമാണ്. ഗൗരി നേഘ, ജിഷ്ണു പ്രണോയി, രാഖി കൃഷ്ണ, അശ്വതി, ബിന്റോ, ശ്രദ്ധ സതീഷ്… കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരകളിൽ ചില പേരുകൾ മാത്രമാണിത്. അല്ലെങ്കിൽ കേരളം ചർച്ച ചെയ്ത ചില കേസുകൾ മാത്രം. കേരളം കേൾക്കാത്ത എത്രയോപ്പേരുകൾ ഉണ്ടാകാം. ഓരോ വർഷവും ഒന്നോ രണ്ടോ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയോ അതിലേറെപ്പേർ പഠനം അവസാനിപ്പിക്കുകയോ ചെയ്യുന്നുണ്ട് ഈ വർത്തമാനകാലത്തും.
സ്‌കൂൾ കുട്ടികൾ മുതൽ പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾ വരെ അക്കൂട്ടത്തിലുണ്ട്. ജാതിയാക്ഷേപം മുതൽ മാനേജ്‌മെന്റുകളുടെ സദാചാര ക്രൂരതകൾ വരെ അതിന് കാരണങ്ങളാകുന്നു. 'ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം' എന്ന പേരിൽ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും കീഴ്‌പ്പെടുത്തുന്ന മാനേജ്‌മെന്റുകൾ, വിദ്യാർത്ഥികൾ തങ്ങളുടെ അടിമകളാണെന്ന ബോധ്യത്തിൽ അവരെ ഭരിക്കുന്ന അദ്ധ്യാപകരും അധികൃതരും. സങ്കുചിത ജാതി ചിന്തകൾ, കടുത്ത സദാചാര ചട്ടങ്ങൾ, അച്ചടക്കമെന്ന പേരിൽ ഏർപ്പെടുത്തുന്ന അടിമത്തം, നിയമങ്ങൾ തെറ്റിച്ചാൽ 'ഭാവി തുലച്ചു കളയുന്ന' ശിക്ഷകൾ. കൊച്ചു കുട്ടികളോടു പോലും സ്ളട്ട് ഷെയ്മിംഗ്, ശാരീരിക ഉപദ്രവം, ഇവിടെയെന്നല്ല, ഒരിടത്തും പഠിക്കാൻ പറ്റില്ലെന്ന ഭീഷണി, മുടക്കിയ ലക്ഷങ്ങളിൽ നിന്നും ഒരു രൂപ പോലും തിരിച്ചുകിട്ടില്ലെന്ന വിരട്ടൽ എന്നിവയെല്ലാം ഇപ്പോഴും നടക്കുന്ന ക്രൂരതകളാണ്.
ഖാലിദ് കമ്മിറ്റി റിപ്പോർട്ട് നടപ്പായില്ല
2004 ൽ ആയിരുന്നു എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ രജനി എസ്.ആനന്ദ് ആത്മഹത്യ ചെയ്തത്. കോളേജ് മാറുന്നതിനായി പ്രവേശന കമ്മിഷണറെ സമീപിച്ചിട്ടും അധികൃതർ ടി.സി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ആ കുട്ടിക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കേണ്ടി വന്നത്. അക്കാലത്ത് വലിയ രീതിയിലുള്ള സാമൂഹിക രാഷ്ട്രീയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നു. വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐയും കെ.എസ്.യുവും വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. രജനി എസ്. ആനന്ദിന്റെ മരണത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിന്റെ ഇര എന്ന നിലയിലായിരുന്നു എസ്.എഫ്.ഐ ഉയർത്തിക്കാട്ടിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ അന്വേഷണത്തിനായി ഒരു കമ്മിഷനെയും നിയോഗിച്ചിരുന്നു. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ വിഷയത്തെക്കുറിച്ച് പഠിക്കാൻ ഖാലിദ് കമ്മിഷനെ നിയോഗിച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, അത് ഗൗരവമായി ചർച്ച ചെയ്യാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ സർക്കാർ തയ്യാറായില്ല.
ക്യാമ്പസുകളിലെ ഇത്തരം വിവേചനങ്ങൾ തടയുന്നതിനായി കമ്മിഷൻ മുന്നോട്ടുവെച്ച കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടുത്തുന്നതിലും സർക്കാർ പരാജയപ്പെട്ടു. കേരളത്തിൽ 2000ത്തിന് ശേഷമാണ് സ്വാശ്രയ കോളേജുകൾ വ്യാപകമാകുന്നത്. ഈ മാറ്റത്തിന്റെ തുടക്കകാലത്താണ് രജനി എസ്. ആനന്ദിന്റെ ദാരുണമായ മരണം സംഭവിക്കുന്നതും അത് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയോഗിക്കുന്നതും. എന്നാൽ, കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന ഇത്തരം ഗുരുതരമായ പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കാനോ ഫലപ്രദമായ ഇടപെടലുകൾ നടത്താനോ വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണിത്.
കേരളം ചർച്ച ചെയ്ത കേസുകൾ
2023 ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായിരുന്ന അനഘയുടെ ആത്മഹത്യയും അദ്ധ്യാപകരുടെ പീഡനം മൂലമാണെന്ന പരാതി ഉയർന്നിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ക്രൂരമായ 'അക്കാദമിക് റാഗിംഗിന്' അനഘ ഇരയായെന്നാണ് കുടുംബം ഇന്നും വിശ്വസിക്കുന്നത്. നിതിൻ രാജിന്റെ കാര്യത്തിൽ അദ്ധ്യാപകർ ജാതീയമായ അധിക്ഷേപങ്ങൾ പതിവാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രാക്ടിക്കൽ പരീക്ഷകളിൽ തുടർച്ചയായി തോല്പിക്കുമെന്ന ഭീഷണി ഒരു വിദ്യാർത്ഥിക്ക് നൽകുന്ന മാനസികാഘാതം ചെറുതല്ല. 2014 ലാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ അൺ എയ്ഡഡ് സ്‌കൂളായ ജവഹർ പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അഞ്ചു വയസുകാരനെ അദ്ധ്യാപിക അഞ്ചു മണിക്കൂറോളം പട്ടിക്കൂട്ടിൽ അടച്ചിട്ടത്. അനിയനോടു ചെയ്ത ക്രൂരത ചോദ്യം ചെയ്ത, അതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപിക ഭീഷണിപ്പെടുത്തിയത് 'വീട്ടിൽ ചെന്നു പറഞ്ഞാൽ നിന്റെ വായിൽ കമ്പ് കുത്തിക്കേറ്റും' എന്ന് പറഞ്ഞായിരുന്നു.
2018ൽ ഏപ്രിൽ മാസത്തിലാണ് 14 കാരൻ ബിന്റോ അഴകെട്ടിയ ചണത്തിന്റെ കയറിൽ ജീവനൊടുക്കിയത്. കോട്ടയം പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിന്റോ. ഒമ്പതാം ക്ലാസിലെ പരീക്ഷയിൽ കണക്കിനും സോഷ്യൽ സ്റ്റഡീസിനും തോറ്റുപോയ ബിന്റോയോട് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറണമെന്നും അതല്ലെങ്കിൽ ഒമ്പതിൽ വീണ്ടും ഒരു വർഷം കൂടി പഠിക്കേണ്ടി വരുമെന്നും അദ്ധ്യാപകർ അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ബിന്റോ ആത്മഹത്യ ചെയ്തത്. 2018 നവംബറിലാണ് കൊല്ലം സ്വദേശി രാഖി കൃഷ്ണ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായിരുന്നു രാഖി കൃഷ്ണ. പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഖിയെ മാനസികമായി പീഡിപ്പിക്കുകയും ഡീബാർ ചെയ്യുകയും ചെയ്തതിന്റെ ഫലമാണ് ആ ആത്മഹത്യയെന്നാണ് സഹപാഠികൾ പറഞ്ഞത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അത് വകവയ്ക്കാതെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്നതടക്കം അദ്ധ്യാപകർ ചെയ്തതോടെയാണ് കൊല്ലം കൂട്ടിക്കട സ്വദേശിനിയായ രാഖി കോളേജിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വച്ച് കേരളാ എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
കേരളം ഏറ്റവും അധികം ചർച്ച ചെയ്ത വിദ്യാർത്ഥി ആത്മഹത്യയായിരുന്നു ജിഷ്ണു പ്രണോയിയുടെത്. പാലക്കാട് പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക ശാരീരിക പീഡനമാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. സംസ്ഥാനത്തുടനീളം അതിശക്തമായ രീതിയിൽ സമരങ്ങൾ അരങ്ങേറി. രാഷ്ട്രീയ കോളിളക്കം ഉണ്ടായി. ലോക്കൽ പൊലീസ് മുതൽ സി.ബി.ഐ വരെ കേസ് അന്വേഷിച്ചു. കോളേജ് ചെയർമാൻ കൃഷ്ണദാസ്, പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ സി.പി. പ്രവീൺ തുടങ്ങിയവർ പ്രതികളായി. എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ പ്രതികളെല്ലാം കുറ്റവിമുക്തരായി. ജിഷ്ണു കോപ്പിയടിച്ചുവെന്നും അത് പിടികൂടിയതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. കോളേജിൽവച്ച് ജിഷ്ണുവിന് ക്രൂരമായ മർദ്ദനം ഏറ്റിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ അനുസരണ പഠിപ്പിക്കാൻ ഇടിമുറിയുള്ള കോളേജായിരുന്നു നെഹ്രു എൻജിനീയറിംഗ് കോളേജ് എന്നാണ് ആക്ഷേപം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ തെരുവിലിറങ്ങിയതാണ് കേരളം. എന്നാൽ സ്വന്തം നാട്ടിലെ ക്യാമ്പസുകൾക്കുള്ളിൽ നിശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന ഈ 'ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകൾ' കാണാതെ പോകുന്നുണ്ടോ എന്നാണ് ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |