
ഇത് വെറുമൊരു ചൂടുകാലമല്ല, മറിച്ച് പ്രകൃതിയുടെ താളം തെറ്റുന്നതിന്റെയും ആഗോള പ്രതിഭാസങ്ങൾ കേരളത്തെ എപ്രകാരം ബാധിക്കുന്നു എന്നതിന്റെയും കൃത്യമായ സൂചനയാണ്.
കേരളം ഇന്ന് ഭയപ്പെടുത്തുന്ന ഒരു കാലാവസ്ഥാ പരിവർത്തനത്തിന്റെ മദ്ധ്യത്തിലാണ്. വടക്കേ ഇന്ത്യയിലെ വരണ്ട ഉഷ്ണക്കാറ്റിൽനിന്നും വ്യത്യസ്തമായി, അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും താപനിലയും ഒത്തുചേർന്ന് ശ്വാസംമുട്ടിക്കുന്ന ആർദ്ര താപതരംഗം (ഹ്യൂമിഡ് ഹീറ്റ്‌വേവ്) എന്ന അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു. ഇത് വെറുമൊരു ചൂടുകാലമല്ല, മറിച്ച് പ്രകൃതിയുടെ താളം തെറ്റുന്നതിന്റെയും ആഗോള പ്രതിഭാസങ്ങൾ കേരളത്തെ എപ്രകാരം ബാധിക്കുന്നു എന്നതിന്റെയും കൃത്യമായ സൂചനയാണ്.
കേരളത്തിലെ താപനിലയിൽ ഗണ്യമായ വർദ്ധനവ് ഈ വർഷം രേഖപ്പെടുത്തി. പാലക്കാട് ജില്ലയിൽ തമിഴ്നാട്ടിൽ നിന്നുള്ള വരണ്ട കാറ്റ് പാലക്കാട് ചുരംവഴി എത്തുന്നതിനാൽ താപനില 41°C വരെ ഉയർന്നു. കൊല്ലം, പുനലൂർ തുടങ്ങിയ ഇടനാടൻ പ്രദേശങ്ങളിലും സമാനമായ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നു. ഒരുകാലത്ത് കേരളത്തിന്റെ ശൈത്യമേഖലകളായിരുന്ന മലനാടുകളിൽ (ഇടുക്കി, വയനാട്) ഇന്ന് താപനില ക്രമാതീതമായി ഉയരുകയാണ്.
ഇടനാട്ടിലും തീരദേശത്തും സ്വാഭാവികമായതിൽ നിന്നും മൂന്നുമുതൽ നാലു ഡിഗ്രിവരെ താപനില വർദ്ധിച്ചു. വനനശീകരണവും തോട്ടവിളകളുടെ മാറ്റവും ചുറ്റിനും കോൺക്രീറ്റും ടാറും നിറഞ്ഞതും സ്വാഭാവിക തണുപ്പിനെ ഇല്ലാതാക്കി. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിൽ ഉഷ്ണത്തിന്റെ സ്വഭാവം മാറുന്നു. തീരദേശത്ത് സമുദ്രസാമീപ്യം കാരണം ഈർപ്പം അത്യധികമാണ്. രാത്രികാലങ്ങളിൽ സമുദ്രം താപം പുറത്തുവിടുന്നതിനാൽ തണുപ്പ് അനുഭവപ്പെടാത്ത അത്യുഷ്ണ രാവുകൾ (ട്രോപ്പിക്കൽ നൈറ്റുകൾ) വർദ്ധിക്കുന്നു. കടലും കരയും തമ്മിലുള്ള താപനിലയിലെ വ്യത്യാസം കുറവായതുകൊണ്ട് കാറ്റിന്റെ അഭാവവും കാണുന്നു.
വെറ്റ് ബൾബ് താപനില
കേരളംപോലെ ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിൽ ഹീറ്റ് ഇൻഡക്‌സിനേക്കാൾ ഉപരിയായി വെറ്റ് ബൾബ് താപനിലയാണ് ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും നിർണയകമായ അളവുകോലായി കണക്കാക്കേണ്ടത്. വിയർപ്പ് ബാഷ്പീകരിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാനുള്ള പ്രകൃതിദത്തമായ കഴിവിന്റെ പരിധിയാണ് വെറ്റ് ബൾബ് താപനില. ഹീറ്റ് ഇൻഡക്‌സ് (അനുഭവിക്കുന്ന താപം) നമുക്ക് എത്രത്തോളം അസ്വസ്ഥതയുണ്ട് എന്നുപറയുമ്പോൾ, വെറ്റ് ബൾബ് താപനില നമ്മോട് പറയുന്നത് ആ കാലാവസ്ഥയിൽ മനുഷ്യശരീരത്തിന് അതിജീവിക്കാൻ കഴിയുമോ ഇല്ലയോ എന്നാണ്.
കേരളത്തിൽ പലപ്പോഴും അന്തരീക്ഷ ഈർപ്പം 70മുതൽ 90%വരെ ഉയരാറുണ്ട്. ഇക്കുറി തീരദേശനഗരങ്ങളിൽ, പ്രത്യേകിച്ച് എറണാകുളം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ വെറ്റ് ബൾബ് താപനില 30.5 ഡിഗ്രിവരെ രേഖപ്പെടുത്തി. ഇത് അപകടകരമായ അളവാണ്. അല്പംകൂടി ഉയർന്നാൽ ശാരീരിക ആഘാതം നല്ല ആരോഗ്യമുള്ളവർക്കുപോലും അനുഭപ്പെടുന്ന കാലഘട്ടം. രോഗികൾ, പ്രായം ചെന്നവർ തുടങ്ങിയവർക്ക് ഹാനിയുളവാക്കുന്ന അന്തരീക്ഷസ്ഥിതിയാണിത്. വായുവിൽ ഈർപ്പം അമിതമാകുമ്പോൾ വിയർപ്പ് ഇല്ലാതാകുകയും ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ശരീരത്തിൽ വഴുവഴുപ്പും ഒട്ടിപ്പിടിക്കുന്ന അനുഭവവും ഇതിന്റെ സൂചനയാണ്. വെറ്റ് ബൾബ് താപനില 35°C കടന്നാൽ, എത്ര ആരോഗ്യവാനായ മനുഷ്യനും ഏതാനും മണിക്കൂറുകൾക്കുള്ളിൽ
മരണപ്പെട്ടേക്കാം.
മഴക്കുറവിനു കാരണം
2026ലെ ചൂടിനുപിന്നിൽ പ്രധാനമായും മൂന്ന് ആഗോളഘടകങ്ങളുണ്ട്. നിലവിൽ പസഫിക് മഹാസമുദ്രത്തിന്റെ കിഴക്കേ മേഖലയിൽ താപമേറുന്ന പ്രതിഭാസമായ എൽനിനോ ഇതുവരെ രൂപപ്പെട്ടില്ലെങ്കിലും അതിന്റെ സൂചനകൾ അന്തരീക്ഷത്തിലുണ്ട്.മഴക്കുറവിനു കാരണമിതാണ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഈ പ്രതിഭാസം തീവ്രമാകാനുള്ള സാദ്ധ്യതയുണ്ട്. ഇത് തെക്കുപടിഞ്ഞാറൻ മഴയെ ദുർബലമാക്കുകയും മേഘരഹിതമായ ആകാശംവഴി സൂര്യരശ്മികൾ നേരിട്ട് ഭൂമിയിലെത്താൻ കാരണമാവുകയും ചെയ്യുന്നു. ഇത്തവണത്തെ മൺസൂൺ ദുർബലമാകുകയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴ കുറച്ചു സമയത്തിനുള്ളിൽ പെയ്തുതീരുകയും ചെയ്യുന്ന അവസ്ഥയുടെ സൂചനയും കാണുന്നു. പ്രത്യേകിച്ച് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഹേതുവാകുന്ന പ്രതിഭാസമാണിത്.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുകയും ബാക്കി സമയം കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് വരാനിരിക്കുന്ന മൺസൂണിന്റെ പ്രത്യേകതയായിരിക്കും.
താപമകുടം, താപത്തുരുത്ത്
സൂര്യന്റെ പതിനൊന്നു വർഷം കൂടുമ്പോഴുള്ള ചക്രത്തിലെ (സോളാർ സൈക്കിൾ) ഏറ്റവും സജീവമായ ഘട്ടത്തിലാണ് ഇപ്പോൾ. സൗരവികിരണങ്ങളുടെ തീവ്രത ഈ സമയത്ത് നേരിയ തോതിൽപോലും വർദ്ധിക്കുന്നത് അന്തരീക്ഷ താപനത്തെ ബാധിക്കുന്നു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ രൂപപ്പെടുന്ന ഉയർന്ന മർദ്ദം ചൂടുവായുവിനെ ഒരു പുതപ്പുപോലെ ഭൂമിയോട് ചേർത്ത് അമർത്തി നിറുത്തുന്നതിനെയാണ് താപമകുടം (ഹീറ്റ് ഡോം) എന്നുവിളിക്കുന്നത്. കേരളത്തിൽ പ്രാദേശികമായി ഇത്തരം പ്രതിഭാസങ്ങൾ കാണപ്പെടുന്നുണ്ട്. ഇതിനൊപ്പം നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങളും ടാർ റോഡുകളും താപത്തെ ആഗിരണം ചെയ്യുകയും രാത്രിയിൽ പുറത്തുവിടുകയും ചെയ്യുന്ന അർബൻ ഹീറ്റ് ഐലൻഡ് ഇഫക്ട്(താപത്തുരുത്തുകൾ) ചൂടിന്റെ കാഠിന്യം ഇരട്ടിയാക്കുന്നു.
സൂര്യാതപം, സൂര്യാഘാതം
വാഹനങ്ങളിൽനിന്നും നിർമ്മാണ പ്രവർത്തനങ്ങളിൽനിന്നും വ്യവസായങ്ങളിൽനിന്നുമുള്ള പുകയും ധൂളീശകലങ്ങളും അന്തരീക്ഷത്തിൽ ഈർപ്പത്തെ തടഞ്ഞുനിറുത്തുകയും അന്തരീക്ഷത്തിലെ 'ഹേസ്' (ധൂമപടലം) വർദ്ധിപ്പിക്കുകയും ചൂട് പുറത്തേക്ക് പോകുന്നത് തടയുകയും ചെയ്യുന്നു. സൂര്യാതപം (സൺബേൺ) പ്രധാനമായും ചർമ്മത്തിനുണ്ടാകുന്ന പൊള്ളലാണ്. സൂര്യാഘാതമാകട്ടെ (സൺ സ്‌ട്രോക്ക്) മാരകമാണ്. ശരീരത്തിന്റെ താപനില 40°C ന് മുകളിൽ പോവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും.
രാവിലെ 11മുതൽ വൈകിട്ട് 3വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ മാത്രം ധരിക്കുക.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഇളനീർ, സംഭാരം എന്നിവ ഉത്തമം. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക. തൊഴിൽസമയം ക്രമീകരിക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ ആവശ്യത്തിന് വിശ്രമമെടുക്കുക.
പ്രകൃതിയെ വീണ്ടെടുക്കണം
കേരളത്തിന്റെ പരിസ്ഥിതി നാശം ചൂടിന്റെ ആക്കം കൂട്ടുന്നു. വനനശീകരണവും തണ്ണീർത്തടങ്ങളുടെ നികത്തലും നമ്മുടെ സ്വാഭാവിക ശീതീകരണ സംവിധാനങ്ങളെ തകർത്തിരിക്കുന്നു. നാം ഇന്ന് അനുഭവിക്കുന്ന ഈ യാഥാർത്ഥ്യം വലിയൊരു മുന്നറിയിപ്പാണ്. പ്രകൃതിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചില്ലെങ്കിൽ, കേരളം ഒരു ചൂളയായി മാറാൻ അധികകാലം വേണ്ടിവരില്ല.
(ശാസ്ത്ര ഗവേഷകനാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |